മൂന്നു മാസത്തിനിടയില്‍ കുവൈറ്റ് വിട്ടത് 68000ത്തോളം പ്രവാസികള്‍; കൂടുതലും ഇന്ത്യക്കാര്‍

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 21,341 ഇന്ത്യക്കാരാണ് കുവൈറ്റിലെ ജോലി മതിയാക്കി നാട്ടിലേക്ക് തിരിച്ചത്

മൂന്നു മാസത്തിനിടയില്‍ കുവൈറ്റ് വിട്ടത് 68000ത്തോളം പ്രവാസികള്‍; കൂടുതലും ഇന്ത്യക്കാര്‍

2021ന്റെ ആദ്യ പാദത്തില്‍ കുവൈറ്റില്‍ നിന്ന് ജോലി മതിയാക്കി നാട്ടിലേക്ക് തിരിച്ചത് 67,809 പേര്‍. 17,398 ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെയാണിത്. ഇങ്ങനെ കുവൈറ്റ് വിട്ടവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യക്കാരാണെന്നും പുതിയ ലേബര്‍ മാര്‍ക്കറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 21,341 ഇന്ത്യക്കാരാണ് കുവൈറ്റിലെ ജോലി മതിയാക്കി നാട്ടിലേക്ക് തിരിച്ചത്. ഇവരില്‍ 10,169 പേര്‍ ഗാര്‍ഹിക തൊഴിലാളികളാണ്. 6,136 ബംഗ്ലാദേശികളും 2,543 ഫിലിപ്പിനോകളും കുവൈറ്റിലെ ജോലി മതിയാക്കി പോവുകയുണ്ടായി.

മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴില്‍ മാര്‍ക്കറ്റില്‍ സ്വകാര്യ മേഖലയില്‍ 1,536,033 പേരാണുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ 411,464 പേരും. കൊവിഡ് വ്യാപനം ആരംഭിച്ച 2020 മാര്‍ച്ച് മുതല്‍ രണ്ട് ലക്ഷത്തിലേറെ പേര്‍ കുവൈറ്റില്‍ തൊഴില്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തുപോയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ഡൗണിനു പിന്നാലെ നിരവധി വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍ അടച്ചിടുകയും തൊഴിലാളികള്‍ ജോലി നഷ്ടമാവുകയും ചെയ്താണ് ഇതിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ജോലിയില്‍ തുടര്‍ന്നെങ്കിലും പലര്‍ക്കും മാസങ്ങളായി ശമ്പളം ലഭിക്കാത്ത സ്ഥിതി വന്നു.

ഇതേത്തുടര്‍ന്ന് ഇനിയും പിടിച്ചു നില്‍ക്കാനാവില്ലെന്ന് കണ്ട സാഹചര്യത്തിലാണ് ഇവര്‍ വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയോടൊപ്പം തൊഴില്‍ മന്ത്രാലയം നടപ്പിലാക്കിയ സ്വദേശിവല്‍ക്കരണവും ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ജീവനക്കാരുടെ തൊഴിലുകള്‍ നഷ്ടപ്പെടാന്‍ ഇടവരുത്തി.

സര്‍വകലാശാലാ ബിരുദമില്ലാത്ത 60 വയസ്സു കഴിഞ്ഞവര്‍ക്ക് വിസ പുതുക്കി നല്‍കില്ലെന്ന സര്‍ക്കാരിന്റെ തീരുമാനവും പ്രവാസികള്‍ക്ക് തിരിച്ചടിയായി. 42,000ത്തിലേറെ പ്രവാസികളാണ് ഇങ്ങനെ വിസ പുതുക്കാനാവാതെ നാല്‍പ്പതിലേറെ വര്‍ഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. പിന്നീട് 2000 ദിനാര്‍ നല്‍കിയാല്‍ വിസ പുതുക്കി നല്‍കുമെന്ന് തീരുമാനം മാറ്റിയെങ്കിലും അതും കാര്യമായ ഗുണം ചെയ്തില്ല.

About 68000 expatriates left Kuwait in the last three months

COMMENTS

Wordpress (0)
Disqus ( )