ഖത്തറിൽ വാഹനാപകടം; മലയാളി സ്കൂൾ വിദ്യാർഥി മരിച്ചു

ലുവൈനിയയില്‍ വ്യാഴാഴ്​ച വൈകിട്ടോടെയായിരുന്നു അപകടമുണ്ടായത്

ഖത്തറിൽ വാഹനാപകടം; മലയാളി സ്കൂൾ വിദ്യാർഥി മരിച്ചു

ഖത്തറിൽ വാഹനപകടത്തില്‍ മലയാളി സ്കൂൾ വിദ്യാർഥി മരിച്ചു. ഖത്തറിലെ സാമൂഹിക- സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി വൈസ്​ പ്രസിഡൻറുമായ കോഴിക്കോട്​ മണിയൂർ കുന്നുമ്മല്‍ അബ്ദുല്‍ സലാമിന്റെ മകൻ മിസ്ഹബ് അബ്ദുല്‍ സലാം (11) ആണ് മരിച്ചത്.

ദുഖാന്‍ ദോഹ എക്‌സ്പ്രസ് റോഡിലെ ലുവൈനിയയില്‍ വ്യാഴാഴ്​ച വൈകിട്ടോടെയായിരുന്നു അപകടമുണ്ടായത്. സഹോദരങ്ങളും ബന്ധുക്കളും ഉൾപ്പെടെ ആറുപേരുടെ സംഘം സഞ്ചരിച്ച കാർ ദുഖാനിൽ നിന്നും ദോഹയി​ലേക്ക്​ യാത്രചെയ്യവെ നിയന്ത്രണം വിട്ട്​ മറിയുകയായിരുന്നു.

അപകടത്തിന്റെ ആഘാതത്തിൽ പുറത്തേക്ക്​ തെറിച്ച മിസ്​ഹബിന്​ ഗുരുതരമായി പരിക്കേറ്റു. എയർ ആംബുലൻസിൽ ഉടൻ ഹമദ്​ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ്​ മരണകാരണമായത്​. അപകടത്തിൽ മറ്റുള്ളവരുടെ പരിക്ക്​ സാരമുള്ളതല്ല. ഒരാൾ ഒഴികെ എല്ലാവരും ഇന്നലെ തന്നെ ആശുപത്രി വിട്ടു.

ദുഖാൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് മിസ്​ഹബ്​. മാതാവ്: ആബിദ. സഹോദരങ്ങൾ: സന, ദിൽന, മുഹമ്മദ്, ഫാത്തിമ, മഹദ്​. വെള്ളിയാഴ്​ച വൈകി​ട്ടോടെ അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഒമാനിൽ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട്​ പേർ മരിച്ചു. കൊല്ലം ചാത്തന്നൂർ വിളപ്പുറം താഴം സൗത്തിൽ കാരോട്ട് വീട്ടിൽ അരവിന്ദാക്ഷന്റെ മകൻ ജയറാമും (44) തമിഴ്​നാട്​ സ്വദേശിയുമാണ്​ മരിച്ചത്​. മസ്​കറ്റിൽ നിന്ന്​ 500 കിലോമീറ്ററിലധികം ദൂരെ സലാല റോഡിൽ ഹൈമയിൽ വെള്ളിയാഴ്​ചയായിരുന്നു അപകടം. സുലോചനയാണ്​ ജയറാമി​ന്റെ മാതാവ്​. ഭാര്യ: രശ്​മി. മക്കൾ: നിരഞ്ജന, അർജുൻ.

പൊതു അവധിദിനമായ കഴിഞ്ഞ ചൊവ്വാഴ്​ച ഇവിടെയുണ്ടായ അപകടത്തിൽ മൂന്ന്​ സ്വദേശികൾ മരണപ്പെട്ടിരുന്നു. ഖരീഫ്​ സീസണി​ന്റെ ഭാഗമായി കൂടുതൽ പേർ സലാലയിലേക്ക്​ യാത്ര ചെയ്യുന്നതിനാൽ യാത്രികർ ജാഗ്രത പാലിക്കണമെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു.

Malayalee school student died in a car accident in Qatar

COMMENTS

Wordpress (0)
Disqus (0 )