Qatar | പൊതു സ്വകാര്യ സ്‌കൂളുകളില്‍ 50 ശതമാനം ഹാജറില്‍ പഠനം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

സ്‌കൂളുകളില്‍ ഒരു ക്ലാസിലെ കുട്ടികളുടെ എണ്ണം 15 മാത്രമായിരിക്കണം. കൂടാതെ വിദ്യാര്‍ഥികള്‍ക്കിടയില്‍ 1.5 മീറ്ററിന്റെ അകലം ഉറപ്പാക്കണം

Qatar | പൊതു സ്വകാര്യ സ്‌കൂളുകളില്‍ 50 ശതമാനം ഹാജറില്‍ പഠനം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Qatar | ഖത്തറിലെ പൊതു സ്വകാര്യ സ്‌കൂളുകളില്‍ 50ശതമാനം ഹാജറില്‍ മിശ്ര പഠനരീതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അവധിക്കുശേഷം ഓഗസ്റ്റ് 29നാണ് സ്‌കൂളുകള്‍ തുറക്കുക. 2021- 2022 അധ്യയന വര്‍ഷത്തില്‍ ഖത്തറിലെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളിലെയും കിന്റര്‍ഗാര്‍ട്ടനുകളിലെയും കെട്ടിടങ്ങളുടെ ശേഷിയുടെ 50% ശരാശരി ഹാജര്‍ നിരക്കില്‍ മിശ്രപഠന രീതി നടപ്പാക്കാന്‍ തീരുമാനിച്ചതായി മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി.

സ്‌കൂളുകളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണം. ക്ലാസ്‌റൂമുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം 15 ആയി പരിമിതപ്പെടുത്തണം. ഓരോ വിദ്യാര്‍ഥിക്കുമിടയില്‍ 1.5 മീറ്റര്‍ അകലം ഉറപ്പാക്കണം. പ്രൈമറിതലത്തിലെ ഒന്നാം ക്ലാസ് മുതല്‍ എല്ലാ ക്ലാസുകളിലെയും വിദ്യാര്‍ഥികള്‍ മാസ്‌ക്ക് ധരിച്ചിരിക്കണം. സ്‌കൂള്‍ ബസുകളില്‍ ശേഷിയുടെ 50ശതമാനം പേരെ മാത്രമായിരിക്കണം പ്രവേശിപ്പിക്കേണ്ടത്. ക്ലാസ്‌റൂമില്‍ ബബിള്‍ സംവിധാനം തുടരണം.

തിരക്ക് ഒഴിവാക്കാന്‍ വിദ്യാര്‍ഥികളുടെ പ്രവേശനവും പുറത്തേക്കുള്ള പോക്കും ക്രമീകരിക്കണം. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം സ്‌കൂളുകളിലെത്തി പഠനം തുടരാന്‍ സാധിക്കാത്തവിധം രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഹാജര്‍ ഒഴിവാക്കും. അവര്‍ വിദൂരവിദ്യാഭ്യാസം തുടരണം.

ഇത്തരത്തില്‍ ഹാജരില്‍ നിന്നും ഒഴിവാക്കപ്പെടുന്നവര്‍ പൊതുജനാരോഗ്യമന്ത്രാലയം അംഗീകരിച്ച സമീപകാല മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സ്‌കൂളുകളില്‍ ഇടവേളകളില്‍ പുറത്തുപോകുന്നതിന് വിലക്കുണ്ട്. വിദ്യാര്‍ഥികള്‍ ക്ലാസ്‌റൂമിനുള്ളിലിരുന്നായിരിക്കണം അവരവരുടെ ഭക്ഷണം കഴിക്കേണ്ടത്.

പ്രഭാത അസംബ്ലി, ഉല്ലാസയാത്രകള്‍, ക്യാമ്പുകള്‍, ആഘോഷങ്ങള്‍ എന്നിവ പോലുള്ള ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയില്ല. വിര്‍ച്വല്‍ രീതിയില്‍ നടത്താം.വിദ്യാര്‍ഥികള്‍ എല്ലാ സെന്‍ട്രല്‍, സെമസ്റ്റര്‍ പരീക്ഷകളും സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ എഴുതണം. വളരെ കുറച്ചുമാത്രം വിദ്യാര്‍ഥികള്‍ ഉള്ള സ്‌കൂളുകളില്‍ നൂറുശതമാനം ഹാജര്‍ അനുവദനീയമാണ്.

അതേസമയം ഈ സ്‌കൂളുകളില്‍ ഒരു ക്ലാസിലെ കുട്ടികളുടെ എണ്ണം 15 മാത്രമായിരിക്കണം. കൂടാതെ വിദ്യാര്‍ഥികള്‍ക്കിടയില്‍ 1.5 മീറ്ററിന്റെ അകലം ഉറപ്പാക്കണം. രാജ്യത്തെ എല്ലാ പൊതു സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും 94ശതമാനം വിദ്യാഭ്യാസ, ഭരണനിര്‍വഹണ ജീവനക്കാര്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. എങ്കിലും എല്ലാവരും മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍, സ്‌പെഷ്യലൈസ്ഡ് സ്‌കൂളുകള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌കൂളുകള്‍, സ്വകാര്യ സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍ എന്നിവയിലെ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്ത അധ്യാപകരും ജീവനക്കാരും പ്രതിവാരം കോവിഡ് റാപ്പിഡ് ആന്റിജന്‍ പരിശോധനക്ക് വിധേയരാകണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു

Qatar Ministry of Education says learning will continue in 50 percent attendance at public and private schools

COMMENTS

Wordpress (0)
Disqus ( )