കോവിഡ് പ്രതിസന്ധി; കുവൈറ്റ് വിട്ടത് രണ്ട് ലക്ഷത്തോളം പ്രവാസികള്‍

കുവൈറ്റിലെ വിദേശി ജനസംഖ്യയില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്

കോവിഡ് പ്രതിസന്ധി; കുവൈറ്റ് വിട്ടത് രണ്ട് ലക്ഷത്തോളം പ്രവാസികള്‍

കോവിഡ് പ്രതിസന്ധി ആരംഭിച്ച ശേഷം കുവൈറ്റിലെ വിദേശി ജനസംഖ്യയില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കുവൈറ്റ് നാഷണല്‍ ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് രാജ്യത്തെ വിദേശികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നതായി പറയുന്നത്. രണ്ടുലക്ഷത്തിനടുത്ത് വിദേശികളാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കുവൈത്തില്‍ നിന്നും പ്രവാസം മതിയാക്കി മടങ്ങിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, 2020 ല്‍ 134,000 വിദേശികളും 2021 ആദ്യ പകുതിയോടെ 56,000ത്തിലേറെ പ്രവാസികളും കുവൈറ്റില്‍ പിടിച്ചുനില്‍ക്കാനാവാതെ നാടുകളിലേക്ക് മടങ്ങിയതായി അല്‍ അന്‍ബാ പത്രം കണക്കുകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. കണക്കുകള്‍ പ്രകാരം കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കുള്ളിലെ ഏറ്റവും വലിയ ഇടിവാണ് 2020ല്‍ കുവൈറ്റ് ജനസംഖ്യയില്‍ രേഖപ്പെടുത്തിയത്.

ഈ കാലയളവില്‍ 2.2 ശതമാനം കണ്ട് മൊത്തം ജനസംഖ്യയില്‍ കുറവുണ്ടായി. ഈ വര്‍ഷം ആദ്യ പകുതിയോടെ രാജ്യത്തിലെ ജനസംഖ്യ വീണ്ടും 0.9 ശതമാനം കുറഞ്ഞ് 46 ലക്ഷമായി. ഇതോടെ കൊവിഡ് പ്രതിസന്ധിക്ക് ശേഷം ജനസംഖ്യയില്‍ 3.1 ശതമാനത്തിന്റെ കുറവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കി.

ഇത്രവലിയ കുറവ് ജനസംഖ്യയില്‍ ഉണ്ടാവാനുള്ള കാരണം പ്രവാസികളുടെ തിരിച്ചുപോക്കാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മൊത്തം വിദേശികളുടെ എണ്ണത്തില്‍ 1.8 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയപ്പോള്‍ സ്വദേശികളുടെ എണ്ണത്തില്‍ 0.9 ശതമാനം വര്‍ധനവുണ്ടായി. രാജ്യത്തെ മൊത്തം ജനസംഖ്യയെ അപേക്ഷിച്ച് പ്രവാസികള്‍ 68.2 ശതമാനം ആയി കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കി. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പ്രവാസി ജനസംഖ്യയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലെ സ്വദേശിവല്‍ക്കരണ നടപടികളും കൊവിഡിനെ തുടര്‍ന്ന് സ്വകാര്യ തൊഴില്‍ മേഖലയില്‍ ഉണ്ടായ തൊഴില്‍ നഷ്ടവും ഒക്കെയാണ് വിദേശികളുടെ എണ്ണം കുറയാനുള്ള കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് പ്രതിസന്ധിയില്‍ പിടിച്ചു നില്‍ക്കാനാവാതെ നിരവധി കമ്പനികളും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതോടെ പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് തങ്ങളുടെ ജോലി നഷ്ടമായത്. ഇതോടെ കുടുംബ സമേതം കുവൈറ്റില്‍ താമസിച്ചിരുന്ന പലരും രാജ്യം വിട്ടുപോവുന്ന സ്ഥിതിയുണ്ടായി.

ഏറ്റവും കൂടുതല്‍ പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായത് നിര്‍മാണ മേഖലയിലാണ്. 2021ന്റെ ആദ്യ പകുതിയില്‍ 9.8 ശതമാനം പേര്‍ക്കാണ് ഈ മേഖലയില്‍ തൊഴില്‍ നഷ്ടമായത്. തൊഴില്‍ നഷ്ടം ഏറ്റവും കുറവ് ബാധിച്ചത് വീട്ടുവേലക്കാര്‍ക്കിടയിലാണ്. ഈ വിഭാഗത്തില്‍ 1.1 ശതമാനം കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്.

അതേസമയം, രാജ്യത്തെ 15 വയസ്സിന് താഴെ പ്രായമുള്ള ജനസംഖ്യയുടെ വര്‍ധന നിരക്കില്‍ 0.1 ശതമാനത്തിന്റെ കുറവാണ് 2021ലെ ആദ്യ പകുതിയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 0.6 ശതമാനവും 2018ല്‍ ഒരു ശതമാനവുമായിരുന്നു. എന്നാല്‍ ഇവരുടെ വര്‍ധനവിന്റെ നിരക്കില്‍ നേരിയ കുറവുണ്ടെങ്കിലും മൊത്തം സ്വദേശി ജനസംഖ്യയുടെ മൂന്നിലൊന്നില്‍ കൂടുതലും 15ന് താഴെ പ്രായമുള്ളവരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഏകദേശം 4.93 ലക്ഷം വരും ഇവരുടെ എണ്ണം. സമീപ ഭാവിയില്‍ ഉണ്ടാവാനിരിക്കുന്ന തൊഴിലില്ലായ്മയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കൂടുതല്‍ പ്രവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്ന സ്ഥിതിയിലേക്കാണ് ഇത് നയിക്കുക.

Kuwait has reported a sharp decline in its foreign population since the start of the covid crisis

COMMENTS

Wordpress (0)
Disqus (0 )