ഖത്തറിലേക്ക് മരുന്നുമായി വരുന്ന പ്രവാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കും വേണ്ടി മരുന്നുകള്‍ കൊണ്ടുവരരുതെന്നും എംബസി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു
ഖത്തറിലേക്ക് മരുന്നുകള്‍ കൊണ്ട് വരുന്ന പ്രവാസികള്‍ അക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. രാജ്യത്ത് നിരോധിച്ചിട്ടില്ലാത്ത മരുന്നുകള്‍ സ്വന്തം ഉപയോഗത്തിന് വേണ്ടി മാത്രമേ കൊണ്ടുവരാന്‍ പാടുള്ളൂ എന്നും സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കും വേണ്ടി മരുന്നുകള്‍ കൊണ്ടുവരരുതെന്നും എംബസി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
അംഗീകൃത ഡോക്ടറുടെയോ ആശുപത്രിയുടെയോ കുറിപ്പടി കൂടി മരുന്നുകള്‍ക്കൊപ്പം നിര്‍ബന്ധമായും കരുതണം. 30 ദിവസത്തേക്ക് ഉപയോഗിക്കുന്നതിനുള്ള മരുന്നുകള്‍ മാത്രമേ കൊണ്ടുവരാന്‍ പാടുള്ളൂ. നര്‍ക്കോട്ടിക്സ്, സൈക്കോട്രോപിക് ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള മരുന്നുകള്‍ ഖത്തറിലേക്ക് കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ട്.
ലിറിക, ട്രമഡോള്‍, അല്‍പ്രസോലം (സനാക്സ്), ഡയസെപാം (വാലിയം), സോലം, ക്ലോനസെപാം, സോള്‍പിഡെം, കൊഡിന്‍, മെത്തഡോണ്‍, പ്രൊഗാബലിന്‍ തുടങ്ങിയ മരുന്നുകള്‍ക്ക് ഖത്തറില്‍ വിലക്കുണ്ട്. ഖത്തറില്‍ കൊണ്ടുവരാന്‍ പാടില്ലാത്ത മരുന്നുകളുടെ പൂര്‍ണ വിവരങ്ങള്‍ ഇവിടെ ലഭിക്കും. നിരോധിത നരുന്നുകള്‍ കൊണ്ടുവരുന്നത് അറസ്റ്റിലേക്കും ജയില്‍ ശിക്ഷയിലേക്കും നയിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Things to watch out for expats coming to Qatar with medicine