പ്രവാസി സംരംഭകന്‍ ആത്മഹത്യയുടെ വക്കില്‍; ഒക്ടോബര്‍ 15 ന് മെഡിക്കല്‍ കോളേജ് ഓഫീസിന് മുന്നില്‍ സത്യാഗ്രഹം
സര്‍ക്കാര്‍ ഏറ്റെടുത്ത ലേഡിസ് ഹോസ്റ്റല്‍ വിട്ടുനല്‍കിയില്ല, പ്രവാസി സംരംഭകന്‍ ആത്മഹത്യയുടെ വക്കിൽ
പരിയാരം: കോവിഡ് ആവശ്യത്തിന് സര്‍ക്കാര്‍ ഏറ്റെടുത്ത ലേഡിസ് ഹോസ്റ്റല്‍ വിട്ടുനല്‍കിയില്ല, പ്രവാസി സംരംഭകന്‍ ആത്മഹത്യയുടെ വക്കിൽ. തന്റെ പ്രശ്‌നം പരിഹരിക്കാത്ത പക്ഷം ഒക്ടോബര്‍ 15-ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന്റെ ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുമെന്ന് പിലാത്തറ ചുമടുതാങ്ങിയിലെ എസ്.പി.അബ്ദുള്‍ഷുക്കൂര്‍ പരിയാരം പ്രസ്‌ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
2018 ഒക്ടോബറിലാണ് ശ്രീസ്ഥറോഡില്‍ ഷുക്കൂര്‍ ഐശ്വര്യ ലേഡിസ് ഹോസ്റ്റല്‍ ആരംഭിച്ചത്. സഹദേവന്‍ എന്നയാളുടെ കെട്ടിടത്തിലാണ് 16 മുറികളുള്ള ഹോസ്റ്റല്‍ തുടങ്ങിയത്.
5 വര്‍ഷത്തെ കരാറില്‍ 5 ലക്ഷം രൂപ ഡെപ്പോസിറ്റ് നല്‍കിയിരുന്നു. പ്രതിമാസം 65,000 രൂപയായിരുന്നു വാടക. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് ഇവിടെ താമസിച്ചിരുന്നത്. ഇതിനിടയിലാണ് 2020 ഏപ്രില്‍ 20-ന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കളക്ടര്‍ ഹോസ്റ്റല്‍ ഏറ്റെടുത്തത്. ഹോസ്റ്റല്‍ താക്കോല്‍ ഉള്‍പ്പെടെ പയ്യന്നൂര്‍ തഹസില്‍ദാരെ ഏല്‍പ്പിച്ചു.
തഹസില്‍ദാര്‍ മെഡിക്കല്‍ കോളേജിലെ ശുചീകരണ ജീവനക്കാര്‍ക്ക് ക്വാറന്റീനില്‍ കഴിയാതായി താക്കോല്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് കൈമാറി.
എന്നാല്‍ ഇത്രയും നാളായിട്ടും കെട്ടിടം തിരികെ നല്‍കാന്‍ കളക്ടര്‍ തയ്യാറായിട്ടില്ല. അതിനിടയില്‍ കെട്ടിടത്തിന്റെ ഉടമ സഹദേവന്‍ പൂട്ട് തകര്‍ത്ത് കെട്ടിടം കയ്യടക്കി വാടകക്ക് നല്‍കിയിരിക്കയാണെന്ന് ഷുക്കൂര്‍ പറഞ്ഞു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച 2 മാസത്തെ വാടകയിളവ് ഒഴികെയുള്ള തുക ഏറ്റെടുത്ത കാലയളവിലെ വാടക സര്‍ക്കാര്‍ നല്‍കുന്ന മുറയ്ക്ക് കെട്ടിടം ഉടമക്ക് നല്‍കാന്‍ താന്‍ തയ്യാറാണെന്ന് ഷുക്കൂര്‍ പറയുന്നു. ഹോസ്റ്റലില്‍ 10 ലക്ഷം രൂപ മുടക്കി ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ സജ്ജീകരിച്ചത് താനാണെന്നും 15 ലക്ഷം രൂപയാണ് അഡ്വാന്‍സ് ഉള്‍പ്പെടെ ഇവിടെ ചെലവഴിച്ചതെന്നും ഷുക്കൂര്‍ പറഞ്ഞു.
ഇതിനിടെ സര്‍ക്കാറില്‍ നിന്നും വാടകയിനത്തില്‍ ലഭിച്ച തുകയില്‍ 1,75,000 രൂപയും കെട്ടിട ഉടമക്ക് നല്‍കിയിരുന്നു. ഇപ്പോള്‍ അനധികൃതമായി കെട്ടിടം കയ്യടക്കിയ ഉടമക്കെതിരെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പരിയാരം പോലീസില്‍ പരാതി നല്‍കിയിട്ടും നടപടികള്‍ സ്വീകരിച്ചിട്ടില്ല.
കളക്ടര്‍ ഇടപെട്ട് വാടക കുടിശിക നല്‍കുകയും താക്കോല്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്യാത്ത പക്ഷം തനിക്ക് മുന്നില്‍ ആത്മഹത്യ മാത്രമേ പോംവഴിയുള്ളൂവെന്നും, ഒക്ടോബര്‍ 15 മുതല്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസിന് മുന്നില്‍ സത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചിരിക്കയാണെന്നും ഇദ്ദേഹം അറിയിച്ചു. എല്ലാ വിവരങ്ങളും വ്യക്തമാക്കി ഇന്ന് (ഒക്ടോബര്‍-2) പരിയാരം പോലിസില്‍ പരാതി നല്‍കിയതായും അബ്ദുള്‍ ഷുക്കൂര്‍ അറിയിച്ചു.
The expatriate entrepreneur will start strike on October 15 in front of the Medical College office