ഹിറ്റ്‌ലറായി ഇന്ദ്രന്‍സ് എത്തുന്നു; വൈറലായി ‘ഒരു ബാര്‍ബറിന്റെ കഥ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
ലോകത്തെ വിറപ്പിച്ച സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ വേഷത്തില്‍ ഇന്ദ്രന്‍സ് എത്തുന്നു. ‘ഒരു ബാര്‍ബറിന്റെ കഥ’ എന്ന ഹൃസ്വ ചിത്രത്തിലൂടെയാണ് നടന്‍ വ്യത്യസ്ത വേഷത്തിലെത്തുന്നത്. ഒരു ഏകാധിപതി എത്തുന്നു എന്ന ക്യാപ്ഷനോടെ താരം തന്നെയാണ് ആദ്യ പോസ്റ്റര്‍ പങ്കുവെച്ചത്.
കേരള ചലച്ചിത്ര അക്കാദമി ഒരു ഷോട്ട് ഫിലിം തിരക്കഥാരചനാ മത്സരം നടത്തിയിരുന്നു. കേരളത്തിലെ കോവിഡ് അതിജീവനത്തെ പ്രമേയമാക്കി തിരക്കഥ എഴുതാനായിരുന്നു നിര്‍ദ്ദേശം. എഴുനൂറിലധികം പേര്‍ പങ്കെടുത്തു. അതില്‍ നിന്ന് അറുപത് പേരെ ഷോട്ട്‌ലിസ്റ്റ് ചെയ്തു. സംവിധായകൻ ബ്ലെസി, ശ്യാമപ്രസാദ്, ആര്‍. ഉണ്ണി, സജീവ് പാഴൂര് എന്നിവർ അടങ്ങുന്ന ജഡ്ജിംഗ് പാനലാണ് അതില്‍ നിന്നും മികച്ച പത്ത് തിരക്കഥകള്‍ തെരഞ്ഞെടുത്തത്. അതിലൊന്നാണ് ഒരു ബാര്‍ബറിന്റെ കഥ.
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഷനോജ് ആര്‍. ചന്ദ്രനാണ് കഥ എഴുതിയത്.. അക്കാദമിയുടെ പങ്കാളിത്തത്തോടെ ഷോര്‍ട്ട് ഫിലിം ചെയ്യാന്‍ അനുമതി കിട്ടുമ്പോള്‍ ഷനോജ് തന്നെ സംവിധായകനുമായി.
ഹിറ്റ്‌ലറുടെ ഹെയര്‍ സ്റ്റൈലും മീശയുമായി നടന്‍ നാസി സല്യൂട്ട് ചെയ്യുന്ന ചിത്രമാണ് ‘ഒരു ബാര്‍ബറിന്റെ കഥ’യുടെ പോസ്റ്റര്‍. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നിര്‍മ്മാണ സംരംഭമാണ് ഈ ലഘു സിനിമയെന്ന് സംവിധായകന്‍ ഷനോജ് ആര്‍ ചന്ദ്രന്‍ പ്രതികരിച്ചു. അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഷോട്ട് ഫിലിം ഫെസ്റ്റിവലില്‍വച്ച് ഈ ഹ്രസ്വ ചിത്രവും പ്രദര്‍ശിപ്പിക്കും. ചിത്രത്തിന് ഈണമൊരുക്കുന്നത് ബിജിബാല്‍ ആണ്. രാജേഷ് പീറ്റര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
actor Indrans plays the role of Adolf Hitler in oru barbarinte katha