ഇന്ത്യന്‍ യാത്രക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കുവൈറ്റ്; അറിയേണ്ടതെല്ലാം

കാലാവധിയുള്ള വിസയുള്ളവരും വാക്‌സിന്‍ എടുത്തവരുമായ യാത്രക്കാര്‍ക്കാണ് പ്രവേശനം നല്‍കുക

ഇന്ത്യന്‍ യാത്രക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കുവൈറ്റ്; അറിയേണ്ടതെല്ലാം

Kuwait | കുവൈറ്റിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ച് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം പ്രതീക്ഷിച്ചിരിക്കുന്ന കുവൈറ്റ് ഏവിയേഷന്‍ അധികൃതര്‍, യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. കാലാവധിയുള്ള വിസയുള്ളവരും വാക്‌സിന്‍ എടുത്തവരുമായ യാത്രക്കാര്‍ക്കാണ് പ്രവേശനം നല്‍കുക. വാക്‌സിനെടുത്ത രക്ഷിതാക്കള്‍ക്കൊപ്പം വരുന്ന 16ന് താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനാനുമതി നലഭിക്കും.

  • പനി, ജലദോഷം, ചുമ, തുമ്മല്‍ പോലുള്ള കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ക്ക് കുവൈറ്റിലേക്കുള്ള വിമാനങ്ങളില്‍ പ്രവേശനം അനുവദിക്കില്ലെന്ന് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കി.
  • കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഓണ്‍ അറൈവല്‍ വിസ സൗകര്യം ഉണ്ടായിരിക്കുന്നതല്ല.

യാത്രാ വിലക്ക് കാരണം വിസ നിയമപ്രകാരം രാജ്യത്തിന് പുറത്തു താമസിക്കാന്‍ അനുവാദമുള്ള ആറു മാസത്തില്‍ കൂടുതല്‍ കാലം നാട്ടില്‍ കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി കുവൈറ്റിലേക്ക് തിരിച്ചെത്താം.

  • 2019 സെപ്തംബര്‍ ഒന്നിനോ അതിനു ശേഷമോ കുവൈറ്റില്‍ നിന്ന് പുറത്തുപോയവര്‍ക്ക് തിരികെയെത്താം. അവരുടെ റെസിഡന്‍സ് പെര്‍മിറ്റ് അഥവാ വിസയുടെ കാലാവധി തീര്‍ന്നിട്ടില്ലെങ്കില്‍ മാത്രമായിരിക്കും അനുവാദം.
  • 2019 ആഗസ്ത് 31നോ അതിനു മുമ്പോ കുവൈറ്റ് വിട്ടവരാണെങ്കില്‍ അവരുടെ വിസ കാലാവധി ബാക്കിയുണ്ടെങ്കിലും കുവൈറ്റിലേക്ക് തിരികെ വരാനാവില്ല.

യാത്രക്കാരുടെ സ്മാര്‍ട്ട് ഫോണില്‍ കുവൈറ്റ് മൊബൈല്‍ ഐഡി ആപ്പ് അഥവാ ഇമ്മ്യൂണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. അതില്‍ വേണം വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കാന്‍. അല്ലാതെ അവയുടെ സ്‌ക്രീന്‍ ഷോട്ട്, പ്രിന്റൗട്ട്, ഫോട്ടോ തുടങ്ങയവയൊന്നും കാണിച്ചാല്‍ പ്രവേശനം അനുവദിക്കില്ല.

കുവൈറ്റ് മൊബൈല്‍ ഐഡി ആപ്പ് വഴി തന്നെ ഡിജിറ്റല്‍ സിവില്‍ ഐഡിയും പ്രദര്‍ശിപ്പിക്കണം. അതേസമയം, യുഎഇ, ബഹ്‌റൈന്‍, സൗദി, ഒമാന്‍, ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് പാസ്‌പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. സിവില്‍ ഐഡി ഉപയോഗിച്ചുള്ള യാത്ര അവര്‍ക്ക് വിലക്കിയിട്ടുണ്ട്.

ഫൈസര്‍ ബയോണ്‍ടെക്, ഓക്സ്ഫോര്‍ഡ് ആസ്ട്രസെനെക്ക, മൊഡേണ എന്നീ വാക്സിനുകളുടെ രണ്ട് ഡോസുകള്‍, അല്ലെങ്കില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്‍ വാക്സിനിന്റെ ഒരു ഡോസ് എന്നിവ എടുത്തവരെയാണ് വാക്സിനേറ്റ് ചെയ്യപ്പെട്ടവരായി കണക്കാക്കുകയുള്ളൂ. എന്നാല്‍ കുവൈറ്റ് അംഗീകാരം നല്‍കിയിട്ടിലാത്ത വാക്സിനുകളായ സിനോഫാം, സിനോവാക്, സ്പുട്നിക് വി എന്നിവ സ്വീകരിച്ചിട്ടുള്ളവര്‍ കുവൈറ്റ് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഒരു വാക്സിന്റെ ഒരു അധിക ഡോസ് സ്വീകരിച്ച് കൊണ്ട് കുവൈറ്റില്‍ പ്രവേശിക്കാം.

