ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ തൊഴിലാളികളുടെ കുറഞ്ഞ വേതന നിരക്കിൽ മാറ്റമുണ്ടായിട്ടില്ല: വി. മുരളീധരൻ
ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് തൊഴിലുമായി ബന്ധപ്പെട്ട് ഈ വർഷം 5642 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി
ന്യൂഡൽഹി. ആറ് ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ തൊഴിലാളികൾക്ക് നിലവിൽ 2019 -20 വർഷത്തെ നിരക്കിൽ തന്നെ കുറഞ്ഞ വേതനം ലഭിക്കുന്നുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാജ്യസഭയിൽ അറിയിച്ചു.
കൊവിഡ് 19 തൊഴിൽ മേഖലകളെ പ്രതിസന്ധിയിലാക്കിയ പത്ത് മാസം തൊഴിലാളികൾക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കാൻ വേതനത്തിൽ ക്രമീകരണങ്ങൾ ആവശ്യമായി വന്നിരുന്നു. എന്നാൽ തൊഴിൽ മേഖലകൾ പൂർവ്വസ്ഥിതിയിലായ സാഹചര്യത്തിൽ ക്രമീകരണങ്ങളുടെ ആവശ്യമില്ലെന്നും മന്ത്രി അറിയിച്ചു. രാജ്യസഭയിൽ എം.വി ശ്രേയാംസ് കുമാർ എം.പി യുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു മന്ത്രി.
ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് തൊഴിലുമായി ബന്ധപ്പെട്ട് ഈ വർഷം 5642 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കുവെയ്റ്റിൽ നിന്നാണ് കൂടുതൽ പരാതി ലഭിച്ചിരിക്കുന്നത്. 2288 പരാതി കുവെയ്റ്റിൽ നിന്ന് ലഭിച്ചു. ഖത്തർ 654, ഒമാൻ 346, സൗദി അറേബ്യ 1126, യു.എ.ഇ 1036 ബഹ്റൈൻ 192 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ തൊഴിലാളികളിൽ നിന്ന് ലഭിച്ച പരാതികൾ.
V Muraleedharan says the minimum wage rate for Indian workers in Gulf countries has not changed