വാക്‌സിനെടുത്തവര്‍ക്ക് ഉംറക്ക് പോവാം; അപേക്ഷ ആഗസ്റ്റ് 9 തിങ്കൾ മുതല്‍
പ്രതിരോധ കുത്തിവയ്പ്പ് എടുത്ത വിദേശികളുടെ ഉംറ തീര്‍ത്ഥാടന അപേക്ഷകള്‍ തിങ്കളാഴ്ച മുതല്‍ സ്വീകരിച്ചുതുടങ്ങുമെന്ന് സൗദി അറേബ്യ അറിയിച്ചു

സൗദി അറേബ്യ: കുത്തിവയ്പ് എടുത്ത വിദേശികള്‍ക്ക് ഉംറ തീര്‍ത്ഥാടനത്തിന് സൗകര്യമൊരുങ്ങുന്നു. പ്രതിരോധ കുത്തിവയ്പ്പ് എടുത്ത വിദേശികളുടെ ഉംറ തീര്‍ത്ഥാടന അപേക്ഷകള്‍ തിങ്കളാഴ്ച മുതല്‍ സ്വീകരിച്ചുതുടങ്ങുമെന്ന് സൗദി അറേബ്യ അറിയിച്ചു. 18 മാസങ്ങള്‍ക്ക് ശേഷമാണ് ഉംറക്ക് വിദേശികള്‍ക്ക് അനുവാദം നല്‍കുന്നത്.
കോവിഡ് പകര്‍ച്ചവ്യാധി മൂലം സൗദി അറേബ്യ വിദേശ തീര്‍ത്ഥാടകര്‍ക്ക് അനുമതി നിഷേധിക്കുകയും അതിര്‍ത്തികള്‍ അടച്ചിടുകയും ചെയ്തിരുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ അപേക്ഷകള്‍ തിങ്കളാഴ്ച മുതല്‍ സ്വീകരിക്കാന്‍ തുടങ്ങുമെന്ന് വിദേശ തീര്‍ത്ഥാടകരെ ഏകോപിപ്പിക്കുന്ന മന്ത്രാലയത്തിലെ അധികാരികളെ ഉദ്ദരിച്ച് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.
തുടക്കത്തില്‍ പ്രതിമാസം 60,000 ഉംറ തീര്‍ഥാടകര്‍ക്കാണ് പെര്‍മിറ്റുകള്‍ അനുവദിക്കുക. തുടര്‍ന്ന് എണ്ണം ക്രമേണ പ്രതിമാസം രണ്ട് ദശലക്ഷമായി ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ തീര്‍ത്ഥാടകര്‍ അവരുടെ ഉംറ അപേക്ഷയോടൊപ്പം അംഗീകൃത കോവിഡ് -19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടുത്തേണ്ടതാണ്. സൗദി അറേബ്യയുടെ നോ എന്‍ട്രി ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സ്ഥാപന ക്വാറന്റൈനില്‍ ഉണ്ടാവും.
പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് സൗദി അറേബ്യ ഉംറ നിര്‍ത്തിവച്ചെങ്കിലും കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രതിരോധ വാക്‌സിന്‍ എടുത്ത തദ്ദേശീയര്‍ക്ക് അനുവാദം നല്‍കിയിരുന്നു. പരിമിതമായി രാജ്യത്തിനകത്തുള്ള ആരാധകര്‍ക്ക് മാത്രമായാണ് ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും ഹജ്ജ് നടന്നത്.
സൗദി അറേബ്യയില്‍ ഏകദേശം 532,000 കൊറോണ വൈറസ് കേസുകളും 8,300 ല്‍ അധികം മരണങ്ങളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോവിഡ് മഹാമാരി രണ്ട് തീര്‍ത്ഥാടനങ്ങളെയും തടസ്സപ്പെടുത്തിയപ്പോള്‍ ഒരു വര്‍ഷം ഏകദേശം 12 ബില്യണ്‍ ഡോളറാണ് സൗദിക്ക് വരുമാനത്തില്‍ നഷ്ടമായത്.
Umrah pilgrimage facilities for foreigners who have been vaccinated