സൗദി പ്രവാസികള്‍ക്ക് ആശ്വസിക്കാം; ഇഖാമ, റീ എന്‍ട്രി, വിസിറ്റ് വിസ കാലാവധി സൗജന്യമായി നീട്ടി

യാത്രാ വിലക്ക് പ്രഖ്യാപിച്ച രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് തിരിച്ചെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികളുടെ രേഖകളാണ് പുതുക്കുക

സൗദി പ്രവാസികള്‍ക്ക് ആശ്വസിക്കാം; ഇഖാമ, റീ എന്‍ട്രി, വിസിറ്റ് വിസ കാലാവധി സൗജന്യമായി നീട്ടി

ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യക്കാരായ പ്രവാസികളുടെ ഇഖാമ, റീ എന്‍ട്രി, വിസിറ്റ് വിസ എന്നിവയുടെ കാലാവധി സൗജന്യമായി നീട്ടാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. വിദേശത്തുള്ളവരുടെ ഇഖാമയും റീ എന്‍ട്രിയും സെപ്തംബര്‍ 30 വരെ നീട്ടി നല്‍കുന്ന പ്രക്രിയക്ക് തുടക്കം കുറിച്ചതായി ജവാസാത്ത് ഡയറക്ടറേറ്റും അറിയിച്ചു.

ഇന്ത്യയടക്കം പ്രവേശന നിരോധനമുള്ള രാജ്യങ്ങളില്‍ കുടുങ്ങിയ സൗദി പ്രവാസികളുടെ ഇഖാമയും റീ എന്‍ട്രിയും സെപ്തംബര്‍ 30 വരെ നീട്ടി നല്‍കണമെന്ന് സല്‍മാന്‍ രാജാവ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരമുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. ഇതിനായി ആരും ജവാസാത്ത് ഓഫീസുകളെ സമീപിക്കേണ്ടതില്ലെന്നും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച് ഓട്ടോമാറ്റിക് ആയി പുതുക്കുമെന്നും ജവാസാത്ത് അറിയിച്ചു.

സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ ഉത്തരവ് പ്രകാരം നേരത്തെ രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടിനൽകിയിരുന്നു. പിന്നീട് രേഖകളുടെ കാലാവധി ആഗസ്റ്റ് 31 വരെ നീട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആരുടേയും രേഖകൾ പുതുക്കി നൽകിയിരുന്നില്ല. ഇതാണിപ്പോൾ അടുത്ത മാസം അവസാനം വരെ വീണ്ടും നീട്ടിയിരിക്കുന്നത്.

യാത്രാ വിലക്ക് പ്രഖ്യാപിച്ച രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് തിരിച്ചെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികളുടെ രേഖകളാണ് പുതുക്കുക. ഇവിടങ്ങളിലുള്ള സൗദി പ്രവാസികളുടെ കാലാവധി കഴിഞ്ഞ ഇഖാമ, എക്സിറ്റ് റീ-എൻട്രി വിസ, സന്ദർശക വിസയിൽ സൗദിയിലേക്ക് വരാനായി കാത്തിരിക്കുകയും നിലവിൽ അത്തരം സന്ദർശക വിസകളുടെ കാലാവധി അവസാനിക്കുകയും ചെയ്തവരുടെ വിസാ കാലാവധി എന്നിവയാണ് സൗജന്യമായി പുതുക്കുക.

Saudi to extend the expiration of Iqama re-entry and visit visa for expatriates

COMMENTS

Wordpress (0)
Disqus ( )