Drishyam 2 | ഗൾഫ് രാജ്യങ്ങളിൽ റിലീസിന് ഒരുങ്ങി ദൃശ്യം 2; തീയറ്റർ ലിസ്റ്റ് പുറത്തുവിട്ട് മോഹൻലാൽ ‌

Drishyam 2 | ഗൾഫ് രാജ്യങ്ങളിൽ റിലീസിന് ഒരുങ്ങി ദൃശ്യം 2; തീയറ്റർ ലിസ്റ്റ് പുറത്തുവിട്ട് മോഹൻലാൽ ‌

ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം ദൃശ്യം 2 തീയറ്റർ റിലീസ് ചെയ്യുന്നു. യുഎഇ, ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ ചിത്രം നാളെ റിലീസ് ചെയ്യുകയാണ്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ തീയറ്റർ ലിസ്റ്റും മോഹൻലാൽ പുറത്തുവിട്ടിട്ടുണ്ട്.

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ പിറവിയെടുത്ത സിനിമയുടെ സ്വീക്വൽ ഫെബ്രുവരി 19നാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. മോഹന്‍ലാലിന്റെ ജോർജ് കുട്ടി എന്ന കഥാപാത്രത്തിനും ജീത്തു ജോസഫിന്റെ സംവിധായക മികവിനെയും പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടര്‍ച്ചയായി ഒരുങ്ങിയ ചിത്രമാണ് ദൃശ്യം 2. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസൻ, എസ്തര്‍ അനിൽ, സിദ്ദിഖ്, ആശ ശരത് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും പ്രധാന വേഷം ചെയ്തു. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി, സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.

ഗൾഫ് രാജ്യങ്ങളിലും തീയറ്ററുകളിൽ മികച്ച പ്രതികരണം ലഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. മോഹന്‍ലാല്‍ നിലവിൽ ബറോസ് എന്ന ചിത്രത്തിന്റെ അണിയറയിലാണ്. മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന സിനിമ ഒരു പീരീഡ് ചിത്രമായിരിക്കുമെന്നും അഭിനേതാക്കളില്‍ ഭൂരിപക്ഷവും വിദേശത്തു നിന്നുള്ളവരായിരിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

COMMENTS

Wordpress (0)
Disqus ( )