രണ്ടു വർഷത്തിനു ശേഷം ഷാർജയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി കുഴഞ്ഞുവീണു മരിച്ചു
കരിപ്പൂർ വിമാനത്താവളത്തിൽ കുഴഞ്ഞുവീണാണ് വെട്ടം പടിയം പരേതനായ വെട്ടത്തിങ്കര അപ്പുവിന്റെ മകൻ വിനോജ് (38) മരിച്ചത്. | NRI Man Vinoj who reached Kerala after two years for vocation died at Karipur Airport

കരിപ്പൂർ: രണ്ടു വർഷത്തെ പ്രവാസജീവിതത്തിനു ശേഷം അവധിക്കായി ഷാർജയിൽ നിന്ന് നാട്ടിലെത്തിയ യുവാവ് മരിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ കുഴഞ്ഞുവീണാണ് വെട്ടം പടിയം പരേതനായ വെട്ടത്തിങ്കര അപ്പുവിന്റെ മകൻ വിനോജ് (38) മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ആറരയ്ക്കാണ് ഷാർജയിൽ നിന്നും വിനോജ് അവധിക്കായി കരിപ്പൂരിൽ എത്തിയത്. വിമാനത്തിൽ നിന്ന് ഇറങ്ങിയതിനു പിന്നാലെയാണ് കുഴഞ്ഞുവീണത്. എമിഗ്രേഷൻ കഴിഞ്ഞ് കോവിഡ് ആർ ടി പി സി ആർ ടെസ്‌റ്റിനു വേണ്ടി വിമാനത്താവളത്തിൽ വരിയിൽ കാത്തു നിൽക്കുന്നതിനിടെ ആയിരുന്നു സംഭവം.
കുഴഞ്ഞുവീണ ഉടനെ തന്നെ കൊണ്ടോട്ടി മെയ്സി ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കരിച്ചു.
രണ്ടുവർഷം മുമ്പായിരുന്നു വിനോജ് അവസാനമായി നാട്ടിലെത്തിയത്. ഷാർജയിൽ ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്നു. സൗമ്യയാണ് ഭാര്യ. മകൾ – സ്വാതി.
NRI Man Vinoj who reached Kerala after two years for vocation died at Karipur Airport