Qatar | കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി ഖത്തർ; ഭേദഗതികൾ നാളെ മുതൽ പ്രാബല്യത്തിൽ

Qatar | മൂന്നാം ഘട്ട കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളിൽ മന്ത്രിസഭ വരുത്തിയ ഭേദഗതികൾ നാളെ മുതൽ പ്രാബല്യത്തിലാകും

Qatar | കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി ഖത്തർ; ഭേദഗതികൾ നാളെ മുതൽ പ്രാബല്യത്തിൽ

Qatar | മൂന്നാം ഘട്ട കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളിൽ മന്ത്രിസഭ വരുത്തിയ ഭേദഗതികൾ നാളെ മുതൽ പ്രാബല്യത്തിലാകും. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളിൽ ഭേദഗതി വരുത്തിയത്.

ഖത്തറിലെ പള്ളികളിൽ നാളെ മുതൽ എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കും പ്രവേശിക്കാം, പൊതുസ്ഥലങ്ങളിൽ കൂടുതൽ പേർക്ക് ഒത്തുകൂടാം. ഈ മാസം മുതൽ ഇളവുകളുടെ നാലാം ഘട്ടം പ്രഖ്യാപിച്ചിരുന്നെങ്കിലും നിലവിലെ കോവിഡ് പ്രതിദിന പോസിറ്റീവ് സംഖ്യയിലെ വർധനയെ തുടർന്ന് മൂന്നാം ഘട്ടം തുടരാൻ തീരുമാനിക്കുകയായിരുന്നു.

