യുഎഇ – കെഎംസിസി നേതാക്കൾ ഇടപെട്ടു; ഷാർജയിൽ ജയിൽമോചനം സാധ്യമായി രണ്ട് മലയാളികൾ

യു എ ഇയിലെ ഖോർഫുക്കാനിൽ ട്രാവൽ ഏജൻസി നടത്തി വരവേ വൻ സാമ്പത്തിക ബാധ്യതയിൽ അകപ്പെട്ടതിനെ തുടർന്നാണ് ഇവർ ജയിലിലായത്. | With the intervention of UAE-KMCC leaders Two Malayalees will be released from Jail in Sharjah

യുഎഇ – കെഎംസിസി നേതാക്കൾ ഇടപെട്ടു; ഷാർജയിൽ ജയിൽമോചനം സാധ്യമായി രണ്ട് മലയാളികൾ

ദുബൈ: യു എ ഇ – കെ എം സി സി നേതാക്കളുടെ ഇടപെടലിൽ ജയിൽമോചനം സാധ്യമായി മലയാളികൾ. രണ്ടു വർഷമായി ഷാർജ ജയിലിൽ അകപ്പെട്ട രണ്ടു മലയാളികൾക്കാണ് യു എ ഇ കെ എം സി സി നേതാക്കളുടെ ഇടപെടലിൽ ജയിൽമോചനം സാധ്യമാകുന്നത്.

ട്രാവൽ ആൻഡ് ടുറിസം മേഖലയിൽ ബിസിനസ് ചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി ഇസ്സുദ്ധീനും തൃശൂർ സ്വദേശി റാഷിദിനുമാണ് യു എ ഇ കെ എം സി സി പ്രസിഡന്റ് പുത്തൂർ റഹ്മാന്റെയും ജനറൽ സെക്രട്ടറി അൻവർ നഹയുടെയും സാമൂഹ്യ പ്രവർത്തകൻ മുബാറക് അരീക്കാടന്റെയും ഇടപെടലിൽ ജയിൽ മോചിതരാകാൻ വഴി തെളിഞ്ഞത്.

യു എ ഇയിലെ ഖോർഫുക്കാനിൽ ട്രാവൽ ഏജൻസി നടത്തി വരവേ വൻ സാമ്പത്തിക ബാധ്യതയിൽ അകപ്പെട്ടതിനെ തുടർന്നാണ് ഇവർ ജയിലിലായത്. കുടുംബത്തിന്റെ അത്താണിയായിരുന്ന ഇരുവരും ജയിലിൽ അകപ്പെട്ടതോടെ പകച്ചുപോയ ബന്ധുക്കൾ നേതാക്കളെ സമീപിക്കുകയായിരുന്നു.

നേതാക്കൾ ഈ വിഷയത്തിൽ പരിഹാരം തേടി സ്പോൺസറെയും മറ്റ് ബന്ധപ്പെട്ടവരെയും സമീപിച്ച് മോചനത്തിനുള്ള മാർഗം ഒരുക്കുകയായിരുന്നു. ഇരുവരുടെയും കുടുംബത്തിന്റെ നിസഹായാവസ്ഥ മനസ്സിലാക്കിയ കെ എം സി സി നേതാക്കൾ നിരവധി പ്രമുഖരായ സുമനസ്കരുടെ സഹായത്താൽ ആവശ്യമായ തുക ശേഖരിച്ചു കോടതിയിൽ കെട്ടിവെച്ചിട്ടുണ്ട്.

സ്പോൺസറുമായി ഉണ്ടാക്കിയ ഒത്തു തീർപ്പിന്റെ അടിസ്ഥാനത്തിൽ സ്പോൺസർ താൻ നൽകിയ കേസ് പിൻവലിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണ്. ഒന്നു രണ്ട് ദിവസത്തിനകം ഇവർ ജയിലിൽ നിന്നും മോചിതരാവുന്നതോടെ രണ്ട് വർഷത്തോളമായി ദുരിതങ്ങൾ തിന്ന് കഴിയുകയായിരുന്ന കുടുംബത്തിൽ സന്തോഷത്തിന്റെ നാളുകൾ കടന്നെത്തും.

With the intervention of UAE-KMCC leaders Two Malayalees will be released from Jail in Sharjah

COMMENTS

Wordpress (0)
Disqus (0 )