‘ആ പ്രവാസി കുടുംബങ്ങളെ ചേർത്തു നിർത്തണം’- കെ.സി വേണുഗോപാൽ MP

‘ആ പ്രവാസി കുടുംബങ്ങളെ ചേർത്തു നിർത്തണം’- കെ.സി വേണുഗോപാൽ MP

സംസ്ഥാനത്തെ കോവിഡ് മരണനിരക്ക് സംബന്ധിച്ച് സർക്കാർ രേഖകളിലുണ്ടായ തിരിമറി കേരളം ഗൗരവത്തോടെ ചർച്ച ചെയ്തതാണല്ലോ. കോവിഡ് മരണങ്ങളുടെ എണ്ണം കുറച്ച് കാണിച്ച് മരണ നിരക്ക് നിയന്ത്രിക്കാൻ സാധിച്ച സംസ്ഥാനമാണെന്ന വ്യാജ ഖ്യാതിയുണ്ടാക്കുവാനുള്ള ശ്രമങ്ങളായിരുന്നു സർക്കാർ നടത്തിയത്.

കോവിഡ് നെഗറ്റീവായതിന് തൊട്ടുപിന്നാലെ ഉണ്ടായ മരണം പോലും പട്ടികയിൽ നിന്നൊഴിവാക്കിയതായും താഴേത്തട്ടിൽ നിന്ന് കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്ത മരണങ്ങൾ സംസ്ഥാനതല വിദഗ്ധ സമിതി ഇടപെട്ട് തരംതിരിച്ച് ഒഴിവാക്കിയതായും വ്യാപക പരാതിയുണ്ട്.

കോവിഡ് മൂലം മരിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ, സർക്കാറിന്റെ ഔദ്യോഗിക മരണ വിവര പട്ടികയിൽ ഇടം കിട്ടാത്തവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകും. ഇത്തരം അവസ്ഥ ഒഴിവാക്കാനാണ് കോവിഡ് മരണ വിവരത്തിൽ തിരിമറി ഉണ്ടാകരുതെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെടുന്നത്.

ഇതോടൊപ്പം ഗൗരവപൂർവം പരിശോധിക്കേണ്ട വിഷയമാണ് വിദേശ നാടുകളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവര ശേഖരണം. ഒട്ടേറെ പ്രവാസി മലയാളികൾ ഇങ്ങനെ മരണത്തിന് കീഴടങ്ങിയെങ്കിലും അവരുടെയൊന്നും കണക്കുകൾ സംസ്ഥാന സർക്കാറിന്റെ കൈവശമില്ല. കുടുംബംപോറ്റാൻ മണലാരണ്യത്തിൽ അധ്വാനിക്കാൻ പോയ പാവപ്പെട്ടവരാണ് അവരിലേറെയും. ഉറ്റവർക്ക് ആ മൃതദേഹം പോലും ഒരു നോക്കു കാണാനാവാത്ത സാഹചര്യമായിരുന്നു.

സുപ്രീം കോടതി വിധിയെ തുടർന്ന് ദേശീയ ദുരന്ത നിവാരണ നിയമപ്രകാരമോ കേന്ദ്ര സർക്കാറിന്റെ മാനദണ്ഡപ്രകാരമോ നഷ്ടപരിഹാരം പ്രഖ്യാപിച്ചാൽ, ഈ പ്രവാസി കുടുംബങ്ങൾക്ക് ആനുകൂല്യം കിട്ടാത്ത അവസ്ഥയുണ്ടാവും.

കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ പട്ടികയിൽ അപ്രകാരം മരിച്ച പ്രവാസി മലയാളികളുടെയെല്ലാം പേരുകൾ ഉൾപ്പെടുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ ഉറപ്പാക്കണം. അവരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങാവാനുള്ള ഉത്തരവാദിത്തം കേരള സർക്കാറിനുണ്ട്. പട്ടിക കുറ്റമറ്റതാക്കാൻ കേന്ദ്ര സർക്കാറും തയ്യാറാവണം.

KC Venugopal mp says that expatriates should be included in the list of Indians who died due to covid

COMMENTS

Wordpress (0)
Disqus ( )