പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ തട്ടിപ്പ്; അറസ്റ്റിലായ പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരി മോൻസന് ഉന്നതബന്ധങ്ങൾ, ബെഹ്റയ്ക്കും സുധാകരനും ഒപ്പമുള്ള ചിത്രങ്ങൾ പുറത്ത്
നടൻ മോഹൻലാലിനൊപ്പം മോൻസൻ മാവുങ്കൽ ഉള്ള ചിത്രങ്ങൾ പുറത്തുവന്നു കഴിഞ്ഞു. | Patron of Pravasi Malayalee Federation Monson Mavunkal have high ties
തിരുവനന്തപുരം: പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രവാസി മലയാളി ഫെഡറേഷന്‍റെ രക്ഷാധികാരി മോൻസൻ മാവുങ്കലിന് ഉന്നതബന്ധങ്ങൾ. ഉന്നത രാഷ്ട്രീയ നേതാക്കളായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും മോൻസന് അടുത്ത ബന്ധമുള്ളതിന്റെ ചിത്രങ്ങൾ പുറത്തു വന്നു. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ മോൻസന് ഒപ്പമുള്ള ചിത്രമാണ് പുറത്തു വന്നതിൽ ഒന്ന്. മോൻസന്റെ കൈവശമുള്ള സിംഹാസനത്തിൽ മുൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇരിക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. കൂടാതെ, നടൻ മോഹൻലാലിനൊപ്പം മോൻസൻ മാവുങ്കൽ ഉള്ള ചിത്രങ്ങൾ പുറത്തുവന്നു കഴിഞ്ഞു.
അതേസമയം, മോൻസൻ മാവുങ്കലിന്റെ പശ്ചാത്തലത്തെക്കുറിച്ച് അധികമൊന്നും അറിയില്ലെന്നാണ് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ പറഞ്ഞത്. താൻ പ്രവാസി മലയാളി ഫെഡറേഷന്റെ രക്ഷാധികാരിയെന്നും മോൻസനും അതിന്റെ രക്ഷാധികാരിയാണെന്നും എന്നാൽ, ഒന്നിച്ച് പങ്കെടുത്ത പരിപാടി ഏതെന്ന് ഓർക്കുന്നില്ലെന്നും ജിജി തോംസൺ വ്യക്തമാക്കി.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും മോൻസന് അടുത്ത ബന്ധമാണുള്ളത്. കോടികളുടെ തട്ടിപ്പിന് ഈ ഉന്നത ബന്ധങ്ങളാണ് മോൻസൻ മറയാക്കിയത്. തനിക്ക് എതിരായ കേസ് അട്ടിമറിക്കാനും മോൻസൻ ഈ ഉന്നത ബന്ധങ്ങൾ ഉപയോഗിച്ചു. മോൻസൻ മാവുങ്കലിന് എതിരെ ഒരു ബിസിനസ് ഗ്രൂപ്പ് ആറു കോടിയുടെ തട്ടിപ്പ് കേസ് നൽകിയിരുന്നു. ഇത് ആലപ്പുഴ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെ എ ഐ ജിക്കായി ഐജി ലക്ഷ്മണ മെയിൽ അയച്ചിരുന്നു.
ഇതിനു പിന്നാലെ ഡി ജി പി ലോക്നാഥ് ബെഹ്റ അന്വേഷണം ചേർത്തല സിഐയ്ക്ക് നൽകി ഉത്തരവിറക്കി.
മോൻസൻ മാവുങ്കൽ ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഇത്. എന്നാൽ, ഈ നീക്കം തടയപ്പെട്ടു. പണം നഷ്ടപ്പെട്ടവരുടെ എതിർപ്പും ഇന്റലിജൻസ് റിപ്പോർട്ടും പരിഗണിച്ച് ആയിരുന്നു ഈ നീക്കം തടയപ്പെട്ടത്. മോൻസൻ മാവുങ്കലിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ ചേർത്തലയിലെ ഈ സി ഐ പങ്കെടുക്കുന്ന ഫോട്ടോ പുറത്തു വന്നിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്യുന്നതിനു തൊട്ടു മുമ്പായിരുന്നു ഇത്.
Patron of Pravasi Malayalee Federation Monson Mavunkal have high ties