ഇനി കാത്തിരിക്കേണ്ട; ഖത്തറിലെത്തും മുമ്പുതന്നെ ഇഹ്തിറാസിൽ രജിസ്ട്രേഷൻ ചെയ്യാം
ദോഹ: കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷനായ ‘ഇഹ്തിറാസിൽ’ പേര് രജിസ്റ്റർ ചെയ്യാനും മറ്റുമായി ഇനി ഖത്തറിലെത്താൻ കാത്തിരിക്കേണ്ട. ദോഹയിൽ വിമാനമിറങ്ങും മുമ്പുതന്നെ നിങ്ങളുടെ പേര്, യാത്രാവിവരങ്ങൾ, ആരോഗ്യവിവരങ്ങൾ, ക്വാറൻറീൻ തുടങ്ങിയ എല്ലാ വിവരങ്ങളും നൽകാനുള്ള പ്രീ രജിസ്ട്രേഷൻ സംവിധാനമൊരുക്കി ഇഹ്തിറാസിൻെറ പുതിയ അപ്ഡേഷൻ. ഇഹ്തിറാസ് ആപ് തുറക്കുമ്പോൾ ലഭിക്കുന്ന സ്ക്രീനിെൻറ മുകളിലായാണ് പുതിയ സേവനം ലഭ്യമാകുക.
വിമാനത്താവളത്തിലെത്തുന്നവരുടെ ആരോഗ്യവിവരങ്ങൾ തിട്ടപ്പെടുത്തുന്നതിനും ക്വാറൻറീൻ സംബന്ധിച്ച വിവരങ്ങൾ അല്ലെങ്കിൽ, ക്വാറൻറീനിൽനിന്ന് ഇളവ് തുടങ്ങിയ വിവരങ്ങൾ മുൻകൂട്ടി രേഖപ്പെടുത്തുന്നതിനും പുതിയ സേവനം പ്രയോജനപ്പെടും. നിലവിൽ ഈ സേവനം നിർബന്ധമല്ലെങ്കിലും യാത്രക്കാരൻ ഖത്തറിലേക്ക് പ്രവേശിക്കുന്ന സന്ദർഭത്തിലെ നടപടികൾ വേഗത്തിലാക്കാനും തിരക്കും കാത്തിരിപ്പ് സമയവും കുറക്കാനും സേവനം ഗുണംചെയ്യും.
വിവരങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിന് ഉപയോക്താവ് യൂസർ നെയിമും പാസ്വേഡും നൽകണം.നൽകുന്ന ഇ–മെയിൽ വിലാസത്തിലേക്ക് സേവനം ആക്ടിവേറ്റ് ചെയ്യുന്നതിനുള്ള സന്ദേശം ലഭിക്കുന്നതോടെ രജിസ്േട്രഷൻ നടപടികൾ ആരംഭിക്കാം. യാത്രക്കാരനോടൊപ്പം കുടുംബാംഗങ്ങൾ ആരെങ്കിലും അതേ വിമാനത്തിൽ ഉണ്ടെങ്കിൽ അവർക്ക് വേണ്ടിയും സേവനത്തിൽ രജിസ്റ്റർ ചെയ്യാം. എന്നാൽ, നൽകുന്ന വിവരങ്ങളും രേഖകളും അടിസ്ഥാനമാക്കിയായിരിക്കും തുടർനടപടികൾ.
രജിസ്റ്റർ ചെയ്യുന്നതിനായി ഖത്തരികളും ഖത്തറിലെ താമസക്കാരും തങ്ങളുടെ ഐഡി നമ്പർ നൽകണം. ജി.സി.സി പൗരന്മാർ അവരുടെ പാസ്പോർട്ട് നമ്പറും സന്ദർശകർ വിസനമ്പറും നൽകണം. കൂടാതെ ജി.സി.സി രാജ്യങ്ങളിൽനിന്നുള്ളവർ പാസ്പോർട്ട് കോപ്പി, നെഗറ്റിവ് ആർ.ടി.പി.സി.ആർ ടെസ്റ്റ് റിസൽട്ട് കോപ്പി, വാക്സിനേഷൻ സർട്ടിഫിക്കറ്റ് (വാക്സിൻ പൂർണമായും സ്വീകരിച്ചവർ), ഡിസ്കവർ ഖത്തറിലെ ഹോട്ടൽ റിസർവേഷൻ (ക്വാറൻറീൻ നിർബന്ധമുള്ളവർ), കോവിഡ് റിക്കവറി സർട്ടിഫിക്കറ്റ് എന്നിവ അറ്റാച്ച് ചെയ്യണം.
ehteraz registration can be done before arriving in Qatar