കുവൈറ്റിലേക്ക് നഴ്സ് റിക്രൂട്ട്മെന്റിന് പ്രോസസിങ് ഫീസ് അല്ലാതെ ഒറ്റക്കാശും നൽകരുത്: ഇന്ത്യൻ സ്ഥാനപതി

കുവൈറ്റിലേക്ക് നഴ്സ് റിക്രൂട്ട്മെന്റിനു പ്രോസസിങ് ഫീസ് അല്ലാതെ ഒരു രൂപ പോലും നൽകരുതെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്

കുവൈറ്റിലേക്ക് നഴ്സ് റിക്രൂട്ട്മെന്റിന് പ്രോസസിങ് ഫീസ് അല്ലാതെ ഒറ്റക്കാശും നൽകരുത്: ഇന്ത്യൻ സ്ഥാനപതി

കുവൈറ്റിലേക്ക് നഴ്സ് റിക്രൂട്ട്മെന്റിനു പ്രോസസിങ് ഫീസ് അല്ലാതെ ഒരു രൂപ പോലും നൽകരുതെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് മുന്നറിയിപ്പ് നൽകി. ഇന്ത്യൻ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസ് മാത്രമാണ് ചാര്‍ജായി നല്‍കേണ്ടതെന്ന് അദ്ദേഹം ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഏകദേശം 30000 രൂപയാണ് ഇതിനായി ചെലവ് വരുന്നത്. പ്രോസസിങ് ഫീസ് അല്ലാതെ ഒരു രൂപ പോലും ഈടാക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ കുവൈറ്റ് അധികൃതരുമായി പലതവണ ചര്‍ച്ച നടത്തി. കാര്യങ്ങള്‍ വിശദമായി പഠിച്ചു ഉറപ്പാക്കിയിട്ടുണ്ടെന്നും എംബസി സംഘടിപ്പിച്ച ഓപ്പൺ ഹൗസിൽ അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രിയും അണ്ടർസെക്രട്ടറിയും ഉൾപ്പെടെയുള്ള കുവെെറ്റ് അധിക‍ൃതരുമായാണ് ഇന്ത്യന്‍ സ്ഥാനപതി സംസാരിച്ചത്.

കുവൈറ്റിന്‍റെ ഭരണതലപ്പത്ത് വന്നു ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാബിന് ആദരം അർപ്പിച്ചുകൊണ്ടാണ് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് തുടങ്ങിയത്. ഓഗസ്റ്റിൽ180 ഇന്ത്യക്കാര്‍ ആണ് കുവൈറ്റില്‍ വെച്ച് മരണപ്പെട്ടത്. ഇതില്‍ 96 പേരുടെ മൃതദേഹമാ‍ണ് ഇന്ത്യയിലേക്ക് കൊണ്ടുപോയത്. കൂടാതെ കുവൈറ്റില്‍ കാണാതായ മൂന്ന് ഇന്ത്യക്കാതെ കണ്ടെത്താന്‍ സാധിച്ചെന്ന് ഓപ്പൺ ഹൗസിൽ ഇന്ത്യന്‍ സ്ഥാനപതി വെളിപ്പെടുത്തി.

236 പരാതികൾ ആണ് തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 45 പേർക്ക് പാസ്പേര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആയിരുന്നു. ഇതെല്ലാം പരിഹരിക്കാന്‍ സാധിച്ചു. 6764 പാസ്പോർട്ടുകൾ ആണ് ഓഗസ്റ്റ് മാസത്തില്‍ പുതുക്കി നല്‍കിയത്.

ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആണെങ്കിലും തൊഴില്‍ തേടി വരുന്നവര്‍ ഇന്ത്യൻ എംബസിയുടെ അറിവോടെയാകണം എന്ന് സിബി ജോർജ് പറഞ്ഞു. നഴ്സ് ഉൾപ്പെടെ നിരവധി മേഖലയിലേക്ക് തൊഴില്‍ തേടി ആയിരങ്ങള്‍ ആണ് എത്തുന്നത്.

ഡിമാൻഡ് ലെറ്റർ, ഓഫർ ലെറ്റർ, ഓതറൈസിങ് ലെറ്റർ, കരാർ കോപ്പി തുടങ്ങി വിവിധ രേഖകൾ കൃത്യമായാലാണ് എംബസി അനുമതി നൽകുക. അല്ലാതെയുള്ള ഒരു റിക്രൂട്ട്മെന്റിന് എംബസിയുടെ അംഗീകാരം ഉണ്ടാകില്ല. കുവൈറ്റിലേക്ക് ജോലിക്ക് വേണ്ടി കൂടുതല്‍‍ ആളുകള്‍ എത്തുകയെന്നതാണ് എംബസി ലക്ഷ്യം വെക്കുന്നത്. ജോലിക്ക് വേണ്ടി എത്തുമ്പോള്‍ ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ച് മാത്രമായിരിക്കും കാര്യങ്ങള്‍ മുന്നോട്ട് പോകുക. അല്ലാതെയുള്ള ഒരു കാര്യവും നടക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈറ്റിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഇന്ത്യയിൽ നിന്നു നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇതില്‍ കൂടുതല്‍ പേരും മലയാളികള്‍ ആണ്. സ്വകാര്യ ആശുപത്രിയിലേക്ക് കൂടാതെ ആരോഗ്യമന്ത്രാലയത്തിനു വേണ്ടി കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിനും വേണ്ടി നഴ്സുമാരെ റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്. എന്നാല്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ കീഴിൽ നേരിട്ടു ജോലി ചെയ്യുന്നതിനുള്ള റിക്രൂട്ട്മെന്റ് സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ലഭിക്കുന്നതിനേക്കാളും ഉയര്‍ന്ന ശമ്പളം ലഭിക്കുന്നതിനാല്‍ ആണ് പലരും കുവൈറ്റിലേക്ക് ജോലി തേടി എത്തുന്നത്.

Indian Ambassador says No single fee other than processing fee for nurse recruitment to Kuwait

COMMENTS

Wordpress (0)
Disqus (0 )