യുഎഇയില്‍ താമസസ്ഥലത്ത് തീപിടിച്ചു; പുക ശ്വസിച്ച് കൊല്ലം സ്വദേശി മരിച്ചു
എയര്‍ കണ്ടീഷണറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതോടെ തീപടരുകയായിരുന്നു
അബുദാബിയിലെ മുസഫ വ്യവസായ നഗരിയില്‍ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് മലയാളി മരിച്ചു. കൊല്ലം അഞ്ചല്‍ എരൂര്‍ ഷെഫീന മന്‍സിലില്‍ റഫീഖ് മസൂദ്(37) ആണ് മുസഫ വ്യവസായ നഗരിയിലെ സെക്ടര്‍ 37ലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. എയര്‍ കണ്ടീഷണറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതോടെ തീപടരുകയായിരുന്നു. പാന്‍ട്രിയില്‍ ഭക്ഷണം കഴിക്കുകയായിരുന്നു റഫീഖ് മസൂദ്. പുക ഉയര്‍ന്നതോടെ കെട്ടിടത്തിലുണ്ടായിരുന്ന 20ഓളം ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ രണ്ടാം നിലയിലെ പാന്‍ട്രിയില്‍ ഉണ്ടായിരുന്ന റഫീഖിന് രക്ഷപ്പെടാനായില്ല.
അബുദാബി അല്‍ ഷഹാമ റോഡിലെ ഡിയര്‍ ഫീല്‍സ് മാളിലെ സതേണ്‍ ഫ്രൈഡ് ചിക്കന്‍ ബ്രാഞ്ചിലെ സീനിയര്‍ അസോസിയേറ്റീവ് ആയി ജോലി ചെയ്യുകയായിരുന്നു റഫീഖ്.
അബുദാബി അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി അബോധാവസ്ഥയിലായ റഫീഖിനെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഈ സ്ഥാപനത്തിലെ ജീവനക്കാരാണ് കെട്ടിടത്തില്‍ താമസിക്കുന്നത്. മാതാവ്: റഷീദ, ഭാര്യ: ഷെഫീന. ഒരു കുട്ടിയുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുമെന്ന് എസ് എഫ് സി മാനേജ്‌മെന്റ് അറിയിച്ചു.
a native of Kollam died after inhaling smoke in UAE