ഗൾഫിലേക്ക് മടങ്ങാനായില്ല; പ്രവാസി മലയാളി ആത്മഹത്യ ചെയ്തു

പല തവണ ശ്രമിച്ചെങ്കിലും ഒമാനിലേക്കുള്ള യാത്ര സാധ്യമാകാത്തതിൽ കടുത്ത മനോവിഷമത്തിലായിരുന്നു

ഗൾഫിലേക്ക് മടങ്ങാനായില്ല; പ്രവാസി മലയാളി ആത്മഹത്യ ചെയ്തു

കോവിഡ് വ്യാപനത്തെ തുടർന്ന് ഗൾഫിലേക്ക് മടങ്ങാനാകാത്തതിന്‍റെ വിഷമത്തിൽ പ്രവാസി ആത്മഹത്യ ചെയ്തു. വളഞ്ഞവട്ടം കൊറ്റനാട്ട് കിഴക്കേതില്‍ വീട്ടില്‍ പ്രസാദ് (60)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിന്‍റെ ടെറസിൽ തൂങ്ങിയ നിലയിലാണ് പ്രസാദിനെ കണ്ടെത്തിയത്. ഉടൻ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ 13 വര്‍ഷമായി ഒമാനിൽ മസ്ക്കറ്റിലെ എസ് ആന്‍ഡ്​ ടി കമ്പനിയില്‍ ജീവനക്കാരനായിരുന്ന പ്രസാദ്. ഇക്കഴിഞ്ഞ ഫെബ്രുവരി ആദ്യം അവധിക്ക് നാട്ടിലെത്തിയതായിരുന്നു.

രണ്ടു മാസത്തെ അവധി കഴിഞ്ഞ് മടങ്ങിപ്പോകാൻ ശ്രമിച്ചപ്പോഴേക്കും കോവിഡ് കാരണം വിമാന സർവീസ് നിർത്തിവെച്ചു. അതിനൊപ്പം ഡെൽറ്റ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് ഒമാനിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.

പല തവണ ശ്രമിച്ചെങ്കിലും ഒമാനിലേക്കുള്ള യാത്ര സാധ്യമാകാത്തതിൽ കടുത്ത മനോവിഷമത്തിലായിരുന്നു പ്രസാദ്. ഇതിനിടെ ബാങ്ക് ലോൺ മുടങ്ങിയത് പ്രസാദിനെ കൂടുതൽ വിഷമിപ്പിച്ചു. അതിനിടെയാണ് ടെറസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കൃഷ്ണകുമാരിയാണ് ഭാര്യ. അഞ്ജലി, അനുപമ എന്നിവർ മക്കളാണ്. അസ്വാഭാവിക മരണത്തിന് പുളിക്കീഴ് പൊലീസ് കേസെടുത്തു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. പൊലീസ് കേസെടുത്തിട്ടുണ്ട്.

Expatriate suicide after failing to return to Gulf

COMMENTS

Wordpress (0)
Disqus ( )