ചിത്രങ്ങളും വീഡിയോകളുമായി കെണിയൊരുക്കി ‘ഹണി ട്രാപ്പ്’; ജാഗ്രത പാലിക്കണമെന്ന് ഒമാൻ പോലീസ്

തട്ടിപ്പുകാരുടെ കെണിയില്‍ വീഴരുതെന്ന് ഒമാന്‍ റോയല്‍ പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

ചിത്രങ്ങളും വീഡിയോകളുമായി കെണിയൊരുക്കി ‘ഹണി ട്രാപ്പ്’; ജാഗ്രത പാലിക്കണമെന്ന് ഒമാൻ പോലീസ്

മസ്‌ക്കറ്റ് : ഒമാനില്‍ ഹണി ട്രാപ്പ് തട്ടിപ്പിലൂടെ ആളുകളില്‍ നിന്ന് വന്‍ തുക തട്ടിയെടുക്കുന്ന മാഫിയ വ്യാപകമെന്ന് പോലീസ്. ഇത്തരം തട്ടിപ്പുകാരുടെ കെണിയില്‍ വീഴരുതെന്ന് ഒമാന്‍ റോയല്‍ പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

വാട്ട്‌സ് ആപ്പിലൂടെയും മറ്റും യുവതികൾ വന്ന് സന്ദേശങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും ആകർഷിക്കുന്നതാണ് തട്ടിപ്പിന്‍റെ തുടക്കം. ബന്ധം കൂടുതല്‍ ശക്തമാകുന്നതോടെ പരസ്പരം ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുകയും ചെയ്യും. ഈ ഘട്ടത്തില്‍ യുവതിയുടെ രക്ഷിതാവെന്നോ സഹോദരനെന്നോ ബന്ധുവെന്നോ ഉള്ള വ്യാജേന ഒരു പുരുഷന്‍ രംഗത്തേക്ക് എത്തും.

വ്യക്തിയുമായി ബന്ധം പുലര്‍ത്തിയിരുന്ന യുവതിയുടെ രഹസ്യ ബന്ധം ഭര്‍ത്താവോ സഹോദരനോ കണ്ടെത്തിയെന്നും അതേത്തുടര്‍ന്ന് അവര്‍ കൊല്ലപ്പെടുകയോ മാരകമായി പരിക്കേല്‍പ്പിക്കപ്പെടുകയോ ചെയ്തുവെന്നുമായിരിക്കും പിന്നീട് ലഭിക്കുന്ന സന്ദേശം. അതിനുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും അവര്‍ ഹാജരാക്കും.

അതോടൊപ്പം തട്ടിപ്പ് സംഘത്തിലെ മറ്റൊരാള്‍ എംബസി ഉദ്യോഗസ്ഥനെന്ന വ്യാജേന വ്യക്തിയുമായി ബന്ധപ്പെടും. വ്യക്തിക്കെതിരേ യുവതിയുടെ ബന്ധുവിന്റെ പരാതി ലഭിച്ചുണ്ടെന്ന് പറഞ്ഞാണ് വ്യാജ ഉദ്യോഗസ്ഥന്‍ രംഗത്തെത്തുക.
വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനായി പരാതിയുടെ വ്യാജ കോപ്പിയും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമെല്ലാം ഇയാള്‍ നല്‍കും.

യുവതിക്കുണ്ടായ ദുരന്തത്തിന് കാരണം താനാണെന്നും നിയമക്കുരുക്കില്‍ കുടുങ്ങാന്‍ പോവുകയാണെന്നും തിരിച്ചറിയുന്ന വ്യക്തിയില്‍ നിന്ന് നിയമനടപടിയും ഒഴിവാക്കാന്‍ വന്‍ തുക തട്ടിയെടുക്കുന്നതാണ് സംഘത്തിന്‍റെ രീതി.

നാണക്കേടും നിയമക്കുരുക്കില്‍ പെട്ടാലുണ്ടാവുന്ന അറസ്റ്റ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും അതുവഴിയുണ്ടാവുന്ന ഭീമമായ സാമ്പത്തികച്ചെലവുമെല്ലാം ആലോചിക്കുന്ന വ്യക്തി ഇവര്‍ ആവശ്യപ്പെടുന്ന തുക നല്‍കുകയും ചെയ്യും. ഇത്തരം തട്ടിപ്പുകള്‍ ഒമാനിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഒമാന്‍ റോയല്‍ പോലീസ് അറിയിച്ചു.

പലരും നാണക്കേട് ഭയന്ന് തട്ടിപ്പിന്റെ കാര്യം പുറത്തു പറയുന്നുമില്ല. ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍ നിരവധിയുണ്ടാകുമെന്നാണ് പോലിസിന്‍റെ വിലയിരുത്തല്‍. ഇത്തരം തട്ടിപ്പിനെ കുറിച്ച് അറിയുന്നവര്‍ ഉടന്‍ തന്നെ ജനറല്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടണം. പരാതികള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പോലിസ് അറിയിച്ചു. ടോള്‍ ഫ്രീ നമ്പറായ 80077444ലോ ecocrime@rop.gov.om എന്ന ഇമെയിലിലോ പോലിസിനെ ബന്ധപ്പെടാം.

Oman Police has issued a vigilance order not to fall into honey trap

COMMENTS

Wordpress (0)
Disqus (0 )