യോഗയെ മെഡികെയറിൽ ഉൾപ്പെടുത്തണം: ഫെഡറൽ സർക്കാരിന് നിവേദനവുമായി യോഗാ പരിശീലകർ

യോഗയെ മെഡികെയറിൽ ഉൾപ്പെടുത്തണം: ഫെഡറൽ സർക്കാരിന് നിവേദനവുമായി യോഗാ പരിശീലകർ

ഓസ്‌ട്രേലിയ: യോഗയെ മെഡികെയറിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യോഗാ പരിശീലകരുടെ പ്രതിനിധി സംഘം ഫെഡറൽ സർക്കാരിന് നിവേദനം സമർപ്പിച്ചു. രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ച് ഫെഡറൽ പാർലമെന്റിൽ നടന്ന യോഗാ പരിപാടിക്കിടെയാണ് നിവേദനം നൽകിയത്.

ഇതിന് പുറമെ യോഗ പരിശീലകർക്ക് റിബേറ്റ് നൽകണമെന്നും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യോഗ റിട്രീറ് സെന്ററുകൾ പ്രോത്സാഹിപ്പിക്കണമെന്നും, സ്കൂളുകളിലും തൊഴിലിടങ്ങളിലും യോഗ പരിചയപ്പെടുപ്പെടുത്തണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങളും നിവേദനത്തിൽ അടങ്ങിയിട്ടുണ്ട്. കാൻബറയിലെ ഫെഡറൽ പാർലമെന്റിൽ വച്ച് നടന്ന ഏഴാമത്ത് രാജ്യാന്തര യോഗാ ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിലാണ് യോഗാ പരിശീലകരുടെ പ്രതിനിധി സംഘം നിവേദനം സമർപ്പിച്ചത്.

പരിപാടിയിൽ ഫെഡറൽ മന്ത്രിമാർ, ഇന്ത്യൻ ഹൈ കമ്മീഷൻ അധികൃതർ, മെൽബണിലെയും കാൻബറയിലേയും യോഗ പരിശീലകർ തുടങ്ങിയർ പങ്കെടുത്തു. ഇന്ത്യൻ ഹൈ കമ്മിഷനുമായി ചേർന്ന് വാസുദേവ ക്രിയ യോഗ സംഘടിപ്പിച്ച പരിപാടി, ഓസ്‌ട്രേലിയൻ പാർലമെന്റ് മന്ദിരത്തിന്റെ ഡെയിം ഡൊറോത്തി താംഗ്നെ ആൽക്കോവ് ഹോളിലാണ് നടന്നത്.

രണ്ട് മണിക്കൂർ നീണ്ട പരിപാടിയിൽ അസിസ്റ്റന്റ് മിനിസ്റ്റർ ഫോർ കസ്റ്റംസ്, കമ്മ്യൂണിറ്റി സേഫ്റ്റി, മൾട്ടികൾച്ചറൽ അഫയേഴ്സ് മന്ത്രി ജേസൺ വുഡും, അസിസ്റ്റന്റ് ട്രഷററും ഹൗസിംഗ് മന്ത്രിയുമായ മൈക്കൽ സക്കറും മറ്റുള്ളവർക്കൊപ്പം യോഗാസനങ്ങൾ ചെയ്തു. ലോകത്ത് 190 രാജ്യങ്ങളിലായി ഇപ്പോൾ യോഗാ ദിനം ആഘോഷിക്കുന്നുണ്ടെന്നും, കൂടുതൽ പേരിൽ യോഗയെക്കുറിച്ച് അവബോധം വളർത്താൻ നിരവധി പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ഡെപ്യൂട്ടി ഇന്ത്യൻ ഹൈ കമ്മീഷണർ പി എസ് കാർത്തിഗെയൻ പറഞ്ഞു.

കൊറോണക്കാലത്ത് യോഗയുടെ പ്രസക്തി എടുത്തുപറയേണ്ടതുണ്ടെന്നും പി എസ് കാർത്തിഗേയൻ പറഞ്ഞു. മാത്രമല്ല, അറിവും വിവേകവും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിലാണ് ഇന്ത്യ ഇപ്പോഴും വിശ്വസിക്കുന്നതെന്നും, അതിനാലാണ് 2014ൽ രാജ്യാന്തര യോഗാ ദിനം ആചരിക്കുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഐക്യരാഷ്ട്രസഭയോട് അഭ്യർത്ഥിച്ചതെന്നും പി എസ് കാർത്തിഗേയൻ ചൂണ്ടിക്കാട്ടി.

COMMENTS

Wordpress (0)
Disqus ( )