വാക്സിൻ എടുക്കുന്നതിന് മുൻപായി PCR പരിശോധന ആവശ്യമില്ല; ഒമാൻ ആരോഗ്യ മന്ത്രാലയം

വാക്സിൻ എടുക്കുന്നതിന് മുൻപായി PCR പരിശോധന ആവശ്യമില്ല; ഒമാൻ ആരോഗ്യ മന്ത്രാലയം

COVID-19 വാക്സിൻ കുത്തിവെപ്പ് എടുക്കുന്നതിന് മുൻപായി PCR പരിശോധന നടത്തേണ്ട ആവശ്യമില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന തെറ്റായ വാർത്തകൾ തള്ളിക്കൊണ്ടാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

COVID-19 വാക്സിനുമായി ബന്ധപ്പെട്ടും, വാക്സിൻ സ്വീകരിച്ചവരുമായി ബന്ധപ്പെട്ടും സമൂഹമാധ്യങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ ശബ്ദസന്ദേശങ്ങൾ മന്ത്രാലയം പരിശോധിച്ചതായും അധികൃതർ വ്യക്തമാക്കി. വാക്സിൻ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്ന ഘടകങ്ങൾ, വാക്സിൻ സ്വീകരിക്കുന്നതിനുള്ള നടപടികൾ മുതലായവ സംബന്ധിച്ചും ഇത്തരം തെറ്റായ പ്രചാരണം നടക്കുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.

“രോഗലക്ഷണങ്ങൾ പ്രകടമാക്കാത്തവർ, വാക്സിൻ സ്വീകരിക്കുന്നതിന് മുൻപായി PCR പരിശോധന നടത്തേണ്ട ആവശ്യമില്ല. വാക്സിൻ സ്വീകരിക്കുന്നത് ഗുരുതരമായ രോഗങ്ങൾക്കിടയാക്കുമെന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്.”, ഇത്തരം തെറ്റായ പ്രചാരണങ്ങൾ തള്ളിക്കൊണ്ട് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഫൈസർ, ആസ്ട്രസെനേക വാക്സിനുകളിൽ COVID-19 വൈറസ് അടങ്ങിയിട്ടുണ്ടെന്നും, ഇത് രോഗബാധയ്ക്കിടയാക്കുമെന്ന തരത്തിലുള്ള തെറ്റായവർത്തകളും മന്ത്രാലയം തള്ളിക്കളഞ്ഞു.

ഇത്തരം തെറ്റായ പ്രചാരണങ്ങൾ പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. രോഗസംബന്ധമായ കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ്, സമൂഹ മാധ്യമ അക്കൗണ്ടുകൾ എന്നിവ പിന്തുടരാനും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.

COMMENTS

Wordpress (0)
Disqus ( )