വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിൽ നേരിട്ടെത്തിയാൽ 99 ലക്ഷം രൂപ പിഴ; ഇന്ത്യക്കും ബാധകം

റിയാദ് : സൗദിയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ട് എത്തിയാൽ അഞ്ചു ലക്ഷം സൗദി റിയാൽ (99 ലക്ഷം രൂപ) പിഴ ഈടാക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത് യാത്രാ നിരോധന നിയമങ്ങൾ ലംഘിക്കലാണ്. 14 ദിവസത്തിനിടെ കോവിഡ് തീവ്രത കൂടിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിൽ ബോഡിങ് പാസ് നൽകുന്ന സമയത്ത് വെളിപ്പെടുത്തണം. ഇല്ലെങ്കിൽ സൗദിയിലെത്തിയാൽ വ്യക്തികൾക്കും കൊണ്ടുവന്ന എയർലൈനുകൾക്കും എതിരെ നടപടിയുണ്ടാകും. ക്വാറന്റീൻ നിയം പാലിക്കാതെ മറ്റു രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്കും സമാന പിഴയുണ്ടാകും.
യാത്രാ വിലക്കുള്ള രാജ്യങ്ങളിലേക്ക് പോകുന്നതിനെതിരെയും പൗരന്മാർക്ക് കഴിഞ്ഞ ദിവസം സൗദി അഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരക്കാർക്ക് മൂന്നു വർഷത്തേക്ക് രാജ്യത്തിന് പുറത്ത് പോകുന്നതിന് വിലക്കേർപ്പെടുത്തുമെന്നതാണ് ശിക്ഷ. നേരിട്ടോ മറ്റു രാജ്യങ്ങളിലൂടെയോ യാത്ര ചെയ്യൽ നിരോധിച്ച രാജ്യങ്ങളിലേക്ക് പൗരന്മാർ യാത്ര ചെയ്യാൻ പാടില്ല. വൈറസ് നിയന്ത്രണ വിധേയമാകാത്ത ഏതു പ്രദേശത്താണെങ്കിലും യാത്രക്ക് കൂടുതൽ ജാഗ്രത ആവശ്യമാണെന്നും മന്ത്രാലയം അറിയിച്ചു.
എന്നാൽ ഈ രാജ്യങ്ങളിലേക്കു സൗദിയിലുള്ള വിദേശികൾക്കു പോകാൻ അനുമതിയുണ്ട്. ഇങ്ങനെ പോകുന്ന വിമാനങ്ങളിലോ ചാർട്ടർ വിമാനങ്ങളിലോ ആരോഗ്യപ്രവർത്തകർ, നയതന്ത്ര ഉദ്യോഗസ്ഥർ, പ്രത്യേക ക്ഷണിതാക്കൾ തുടങ്ങിയവർക്ക് സൗദിയിലേക്കു വരാൻ അനുമതിയുണ്ട്. ഈ ആനുകൂല്യം ദുരുപയോഗം ചെയ്ത് വ്യാജ രേഖകൾ ചമച്ച് സൗദിയിലേക്കു കടക്കാൻ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് നിയമം കടുപ്പിച്ചത്.
ഇതേസമയം ഗ്രീൻ രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി സൗദിയിലേക്കു പ്രവേശിക്കുന്നതിന് വിലക്കില്ല. ഇങ്ങനെ മലയാളികളടക്കം ഒട്ടേറെ പേർ സൗദിയിൽ വരുന്നുണ്ട്. എന്നാൽ തിങ്കളാഴ്ച മുതൽ കോവിഡ് വാക്സീൻ എടുത്ത രാജ്യാന്തര യാത്രക്കാരെ മാത്രമേ സൗദിയിലേക്കു പ്രവേശിപ്പിക്കുന്നുള്ളൂ.
യുഎഇ, ഇന്ത്യ, ലിബിയ, സിറിയ, ലെബനൻ, യെമൻ, ഇറാൻ, തുർക്കി, അർമേനിയ, എത്യോപ്യ, സൊമാലിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, അഫ്ഗാനിസ്ഥാൻ, വെനിസ്വേല, ബെലാറസ്, വിയറ്റ്നാം എന്നിവയാണ് സൗദിയുടെ ചുവന്ന പട്ടികയിലുള്ള രാജ്യങ്ങൾ. ഇവിടങ്ങളിലേക്ക് സഞ്ചരിക്കാൻ സർക്കാരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്നാണ് ചട്ടം.
ഈ പട്ടികയിലെ രാജ്യങ്ങളിൽ നിന്ന് നേരിട്ട് രാജ്യത്ത് എത്തുന്നതിനെതിരെയാണ് പുതിയ പിഴ പ്രഖ്യാപിച്ചിരിക്കുന്നത്. വൈറസ് പടരുന്ന പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കാനും രോഗബാധയിൽ നിന്ന് പൗരന്മാർക്കും പ്രവാസികൾക്കും സ്വയം പരിരക്ഷ നൽകുന്നതിനും നിർദേശിക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി.
fine of Rs 99 lakh will be levied on those who come to Saudi Arabia directly from countries including India