ദുബായ് പോലീസിന്‍റെ പേരിൽ വീണ്ടും തട്ടിപ്പുശ്രമം; ശ്രമം പൊളിച്ചടുക്കി മലയാളി

അക്കൗണ്ടുകളുള്ള ബാങ്കുകളുടെ പേര് കൃത്യമായി പറഞ്ഞതിനു ശേഷമായിരുന്നു തട്ടിപ്പിന് ശ്രമം നടത്തിയത്

ദുബായ് പോലീസിന്‍റെ പേരിൽ വീണ്ടും തട്ടിപ്പുശ്രമം; ശ്രമം പൊളിച്ചടുക്കി മലയാളി

ദുബായ് പോലീസിന്റെ പേരുപറഞ്ഞ് സാമ്പത്തിക തട്ടിപ്പിന് ശ്രമം. അജ്മാനിലെ കാസർകോട് കൊളത്തൂർ സ്വദേശി അശോക്‌ കുമാറിനെയാണ് തട്ടിപ്പിനിരയാക്കാൻ ശ്രമം നടത്തിയത്. എന്നാൽ അശോക്‌ കുമാറിന്റെ വിവേകം പൂർവമായ ഇടപെടൽ കാരണം പണം നഷ്ടമായില്ല.

എമിറേറ്റ്‌സ് ഐ.ഡി. കാർഡ് അപ്‌ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച രാവിലെയാണ് അശോകിനെ ദുബായ് പോലീസിൽ നിന്നാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചത്. പുരുഷനും സ്ത്രീയും മാറിമാറി അറബിയിലും ഇംഗ്ലീഷിലും സംസാരിക്കുകയായിരുന്നു. അശോകിന്റെ ബാങ്ക് അക്കൗണ്ട് നമ്പർ, പാസ്‌പോർട്ട് നമ്പർ, എമിറേറ്റ്‌സ് ഐ.ഡി. നമ്പർ എന്നിവയുടെ ആദ്യഅക്കങ്ങളെല്ലാം പറഞ്ഞതിനുശേഷം മുഴുവൻ അക്കങ്ങളും ചോദിച്ചറിയാനായിരുന്നു ശ്രമം.

അക്കൗണ്ടുകളുള്ള ബാങ്കുകളുടെ പേരും കൃത്യമായി പറഞ്ഞതിനു ശേഷമായിരുന്നു തട്ടിപ്പിന് ശ്രമം നടത്തിയത്. എന്നാൽ തട്ടിപ്പ് തിരിച്ചറിഞ്ഞ അശോക് കുമാർ ഉടൻ തന്നെ ബാങ്കുകളിൽ വിവരമറിയിച്ചു. അതുകൊണ്ട് പണം നഷ്ടമായില്ല.

അതേസമയം ഷാർജയിലെ ജൂവലറിയിൽ നിന്ന് അശോകിന്റെ ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് 2000 ദിർഹത്തിന്റെ സ്വർണം വാങ്ങാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ലെന്ന് അശോക് പറഞ്ഞു. ഉടൻ ബാങ്കുകളിൽ വിവരമറിയിച്ച് മുഴുവൻ കാർഡുകളും ബ്ലോക്ക് ചെയ്യുകയും ചെയ്തു. അതിനാൽ ആ ശ്രമവും നടന്നില്ല.

ഇത്തരത്തിലുള്ള തട്ടിപ്പുകൾ മുൻപും വ്യാപകമായി നടന്നുവരുന്നതാണ്. അക്കൗണ്ട് ഉടമകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും വ്യാജ ഫോൺവിളികൾ തിരിച്ചറിയണമെന്നും ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകി.

Attempted financial fraud in the name of Dubai Police

COMMENTS

Wordpress (0)
Disqus ( )