കാറിലെ സാങ്കേതിക വിദ്യകൾക്ക് വിലങ്ങിടണോ ?
ബോബൻ ബി കിഴക്കേത്തറ
ഏതൊരു വാഹനവും റോഡിൽ ഓടിക്കേണ്ടത് അതീവ ശ്രദ്ധയോടെ തന്നെയാണ്. ഓടിക്കുന്നയാളുടെ ശ്രദ്ധ കുറയ്ക്കുന്നതോ വ്യതിചലിപ്പിക്കുന്നതോ ആയ എന്തും ഒഴിവാക്കേണ്ടതാണ്. അതാണ് ഗതാഗതനിയമങ്ങൾ പറയുന്നത്. അങ്ങിനെയാണോ കൊച്ചു കേരളത്തിലെ നമ്മുടെ വീഥികൾ സർക്കാർ തയ്യാറാക്കി തന്നിരിക്കുന്നത്?
ലക്ഷ്യസ്ഥാനത്ത് നിശ്ചിത സമയത്ത് നമുക്ക് വാഹനത്തിൽ എത്തിച്ചേരാനാകുമോ? ട്രാഫിക് ബ്ലോക്കുകളും ജാമുകളും സിഗ്നലുകളും മറികടന്ന് നമുക്ക് കൃത്യനിഷ്ഠ പാലിക്കാനാകുമോ?
വീഥികളിൽ വമ്പൻ പരസ്യപ്പലകകൾ ഇപ്പോഴുമുണ്ട്. അതും സ്ഥിരം അപകടം നടക്കുന്ന വളവിലും തിരിവുകളിലുമാണ് സ്ഥാപിച്ചിരിക്കുന്നത്. അൽപ്പം വേഗത്തിൽ പോകാമെന്ന് നിനച്ചാൽ യു ടേണുകളും ഗട്ടറുകളും. ഇനി വിശാലമായ റോഡ് വന്നാൽ വേഗത കൂടാൻ പാടില്ലെന്ന് പറഞ്ഞു കാമറകളും! 90 ശതമാനം റോഡുകളിലും മതിയായ വെളിച്ചവുമില്ല.
റോഡുകൾ വീതികൂട്ടാൻ എടുത്ത സ്ഥലത്ത് പിന്നീട് നടക്കുന്ന കയ്യേറ്റവും ഗംഭീരമാണ്. ആദ്യം എ ബോർഡ് വയ്ക്കും. താൽക്കാലിക ഷീറ്റ്. പിന്നെ ടൈൽ ഇടും . മുകളിൽ മെറ്റൽ ഷീറ്റ്. അതുകഴിഞ്ഞാൽ ഗ്രിൽ. പിന്നെ താഴും താക്കോലുമിട്ട് സ്വന്തമാക്കിയെടുക്കും. എതിരെ വരുന്ന വാഹനത്തിന് സ്ഥലമൊന്നു കൊടുക്കാനില്ല. ഒരു വാഹനം ഒരു മിനിറ്റ് നേരത്തേക്ക് നിർത്തിയിടാനോ പാർക്ക് ചെയ്യാനോ കഴിയുകയുമില്ല.
വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൻറെ കഥ അതിലും രസകരമാണ്. ചിത്രപ്പണി നടത്തുന്ന നമ്പർ പ്ലേറ്റുകൾ പിടിച്ചെടുക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ട് ദശാബ്ദങ്ങളായി. ഇപ്പോഴും കാണാം തോന്നിയ രീതിയിൽ എഴുതിയ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ. സൂപ്പർ ബൈക്കുകളിലാണെങ്കിൽ വാഹനത്തിന് ‘ഷോ’ പോകുമെന്ന് പറഞ്ഞു നമ്പർ പ്ലേറ്റുകൾ കാണുന്ന രീതിയിൽ വയ്ക്കാറുമില്ല. അതിശക്തിയേറിയ വെളിച്ചം പുറപ്പെടുവിക്കുന്ന ലൈറ്റ് മറ്റൊരു കഥ.
കുറച്ചു നാൾ മുമ്പ് വാഹനങ്ങളുടെ സൺ കൺട്രോൾ ഫിലിം വലിച്ച് പറിച്ച് കളഞ്ഞത് നമുക്ക് മറക്കാറായിട്ടില്ല. വാഹനത്തിനകം കാണുന്ന നേരിയ തോതിലുള്ളവ പോലും കീറിക്കളയിച്ചു. അല്ലാത്തവരെ ഫൈൻ അടപ്പിച്ചു. ഉത്തരവിട്ടവരും നടപ്പിലാക്കിയവരും കാറിലെ ചില്ലുകൾ അടിപൊളി കർട്ടൻ വച്ച് മറച്ച് പൊതുനിരത്തിൽ ഇപ്പോൾ സഞ്ചരിക്കുന്നു. അത്രയേ നമ്മുടെ നിയമത്തിനും സഞ്ചരിക്കാനാകൂ.
ഇനിയിപ്പോ പുതിയ ഇരയെ പോലീസും ഗതാഗത വകുപ്പും കൂടി കണ്ടെത്തിയിരിക്കുകയാണ്. ബ്ലൂടൂത്ത് !!
