കോവിഡ് നഷ്ടപരിഹാരം പ്രവാസികള്‍ക്കും നൽകണം; കോണ്‍സുലേറ്റ് ജനറലിന് നിവേദനം നൽകി KMCC

കോവിഡ് നഷ്ടപരിഹാരം പ്രവാസികള്‍ക്കും നൽകണം; കോണ്‍സുലേറ്റ് ജനറലിന് നിവേദനം നൽകി KMCC

ദുബൈ: കോവിഡ് ബാധിച്ചു മരിച്ച പ്രവാസി ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന നിവേദനവുമായി യു.എ.ഇ കെ.എം.സി.സി ഭാരവാഹികള്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനെ സമീപിച്ചു. സുപ്രിം കോടതി ഇന്ത്യാ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടതു പ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കുന്നവരില്‍ കോവിഡ് മൂലം മരിച്ച പ്രവാസികളുടെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തണമെന്ന നിവേദനമാണ് കെ.എം.സി.സി സമര്‍പ്പിച്ചത്. കെ.എം.സി.സി നേതാക്കളെ ഹാര്‍ദ്ദമായി സ്വീകരിച്ച കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍പുരി നിവേദനം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന ഉറപ്പു നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കപ്പെട്ട കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ വിധിയുടെ പശ്ചാത്തലത്തിലാണ് കെ.എം.സി.സി കോണ്‍സുല്‍ ജനറലിനു മുമ്പാകെ നിവേദനം സമര്‍പ്പിക്കുന്നത്.

പ്രവാസിലോകം മുഴുവന്‍ ഈ ആവശ്യം ഉന്നയിക്കുകയാണ്. കോവിഡ് നഷ്ടപരിഹാരം നല്‍കുക എന്നത് പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതലയാണെന്ന പരമോന്നത നീതിപീഠത്തിന്റെ നിര്‍ദ്ദേശം ആറെ ആശ്വാസം നല്‍കുന്ന ഒന്നാണ്. മരിച്ചവരുടെ കുടുംബത്തിന് മിനിമം സഹായം നല്‍കണമെന്നാണ് തുക എത്രയെന്നു പറയാതെ സുപ്രീംകോടതി നിര്‍ദേശിച്ചത്.

ഇന്ത്യാ ഗവണ്‍മെന്റ് ഈ നഷ്ടപരിഹാരത്തുക നല്‍കുമ്പോള്‍ അതില്‍ പ്രവാസി ഇന്ത്യക്കാരെ ഉള്‍പ്പെടുത്തണമെന്നത് സാമൂഹ്യനീതിയുടെ പ്രശ്‌നമാണ്. പ്രവാസിലോകത്തിന്റെ ക്ഷേമകാര്യങ്ങളില്‍ സ്വന്തം നിലക്കും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഇടപെടലുകള്‍ നടത്തിയും പ്രവര്‍ത്തിക്കുന്ന കെ.എം.സി.സിയെ അഭിനന്ദിച്ചുകൊണ്ടാണ് നിവേദനം കോണ്‍സുല്‍ ജനറല്‍ സ്വീകരിച്ചത്.

നിവേദനത്തിലെ നിര്‍ദ്ദേശങ്ങള്‍ വിദേശകാര്യവകുപ്പിനു കൈമാറുമെന്ന് കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍പുരി ഉറപ്പു നല്‍കിയതായും യു.എ.ഇ കെ.എം.സി.സി പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന്‍ വ്യക്തമാക്കി. കെ.എം.സി.സിയുടെ നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന്‍, ഉപദേശക സമിതി ചെയര്‍മാന്‍ ശംസുദ്ദീന്‍ ബിന്‍ മുഹിയിദ്ദീന്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ എന്നിവരാണ് കോണ്‍സുലേറ്റ് ജനറലിനെ കണ്ടത്.

KMCC has submitted a petition to the Consulate General that covid compensation should be given to expatriates also

COMMENTS

Wordpress (0)
Disqus ( )