എട്ട് മാസം പ്രായമുള്ള കുട്ടിയുടെ ചികിത്സക്കായി ആശുപത്രിയില്‍ എത്തിയത് 16 വയസ്സുള്ള അമ്മ; അന്വേഷണവുമായി പൊലീസ്
കുഞ്ഞിന് ചികിത്സ തേടിയാണ് പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്

കോട്ടയം: എട്ടു മാസം പ്രായമുള്ള കുഞ്ഞുമായി 16 വയസുകാരിയായ അമ്മ ആശുപത്രിയില്‍. കുഞ്ഞിന് ചികിത്സ തേടിയാണ് പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്. അമ്മയുടെ പ്രായം 16 വയസാണെന്ന് മനസിലാക്കിയ ആശുപത്രിയില്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ജില്ലാ ശിശുക്ഷേമ സമിതിയും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
തമിഴ്നാട് ഉസലാംപെട്ടി സ്വദേശിനിയാണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടിയുമായി ചികിത്സ തേടിയത്. വിവരം അറിഞ്ഞെത്തിയ പൊലീസ് പെണ്‍കുട്ടിയെ ഏറ്റുമാനൂര്‍ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.
ഒരുവര്‍ഷം മുന്‍പ് 11 മാസം പ്രായമുള്ള കുഞ്ഞ് ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് മരിച്ചെന്നും ഇവര്‍ പൊലീസിനു മൊഴിനല്‍കി. പ്രായം സംബന്ധിച്ച് അന്വേഷിക്കുന്നതിനു ബന്ധുക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പ്രായം പരിശോധിക്കാന്‍ കഴിയുന്ന രേഖകള്‍ ലഭിച്ചില്ലെന്നും ജില്ലാ ശിശുക്ഷേമ സമിതി ജില്ലാ അധികൃതര്‍ അറിയിച്ചു.
ആശുപത്രിയില്‍ കുഞ്ഞിനെ പരിചരിക്കുന്നത് ഇവര്‍ ആയതിനാല്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും ശിശു ക്ഷേമസമിതി അധികൃതര്‍ അറിയിച്ചു. തുടരന്വേഷണത്തിനായി കേസ് ഉസലാംപെട്ടി പൊലീസിനു കൈമാറുമെന്ന് ഗാന്ധിനഗര്‍ എസ്എച്ച്ഒ കെ. ഷിജി അറിയിച്ചു.
A 16-year-old mother arrived at the hospital for treatment of her eight-month-old baby in Kottayam