കുവൈറ്റില്‍ നിന്ന് വാക്സിന്‍ എടുത്തവരാണെങ്കില്‍ ഇമ്മ്യൂണ്‍ ആപ്പിലോ കുവൈറ്റ് മൊബൈല്‍ ഐഡി ആപ്പിലോ കുവൈറ്റ് മുസാഫിര്‍ പോര്‍ട്ടലിലോ ആണ് ഇതിനുള്ള തെളിവ് കാണിക്കേണ്ടത്. ആപ്പുകളിലെ ഗ്രീന്‍ സ്റ്റാറ്റസും പോര്‍ട്ടലിലെ വാക്‌സിനേറ്റഡ് എന്ന റിമാര്‍ക്‌സോ ആണ് തെളിവായി പരിഗണിക്കുക. കുവൈറ്റിന് പുറത്തു വച്ച് വാക്സിന്‍ എടുത്തവരാണെങ്കില്‍ അവരുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പോസ്പോര്‍ട്ടിലെ പേര്, സ്വീകരിച്ച വാക്സിന്‍, തീയതി, സ്ഥലം, ക്യുആര്‍ കോഡ് എന്നിവ ഉണ്ടായിരിക്കണം.

ക്യുആര്‍ കോഡ് ഇല്ലെങ്കില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_RegistrationAR.aspx വഴി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത് സ്വീകരിക്കപ്പെടുകയാണെങ്കില്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് തെളിയും. ക്യുആര്‍ കോഡ് വെരിഫൈ ചെയ്യാതെ യാത്രക്കാരെ വിമാനത്തിലേക്ക് പ്രവേശിപ്പിക്കരുതെന്ന് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

കുവൈറ്റില്‍ എത്തുന്നതിന് 72 മണിക്കൂറിനകം നടത്തിയ പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. പ്രാദേശിക ഭരണകൂടങ്ങളുടെ രജിസ്‌ട്രേഷനോട് കൂടി പ്രവര്‍ത്തിക്കുന്ന ലാബുകളില്‍ നിന്ന് നടത്തിയ ടെസ്റ്റുകള്‍ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ. എന്നാല്‍ ആറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പിസിആര്‍ പരിശോധനാ ഫലം ആവശ്യമില്ല.

അടിയന്തര ആവശ്യങ്ങള്‍ക്കായി കുവൈറ്റ് മന്ത്രിസഭയുടെ പ്രത്യേക അനുവാദത്തോടെ വരുന്നവര്‍ വാക്‌സിന്‍ എടുത്തിട്ടില്ലെങ്കിലും പ്രവേശനം ലഭിക്കും. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അവരുടെ ഭാര്യ/ഭര്‍ത്താവ്, മക്കള്‍ എന്നിങ്ങനെ അടുത്ത കുടുംബാംഗങ്ങള്‍, നയതന്ത്ര പ്രതിനിധികള്‍, അവരുടെ അടുത്ത ബന്ധുക്കള്‍, അവരുടെ വീട്ടുവേലക്കാര്‍ എന്നിവര്‍ക്കും അനുവാദമുണ്ട്.

കുവൈറ്റില്‍ എത്തുന്നതിന് 72 മണിക്കൂറിനകം നടത്തിയ പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ശെലോനിക് ആപ്പില്‍ മുന്‍കൂര്‍ രജിസ്ട്രേഷന്‍, വിമാന നമ്പര്‍, യാത്രാ തീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൂടി കുവൈറ്റ് മുസാഫിര്‍ പ്ലാറ്റ്‌ഫോമില്‍ നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.

അതിനിടെ, ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചുവെന്ന രീതിയിലുള്‌ല വാര്‍ത്തകള്‍ എയര്‍ ഇന്ത്യ നിഷേധിച്ചു. കുവൈറ്റിലേക്ക് വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. ടിക്കറ്റ് നിരക്കും പ്രഖ്യാപിച്ചിട്ടില്ല. യാത്രക്കാരും ട്രാവല്‍ ഏജന്റുമാരും സമൂഹ മാധ്യമങ്ങളില്‍ വരുന്ന വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്നും എയര്‍ ഇന്ത്യ കുവൈത്ത് ഓഫീസ് അറിയിച്ചു.

എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും കുവൈറ്റിലേക്ക് നേരിട്ടുള്ള സര്‍വീസിനു നിലവില്‍ ടിക്കറ്റ് നിരക്ക് പ്രഖ്യാപിക്കുകയോ ബുക്കിംഗ് ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്ന് ട്രാവല്‍ ഏജന്‍സികള്‍ക്ക് അയച്ച സന്ദേശത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്.

To Get More News Join Our Group

Kuwait issues guidelines for Indian travelers

COMMENTS

Wordpress (0)
Disqus (0 )