  • സർക്കാർ, സ്വകാര്യ മേഖലയിൽ വാക്സിനെടുക്കാത്ത ജീവനക്കാർക്ക് പ്രതിവാര റാപ്പിഡ് ആന്റിജൻ പരിശോധന തുടരും. സർക്കാർ, സ്വകാര്യ മേഖലകളിൽ 80 ശതമാനം ജീവനക്കാർ ഓഫിസിലെത്തി ജോലി ചെയ്യണം. 20 ശതമാനം പേർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. ഓഫിസ് യോഗങ്ങളിൽ പരമാവധി 15 പേർക്ക് പങ്കെടുക്കാം. പതിനഞ്ചിൽ 10 പേർ വാക്സിനേഷൻ പൂർത്തിയാക്കിയവരാകണം.
  • സ്വകാര്യ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങൾക്ക് പൂർണതോതിൽ പ്രവർത്തിക്കാം. എല്ലാ ജീവനക്കാരും വാക്‌സീൻ എടുത്തിരിക്കണം
  • വീടിനു പുറത്തിറങ്ങുന്ന സ്വദേശി, പ്രവാസികൾ ഫെയ്സ് മാസ്‌ക് ധരിക്കണം. ഫോണിൽ ഇഹ്തെറാസ് ആക്ടിവേറ്റായിരിക്കണം.
  • പള്ളികളിൽ എല്ലാ പ്രായത്തിലുമുളള കുട്ടികൾക്കും പ്രവേശനം അനുവദിച്ചു. പ്രതിദിന പ്രാർത്ഥനകളും വെളളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരവും തുടരും. എന്നാൽ അംഗശുദ്ധി വരുത്തുന്നയിടങ്ങളും ബാത്ത്റൂമുകളും അടഞ്ഞു തന്നെ കിടക്കും.
  • വീടുകളിലും മസ്ജിദുകളിലും 15 പേർക്ക് ഒത്തുചേരാം. ഇവരിൽ അഞ്ചു പേർ വാക്സിനേഷൻ പൂർത്തിയാക്കിയവരാകണം. പുറത്ത് 35 പേർക്ക് ഒത്തുചേരാം. ഇവരിൽ 10 പേർ മാത്രമേ വാക്സിനെടുക്കാത്ത അല്ലെങ്കിൽ വാക്സിനേഷൻ പൂർത്തിയാക്കാത്തവർ പാടുളളു.
  • ഹോട്ടലുകളിലും ഹാളുകളിലും നടത്തുന്ന വിവാഹങ്ങളിൽ 80 പേരിൽ കൂടാൻ പാടില്ല. ഇവരിൽ വാക്‌സിനെടുക്കാത്ത അല്ലെങ്കിൽ വാക്‌സിനേഷൻ പൂർത്തിയാക്കാത്തവരായി 10 പേർ മാത്രമേ പാടുള്ളു.പബ്ലിക് പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ പരമാവധി 20 പേർക്കും ഒരേ കുടുംബത്തിലെ അംഗങ്ങൾക്കും ഒത്തുകൂടാം. പാർക്കുകളിലെ കളിക്കളങ്ങളും വ്യായാമത്തിനുള്ള ഉപകരണങ്ങളും പ്രവർത്തിക്കും. ഇവിടങ്ങളിൽ നടത്തം, ഓട്ടം, സൈക്കിൾ സവാരി എന്നിവയും ആകാം. സ്വകാര്യ ബീച്ചുകൾക്ക് 50 ശതമാനം ശേഷിയിൽ തുടരാം
  • വാഹനങ്ങളിൽ ഒരേ കുടുംബത്തിലെ അംഗങ്ങൾ ഒഴികെ ഡ്രൈവർ ഉൾപ്പെടെ നാലു പേരിൽ കൂടാൻ പാടില്ല. ബസുകളിൽ സീറ്റിന്റെ പകുതി എണ്ണം യാത്രക്കാരെ പാടുളളു. യാത്രക്കാർ കോവിഡ് മുൻകരുതലും പാലിക്കണം.
  • ദോഹ മെട്രോയ്ക്കും കർവ ബസുകൾക്കും വാരാന്ത്യങ്ങളിലുൾപ്പെടെ 50 ശതമാനം ശേഷിയിൽ സർവീസ് നടത്താം. യാത്രയിൽ ഭക്ഷണ പാനീയങ്ങൾ അനുവദിക്കില്ല. മെട്രോ, ബസ് സ്‌റ്റേഷനുകളിൽ പുകവലിക്കുന്ന ഇടങ്ങളും തുറക്കില്ല.
  • ഡ്രൈവിങ് സ്‌കൂളുകൾക്ക് 50 ശതമാനം ശേഷിയിൽ തുടരാം. എല്ലാ പരിശീലകരും വാക്‌സിനെടുത്തിരിക്കണം.
  • സിനിമ തിയേറ്ററുകളിൽ 30 ശതമാനം ശേഷിയിൽ തുടരാം. കാണികളിൽ 75 ശതമാനം പേരും വാക്സിനെടുത്തവരാകണം. കുട്ടികൾക്ക് പ്രവേശിക്കാം. വാക്‌സിനെടുക്കാത്ത 25 ശതമാനത്തിൽ ആയിരിക്കണം കുട്ടികളെയും ഉൾപ്പെടുത്താൻ.
  • വിദ്യാഭ്യാസ കേന്ദ്രങ്ങൾ, സ്വകാര്യ പരിശീലന കേന്ദ്രങ്ങൾ, നഴ്‌സറികൾ എന്നിവയ്ക്ക് 50 ശതമാനം ശേഷിയിൽ തുടരാം. ഭിന്നശേഷിക്കാർക്കുള്ള കേന്ദ്രങ്ങളിൽ ഒരു സെഷനിൽ അഞ്ചിൽ കൂടുതൽ വിദ്യാർഥികൾ പാടില്ല. എല്ലാ കേന്ദ്രങ്ങളിലെയും നഴ്‌സറികളിലെയും ജീവനക്കാരെല്ലാം വാക്‌സീൻ എടുത്തിരിക്കണം.മ്യൂസിയങ്ങൾക്കും പബ്ലിക് ലൈബ്രറികൾക്കും 75 ശതമാനം ശേഷിയിൽ തുടരാം.
  • പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രാദേശിക, രാജ്യാന്തര ടൂർണമെന്റുകൾ അനുവദിക്കും. ഔട്ട്ഡോറിൽ 50 ശതമാനത്തിൽ കൂടുതൽ കാണികൾ പാടില്ല. ഇവരിൽ 75 ശതമാനം പേരും വാക്സിനെടുത്തവരാകണം. വാക്‌സിനെടുക്കാത്ത അല്ലെങ്കിൽ വാക്‌സിനേഷൻ പൂർത്തിയാക്കാത്ത കാണികൾക്ക് മത്സരത്തിന് 24 മണിക്കൂർ മുൻപ് റാപ്പിഡ് ആന്റിജൻ പരിശോധന നടത്തണം. ഇൻഡോറിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയ 30 ശതമാനം കാണികൾ ആകാം.
  • പ്രഫഷനൽ കായിക പരിശീലനങ്ങൾക്ക് അനുമതി. അമച്വർ പരിശീലനങ്ങളിൽ ഔട്ട്ഡോറിൽ വാക്‌സിനെടുത്ത 35 പേർക്കും ഇൻഡോറിൽ 15 പേർക്കും പരിശീലനം നടത്താം. കാണികളെ അനുവദിക്കില്ല.
  • പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രദർശനങ്ങൾ, ഇവന്റുകൾ എന്നിവ 50 ശതമാനം ശേഷിയിൽ നടത്താം.
  • ഷോപ്പിങ് മാളുകൾക്ക് 50 ശതമാനം ശേഷയിൽ തുടരാം. കുട്ടികൾക്ക് പ്രവേശിക്കാം. മാളുകളിലെ ഫുഡ് കോർട്ടുകൾ, പ്രാർഥനാ ഹാളുകൾ, വസത്രങ്ങൾ മാറുന്ന മുറികൾ എന്നിവയ്ക്ക് 30 ശതമാനം ശേഷിയിൽ തുറക്കാം.
  • ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റുള്ള റസ്റ്ററന്റുകൾക്ക് ഇൻഡോറിലും ഔട്ട്ഡോറിലും 50 ശതമാനം ശേഷിയിലും മറ്റുളളവയ്ക്ക് ഔട്ട്ഡോറിൽ 30 ശതമാനവും ഇൻഡോറിൽ 20 ശതമാനം ശേഷിയിലും തുടരാം. ഉപഭോക്താക്കളിൽ 75 ശതമാനം പേരും വാക്സിനെടുത്തവരാകണം. കുടുംബങ്ങൾക്കൊപ്പമെത്തുന്ന കുട്ടികൾക്ക് മാത്രമേ പ്രവേശനം പാടുള്ളു.
  • വാടകയ്ക്ക് നൽകുന്ന ബോട്ടുകൾ, നൗകകൾ എന്നിവിടങ്ങളിലെ ജീവനക്കാരെല്ലാം വാക്‌സീൻ എടുത്തവരായിരിക്കണം. 50 ശതമാനം ശേഷിയിൽ സർവീസ് നടത്താം. യാത്രക്കാരിൽ വാക്‌സീനെടുത്ത പരമാവധി 25 പേരും വാക്‌സിനെടുക്കാത്ത അല്ലെങ്കിൽ വാക്‌സിനേഷൻ പൂർത്തിയാക്കാത്ത മൂന്നു പേരും മാത്രമേ പാടുള്ളു.
  • സൂഖുകൾ, ഹോൾസെയിൽ മാർക്കറ്റുകൾ എന്നിവയ്ക്ക് 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. കുട്ടികൾക്കും പ്രവേശിക്കാം.
  • ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സലൂണുകൾ എന്നിവയ്ക്ക് 50 ശതമാനം ശേഷിയിൽ തുടരാം. ജീവനക്കാരെല്ലാം വാക്സിനെടുത്തവരാകണം. ഒരേ സമയം ഒന്നിൽ കൂടുതൽ കുട്ടികൾക്ക് സേവനം നൽകാൻ പാടില്ല. വാക്‌സിനെടുക്കാത്ത ഉപഭോക്താക്കളെയും പ്രവേശിപ്പിക്കരുത്.
  • നീന്തൽ കുളങ്ങൾ, വാട്ടർ പാർക്കുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയ്ക്ക് 50 ശതമാനം ശേഷിയിൽ ഔട്ട്ഡോറിലും 30 ശതമാനം ശേഷിയിൽ ഇൻഡോറിലും പ്രവർത്തിക്കാം. സന്ദർശകരിൽ 75ശതമാനം പേരും വാക്സിനേഷൻ പൂർത്തിയാക്കിയവരാകണം. വാക്‌സിനെടുക്കാത്ത അല്ലെങ്കിൽ വാക്‌സിനേഷൻ പൂർത്തിയാക്കാത്ത 25 ശതമാനത്തിലായിരിക്കണം കുട്ടികളെയും ഉൾപ്പെടുത്താൻ.
  • ഹെൽത്ത് ക്ലബ്ബുകൾ, സ്പാ, ജിം, മസാജ് സേവനങ്ങൾ, സോന, ജക്കൂസി സേവനങ്ങൾ, മൊറോക്കൻ-തുർക്കിഷ് ബാത്ത് എന്നിവയ്ക്ക് 50 ശതമാനം ശേഷിയിൽ തുടരാം. ജീവനക്കാരും ഉപഭോക്താക്കളും വാക്സിനെടുത്തവരാകണം.
  • ക്ലീനിങ്, ആതിഥേയ മേഖലയിലുള്ള കമ്പനികൾക്ക് പ്രവർത്തന സമയങ്ങളിൽ പൂർണതോതിൽ സേവനം നൽകാം. എന്നാൽ വാക്‌സീൻ എടുത്ത ജീവനക്കാരെ മാത്രമേ ജോലി ഏൽപ്പിക്കാൻ പാടുള്ളു. വീടുകളിൽ സേവനം നൽകുമ്പോഴും വാക്‌സിനെടുത്ത ജീവനക്കാരെ വേണം നിയോഗിക്കാൻ.

Qatar Cabinet relaxes covid regulations

COMMENTS

Wordpress (0)
Disqus ( )