കാറിലെ ബ്ലൂടുത്ത് വഴിയുള്ള ഫോൺ സംഭാഷണം നിയമവിരുദ്ധമാക്കുകയാണ്. ഡ്രൈവറുടെ ശ്രദ്ധ പോകുന്നു. അതാണ് ശാസ്ത്രീയ കണ്ടെത്തൽ. ഡ്രൈവിംഗിന് ഇടയില്‍ ബ്ലൂടൂത്ത് സ്പീക്കറുമായി ബന്ധിപ്പിച്ച് ഹാന്‍ഡ്‌സ് ഫ്രീയായി ഫോണില്‍ സംസാരിച്ചാലും ലൈസന്‍സ് ഇല്ലാതാക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്.
ഡ്രൈവിങ്ങിനിടയില്‍ ഫോണ്‍ ചെവിയില്‍ വെച്ച് സംസാരിച്ചാല്‍ മാത്രമേ പോലീസ് കേസെടുത്തിരുന്നുള്ളു.ഇനി ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചു ഫോണില്‍ സംസാരിച്ചാലും ലൈസന്‍സ് പോകും. ഇങ്ങനെ പിടിക്കപ്പെടുന്ന കേസുകളില്‍ തെളിവു സഹിതം ആര്‍ടിഒയ്ക്കു റിപ്പോര്‍ട്ട് ചെയ്യും. അതിനൊപ്പം ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യിക്കാനും നിര്‍ദേശമുണ്ട്.
അങ്ങിനെയെങ്കിൽ കാറിൽ പാട്ട് വയ്ക്കുന്നതും കൂടെ സഞ്ചരിക്കുന്ന ആളോട് സംസാരിക്കുന്നതും ഈ പട്ടികയിൽ പെടുത്തേണ്ടി വരില്ലേ? വാഹനം ഓടിക്കുന്നയാൾ ഇനി നിശബ്ദനായി ഒരു കാബിൻ ഉണ്ടാക്കി സഞ്ചരിക്കണമെന്ന നിയമം ഇനി വരുമോ? ജിപിഎസ് സംവിധാനം നോക്കി വാഹനം ഓടിക്കുന്നതും പതിവായിരിക്കുകയാണ്. മൊബൈലിലെ ഈ സംവിധാനവും അപകടം ഉണ്ടാകില്ലേ?
എഫ്എം റേഡിയോ വീണ്ടും ചുവടുറപ്പിച്ചതോടെ വാർത്തകൾ അറിയാനും പൊതുവിശേഷങ്ങൾ കേൾക്കാനും യാത്രചെയ്യുന്നവർ റേഡിയോ ആശ്രയിക്കാറുണ്ട്. ശ്രദ്ധ തിരിഞ്ഞുപോകും എന്നപേരിൽ കാറിൽ റേഡിയോ നിരോധിച്ചിട്ടില്ല. അതേ അവകാശം ബ്ലൂടൂത്ത് ഫോണിനും നൽകണം. മിതമായ ഉപയോഗം അംഗീകരിക്കണം. ബ്ലൂടൂത്ത് സാങ്കേതിക വിദ്യ മിതമായ രീതിയിൽ ഉപയോഗിക്കാൻ അനുവാദം വേണം.
ദീർഘദൂര യാത്ര ചെയ്യുമ്പോൾ ബ്ലൂടൂത്ത് ഫോൺ ഒരു അനുഗ്രഹമാണ്. ഉടനടി മറുപടി പറയാൻ ശ്രമിച്ചാൽ മതി. ആവശ്യമെങ്കിൽ വേഗതയും കുറയ്ക്കാം. വാഹനം ഡ്രൈവ് ചെയ്യുകയാണെന്ന് പറഞ്ഞാൽ സംഭാഷണം ആരും നീട്ടാറുമില്ല. ട്രാഫിക് ബ്ലോക്കിൽ കിടക്കുമ്പോൾ വിവരം അറിയിക്കാനും ബ്ലൂടൂത്തിനെ ആശ്രയിക്കാറുണ്ട്.
വണ്ടി ഓടിക്കുന്നതിന് ഇടയിലെ ഫോണ്‍ ഉപയോഗം മൂലം അപകട നിരക്കു കൂടുന്നതാണ് സർക്കാരിനെ ആകുലപ്പെടുത്തുന്നത്. അതുമാറ്റാൻ ഈ ലേഖനത്തിൻ്റെ തുടക്കത്തിൽ സൂചിപ്പിച്ച കാര്യങ്ങൾ നടപ്പിലാക്കിയാൽ മതി. മരണനിരക്ക് കുത്തനെ കുറയ്ക്കാം. സർക്കാരിന് പിഴ ഈടാക്കി വരുമാനവും വർധിപ്പിക്കാം. ബ്ലൂടൂത്തിനെ വെറുതേ വിടൂ! എന്നിൽ ഔഷധ ഗുണമില്ല. സാങ്കേതിക മേന്മ മാത്രമേ ഉള്ളൂ!
boban b kizhakkethara writes about Police Action Against Talking on Phone Using Handsfree Device in car