മമ്മൂട്ടിയുടെ 70-ാം പിറന്നാളില്‍ 70 വൃക്ഷത്തൈകള്‍ നട്ട് ഖത്തറിലെ ആരാധകര്‍
ഏഴ് സ്‌കൂളുകളിലായി നട്ട 70 വൃക്ഷത്തൈകള്‍ മമ്മൂട്ടിയുടെ വിവിധ സിനിമകളുടെ പേരില്‍ അറിയപ്പെടും
മലയാളികളുടെ അഭിമാനമായ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ 70-ാം പിറന്നാളില്‍ 70 വൃക്ഷത്തൈകള്‍ നട്ട് ഖത്തറിലെ മലയാളികളുടെ ആദരം. ഏഴ് സ്‌കൂളുകളിലായി നട്ട 70 വൃക്ഷത്തൈകള്‍ മമ്മൂട്ടിയുടെ വിവിധ സിനിമകളുടെ പേരില്‍ അറിയപ്പെടും.
മമ്മൂട്ടിയുടെ എഴുപതാം ജന്മദിനം പരിസ്ഥിതി സൗഹൃദമാക്കി ആഘോഷിക്കാന്‍ ഖത്തറിലെ മലയാളികള്‍ തീരുമാനിച്ചപ്പോള്‍ അത് വൃക്ഷതൈ നടല്‍ എന്ന ഭാവി തലമുറയ്ക്കുതകുന്ന തീരൂമാനത്തിലേക്ക് എത്തുക ആയിരുന്നു. ഏഴു സ്‌കൂളുകളിലായി 70 വൃക്ഷത്തൈകള്‍ നട്ടത് ഖത്തറിലെ മമ്മൂട്ടി ആരാധകരായ മലയാളികള്‍ ചേര്‍ന്നാണ്.
കാര്‍ഷിക കൂട്ടായ്മയായ നമ്മുടെ അടുക്കളത്തോട്ടം ദോഹ, ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷനല്‍, റേഡിയോ മലയാളം 98.6 എഫ്.എം, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, അഗ്രികോ ഖത്തര്‍ എന്നിവര്‍ ചേര്‍ന്നാണ് എംഇഎസ് ഇന്ത്യന്‍ സകൂള്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍, ഒലിവ് ഇന്റര്‍നാഷനല്‍, ബിര്‍ള പബ്ലിക് സ്‌കൂള്‍, ഡിപിഎസ് മൊണാര്‍ക്ക്, ബ്രിട്ടീഷ് സ്‌കൂള്‍ എന്നീ ഏഴു സ്‌കൂളുകളിലായാണ് വൃക്ഷ തൈകള്‍ നട്ടത്.
‘മമ്മുക്ക എന്ന മനുഷ്യന്റെ വില അന്നാണ് ഞാൻ ശരിക്കും അറിഞ്ഞത്’
മമ്മൂട്ടിയുടെ എഴുപതു സിനിമകളുടെ പേരില്‍ 70 തൈകള്‍ നട്ടുകൊണ്ട് പരിസ്ഥിതി സംരക്ഷണവും ബോധവല്‍ക്കരണവുമാണ് പിറന്നാള്‍ ആഘോഷത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. നമ്മുടെ അടുക്കളത്തോട്ടം പ്രസിഡന്റ് ബെന്നി തോമസ്, ജനറല്‍ സെക്രട്ടറി ജിജി അരവിന്ദ്, മറ്റു അംഗങ്ങള്‍, റേഡിയോ മലയാളം ആര്‍ജെമാരായ സൂരജ്, രതീഷ്, ജിബിന്‍, ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് റിഷാദ്, സെക്രട്ടറി രാഹുല്‍, ജോയിന്റ് സെക്രട്ടറി റിയാസ്, ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് അംഗങ്ങള്‍ എന്നിവര്‍ മരം നടീല്‍ പരിപാടികളില്‍ പങ്കെടുത്തു.
Mammootty Fans in Qatar plant 70 saplings on his 70th birthday