കുവൈത്തില്‍ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതായി സംശയം; ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍

കുവൈത്തില്‍ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതായി സംശയം; ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍

കുവൈത്ത് സിറ്റി : രാജ്യത്ത് കൊവിഡിന്‍റെ അതി വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതായി സംശയം. കൊറോണ വൈറസ്‌ പുതിയ വകഭേദങ്ങളും അസ്ഥിരമായ കാലാവസ്ഥയും കോവിഡ് കേസുകള്‍ ഉയരുവാന്‍ കാരണമാകുന്നതായി കൊറോണ സുപ്രീം ഉപദേശക സമിതി തലവൻ ഡോ. ഖാലിദ് അൽ ജറല്ല അഭിപ്രായപ്പെട്ടു.രാജ്യത്ത് കോവിഡ് മൂലം മരണപ്പെട്ടവരില്‍ ഭൂരിഭാഗവും വാക്സിന്‍ സ്വീകരിക്കാത്തവരാണെന്നും ഇപ്പോയത്തെ സാഹചര്യത്തില്‍ കൊറോണക്കെതിരെയുള്ള പ്രതിരോധ മാര്‍ഗ്ഗം വാക്സിനേഷന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അതിവേഗമാണ് കൊവിഡിന്‍റെ വകഭേദങ്ങള്‍ക്ക് ജനിതക മാറ്റം സംഭവിക്കുന്നതെന്നും ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഡോ. ഖാലിദ് ആവശ്യപ്പെട്ടു.

അതിനിടെ ശക്തമായ ആരോഗ്യ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടും പ്രതിദിന രോഗികളില്‍ കാര്യമായ കുറവ് വരാത്തതാണ് ഇപ്പോയത്തെ ആശങ്കക്ക് കാരണം. സാധാരണ വൈറസിനെക്കാള്‍ 60 ശതമാനം വ്യാപന വേഗതയുള്ളതാണ് ഡെല്‍റ്റ വകഭേദങ്ങള്‍. ഈ കഴിഞ്ഞ മാസങ്ങളില്‍ പ്രതിദിന കേസുകളോടപ്പം മരണ നിരക്ക് ഉയരുന്നതും ഗൌരവമേറിയ അവസ്ഥയിലേക്കാണ് രാജ്യത്തെ കൊണ്ട് പോകുന്നതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. രാജ്യത്തെ ഒട്ടുമിക്ക ആശുപത്രികളിലെയും വാര്‍ഡുകളില്‍ ബെഡുകള്‍ നിറഞ്ഞ് കൊണ്ടിരിക്കുകയാണ്. കൊറോണ കേസുകള്‍ ഇപ്പോയുള്ളതില്‍ നിന്നും ഉയരുകയാണെങ്കില്‍ ആരോഗ്യ മേഖലയില്‍ കടുത്ത പ്രതിസന്ധിയാകും സൃഷ്ടിക്കുക.അതിനിടെ ഏത് സാഹചര്യത്തെ നേരിടുവാനും ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഡെല്‍റ്റ വകഭേദം കണ്ടത്തിയതിനെ തുടര്‍ന്ന് നിരവധി പ്രതിരോധ നടപടികള്‍ക്ക് അധികൃതര്‍ തുടക്കം കുറിച്ചിരുന്നു. പ്രത്യേക സാങ്കേതിക സംഘത്തിന്‍റെ സഹായത്തോടെ ജനറ്റിങ് പ്ലാനിങ് അടക്കമുള്ളവ നടത്തിവരുന്നുണ്ട്. അതോടപ്പം പ്രതിരോധ കുത്തിവെപ്പ് ഊര്‍ജ്ജിതപ്പെടുത്തിയത് ഇപ്പോയത്തെ സമ്മര്‍ദ്ദം കുറക്കുവാന്‍ സഹായകരമാകുമെന്നാണ് അധികൃതര്‍ കരുതുന്നത്. പൊതു ജനങ്ങള്‍ കൊവിഡിനെതിരായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്നും മാസ്‍ക് ധരിക്കുക, കൈകള്‍ വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളില്‍ വീഴ്ച വരുത്തരുതെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

കൊവിഡിന്‍റെ അതി വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് വീണ്ടും രൂപമാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും അപകടകരമായ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നും ഡബ്ല്യൂ എച്ച് ഒ ഡയറക്‌ടര്‍ ജനറല്‍ ടെഡ്രോസ് ആഥനോം ഗബ്രിയേസൂസ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കല്‍, കെട്ടിടങ്ങളുടെ അകത്ത് വായുസഞ്ചാരം ഉറപ്പാക്കല്‍ എന്നിവയൊക്കെ പ്രധാനമാണെന്നും നിരീക്ഷണം, പരിശോധന, രോഗബാധിതരെ നേരത്തേ കണ്ടെത്തല്‍, ഐസൊലേഷന്‍, ചികിത്സിക്കല്‍ എന്നിങ്ങനെയുള്ള രീതി തുടരുകയാണ് പുതിയൊരു തരംഗത്തെ ഒഴിവാക്കാനുള്ള മാര്‍ഗമെന്നും ടെഡ്രോസ് ആഥനോം ഗബ്രിയേസൂസ് അഭിപ്രായപ്പെട്ടു.

COMMENTS

Wordpress (0)
Disqus ( )