കേരളം പിന്നോട്ട് നടക്കുകയാണോ ? – ഹരീഷ് വാസുദേവൻ
കേരളത്തിന്റെ ഭൂമി-സ്‌പേഷ്യൽ പ്ലാനിങ് ഇല്ലായ്മയാണ് ഓരോ ദുരന്തങ്ങളുടെയും ആഘാതം കൂട്ടുന്നത് എന്ന വസ്തുതയിൽ സർക്കാരിന് പോലും തർക്കമില്ല. രണ്ടിലും ശാസ്ത്രീയമായ പ്ലാനിങ് നെ കാലാകാലമായി അട്ടിമറിക്കുന്നത് inaction ലൂടെ സർക്കാർ തന്നെയാണ്. അതിൽ താഴെത്തട്ടിലെ പഞ്ചായത്ത് മെമ്പർ മുതൽ തലപ്പത്തെ മന്ത്രിസഭ വരെ അവരവരുടെ പങ്ക് നിർവഹിക്കുന്നു. അപ്പോഴാണ് ബിൽഡിങ് പെർമിറ്റ് ഇല്ലാതെ കെട്ടിടം പണിയാമെന്ന പുതിയ നിയമവുമായി വരുന്നത്.
ചുവപ്പ് നാട ഒഴിവാക്കാൻ ഓണലൈനായി അപേക്ഷ പ്രോസസ് ചെയ്താൽ മതി. മനപൂർവം ദ്രോഹിക്കുന്ന ഉദ്യോഗസ്ഥർക്ക് ശിക്ഷ കൊണ്ടുവന്നാൽ മതി. അല്ലാതെ നിയന്ത്രണം തന്നെ പൂർണ്ണമായി എടുത്തു കളയുകയല്ല പോംവഴി. അത് പ്രശ്നം കുറയ്ക്കുന്നില്ല, കൂട്ടുകയാണ് ചെയ്യുക. അര നൂറ്റാണ്ടായി കേരളം നടത്തുന്ന പ്ലാനിങ് മൊത്തത്തിൽ പൊളിക്കുകയാണ് ഈ ഭേദഗതി ചെയ്യുക.
പ്ലാനും പെർമിറ്റും സ്വയം സാക്ഷ്യപ്പെടുത്തി നടക്കുന്ന നിർമ്മാണത്തിന് ശേഷം മാത്രമാണ് പരിശോധന. ലംഘനമാണെങ്കിൽ പൊളിക്കേണ്ടി വരും. നഷ്ടം ആ നിർമ്മിക്കുന്നവന് മാത്രമല്ല, സ്വതവേ ലഭ്യതക്കുറവ് നേരിടുന്ന നിർമ്മാണ വിഭവങ്ങളായ പാറ, മണൽ, എന്നീ പ്രകൃതി വിഭവങ്ങൾ കൂടിയാണ്. നഷ്ടം പൊതുസമൂഹത്തിനാണ്. മാത്രമല്ല, നിർമ്മിക്കുന്ന ലംഘനങ്ങൾ മുഴുവൻ ഇടക്കിടെ ക്രമവൽക്കരണം നടത്തുന്നതും മൊത്തം പ്ലാനിങ്ങിനെ പൊളിക്കുകയാണ്. ഈ ഭേദഗതി ആരുടെ ശുപാർശയാണ്? ഇതിന്റെ ഗുണദോഷ വശങ്ങൾ ഏത് വിദഗ്ധ സമിതിയാണ് പഠിച്ചത്? അതോ സെക്രട്ടേറിയറ്റിലെ സിംഹങ്ങൾ എല്ലാ വൈദഗ്ധ്യവും സ്വയം അങ്ങ് ഏറ്റെടുക്കുകയാണോ?
എന്താണ് സ്‌പേഷ്യൽ പ്ലാനിങ്, എന്താണ് അതിന്റെ സാമൂഹിക- സാമ്പത്തിക-പാരിസ്ഥിതിക വികസനത്തിലെ പ്രാധാന്യം, എന്നൊക്കെ അറിയേണ്ടവർ ഗൂഗിൾ ചെയ്തു സ്വയം വായിച്ചു മനസിലാക്കേണ്ടതാണ്. നിയമ ഇളവുകളുടെ പേരിൽ നവകേരളം ശരിക്കും മുന്നോട്ടാണോ പിറകോട്ടാണോ നടക്കുന്നത് എന്ന കാര്യം പിണറായി വിജയനും പ്ലാനിങ് ബോർഡും ഒന്ന് പരിശോധിക്കണം.
Stakeholder Consultation എന്നതിന് ജനാധിപത്യത്തിൽ ഒരു വിലയുമില്ലെന്നു കരുതുന്ന ഒരു സർക്കാരാണോ കേരളത്തിൽ? നിർണ്ണായക നയരൂപീകരണം നടത്തുന്നതിന് മുൻപ് ജനാഭിപ്രായം കേട്ടാൽ അത്രയും പഴുതില്ലാത്ത നിയമമുണ്ടാക്കാം എന്ന പ്രാഥമിക ഭരണ തത്വമൊന്നും ഇവിടെ ബാധകമല്ലെന്നുണ്ടോ ? ഇത് കോടതിയിൽ ചോദ്യം ചെയ്യും.
കോടതിയിൽ മാത്രമല്ല, ജനകീയമായും. ഫണ്ട് കടം വാങ്ങാൻ മാത്രമാണോ പഠന റിപ്പോർട്ടുകൾ എന്നൊന്ന് അറിയണമല്ലോ.
Advocate Harish Vasudevan asks is Kerala going backward