UAE-യിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത; 2022-ൽ ശമ്പള വർധനയെന്ന് സർവേ
ജീവനക്കാരുടെ വേതനത്തിൽ അടുത്ത വർഷത്തോടെ നാലുശതമാനം വരെ വർധനയാണ് പ്രതീക്ഷിക്കപ്പെടുന്നത്
യു.എ.ഇ.യിൽ അടുത്തവർഷത്തോടെ ജീവനക്കാർക്ക് ശമ്പളവർധന നൽകുന്നതിന് തൊഴിലുടമകൾ തയ്യാറാകുന്നതായി സർവേ റിപ്പോർട്ട്. ശമ്പളം മരവിപ്പിക്കുന്ന സാഹചര്യം മറികടന്നുവെന്നും സർവേ സൂചിപ്പിക്കുന്നു. ആഗോളതലത്തിൽ നടത്തിയ സർവേകളിൽ യു.എ.ഇ.യിൽ നിന്ന് 316 കമ്പനികളാണ് പങ്കെടുത്തത്.
കോവിഡ് സാഹചര്യത്തെ യു.എ.ഇ. മറികടക്കുകയും തൊഴിൽമേഖല ശക്തിയാർജിക്കുകയുംചെയ്ത സാഹചര്യത്തിൽ ജീവനക്കാരുടെ വേതനത്തിൽ അടുത്ത വർഷത്തോടെ നാലുശതമാനം വരെ വർധനയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മെഡിക്കൽ, ഫാർമസ്യൂട്ടിക്കൽ, നിർമാണം, ഇൻഷുറൻസ്, ബിസിനസ് കൺസൾട്ടിങ്, ഊർജം, പ്രകൃതിവിഭവങ്ങൾ തുടങ്ങിയ മേഖലകളിൽ ശമ്പള വർധന പ്രതീക്ഷിക്കുന്നുണ്ട്. ഓരോ സ്ഥാപനവും അവരുടെ പ്രവൃത്തിപരിചയമുള്ള ജീവനക്കാരെ പിടിച്ചുനിർത്തുന്നതിന് ഇൻസെന്റീവ് അടക്കമുള്ള പദ്ധതികൾ തയ്യാറാക്കുന്നുണ്ട്.
തൊഴിൽവിപണിയിൽ കൂടുതൽ അവസരങ്ങൾ വന്നുതുടങ്ങിയതോടെയാണ് ജീവനക്കാരെ പിടിച്ചുനിർത്തുന്നതിന് ശ്രമം തുടങ്ങിയിരിക്കുന്നത്. കോവിഡ് കാലയളവിനുമുൻപുള്ള വേതന നിലവാരത്തിലേക്ക് ഇനിയും വന്നിട്ടില്ലെങ്കിലും സ്ഥാപനങ്ങൾ ആ ലക്ഷ്യത്തിലേക്ക് എത്തുന്നതിന് പദ്ധതികൾ വിഭാവനംചെയ്യുന്നു എന്ന പ്രതീക്ഷാനിർഭരമായ സർവേഫലമാണ് പുറത്തുവന്നിരിക്കുന്നത്.
സെയിൽസ്, ടെക്‌നിക്കൽ സ്കിൽഡ് ട്രേഡുകൾ, എൻജിനിയറിങ് എന്നീ മേഖലകളിലേക്ക് കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്യുന്നതായും എച്ച്.ആർ., അക്കൗണ്ട്‌സ് മേഖലകളിലാണ് കുറവ് റിക്രൂട്ട്‌മെന്റ് നടക്കുന്നതെന്നും സർവേ വെളിപ്പെടുത്തുന്നു. ഡിജിറ്റൽ മേഖലയിൽ ഉള്ളവരെ നിലനിർത്തുന്നതിനും കൂടുതലാളുകളെ ജോലിക്ക് എടുക്കുന്നതിനും സ്ഥാപനങ്ങൾ ശ്രമം നടത്തുന്നതായും സൂചനയുണ്ട്.
അതേസമയം യു.എ.ഇ.യുടെ തൊഴിൽമേഖലയിൽ സുപ്രധാനമാറ്റങ്ങൾക്ക് നീക്കംനടക്കുന്നുണ്ട്. അഞ്ചുവർഷംകൊണ്ട് 10 ശതമാനം സ്വദേശിവത്‌കരണത്തിനാണ് യു.എ.ഇ. ലക്ഷ്യമിടുന്നത്. സ്വകാര്യമേഖലയിലെ തൊഴിലുടമകൾ പ്രതിവർഷം രണ്ടുശതമാനം എന്ന തോതിൽ അഞ്ചുവർഷത്തേക്ക് സ്വദേശി ജീവനക്കാരുടെ എണ്ണം കൂട്ടണമെന്നാണ് നിർദേശം.
Survey reports that employers are preparing to give salary hike in the UAE next year