കാനഡയിലെ ചൂടും കേരളത്തിലെ മഴയും!
#അൻവർ സാദത്ത് കെ എച്ച്
നമ്മുടെ നാട്ടിൽ പലരും മറ്റൊരു പ്രളയം സംഭവിക്കുമോ എന്ന ആശങ്കയിൽ കഴിയുന്ന സമയത്താണ് കാനഡയിൽ പല സ്ഥലങ്ങളിലും ചൂട് കൂടുതലാണെന്ന വാർത്ത അറിയുന്നത്. സംഗതി ‘അവിടെ ചൂട് ഇവിടെ മഴ, ഇവിടെ മഴ അവിടെ ചൂട്’ എന്ന് പറഞ്ഞ് നൈസ് ആയിട്ട് ഒഴിവാക്കേണ്ട.
കാനഡയിലെ മാത്രമല്ല മറ്റു പല സ്ഥലങ്ങളിലും ചൂട് അത്യധികം ബുദ്ധിമുട്ടുണ്ടാക്കുന്ന അളവിൽ എത്തി നിൽക്കുന്നു.
ആഗോളതാപനം കാരണം ആണെങ്കിലും അല്ലെങ്കിലും ചൂട് കുറച്ചു നാളുകൾക്കുള്ളിൽ നമ്മുടെ നാട്ടിലും നന്നായി ഉയരാൻ സാധ്യതയുണ്ട്. ഇപ്പോൾ തന്നെ മൂന്നാറും തേക്കടിയും പോലെയുള്ള താരതമ്യേന തണുപ്പുള്ള പ്രദേശങ്ങളിൽ പോലും അവിടുത്തെ നാട്ടുകാരായ ആളുകൾ, ചൂടുകാലത്ത് എയർ കണ്ടിഷനറും കൂളറും ഉപയോഗിക്കുന്ന അവസ്ഥയിലെത്തി. “ഇപ്പൊ ഇവിടെ പണ്ടത്തെപ്പോലെ തണുപ്പൊന്നുമില്ലന്നേ” എന്ന് ആളുകൾ വളരെ അധികമായി പറയാൻ തുടങ്ങി. ആ നാട്ടുകാരല്ലാത്തവർക്ക് ഇത് വിശ്വസിക്കാൻ പ്രയാസം ഉണ്ടാകുമെങ്കിലും അതാണ് സത്യം.
ഇതുമാത്രമല്ല, മയിലുകൾ തീരെ ഇല്ലാതിരുന്നതോ അല്ലെങ്കിൽ വളരെ കുറച്ചു മാത്രം ഉണ്ടായിരുന്നതോ ആയ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഇന്ന് അവയുടെ എണ്ണം അധികരിച്ചിരിക്കുന്നു എന്ന് ഒരു പഠന റിപ്പോർട്ട് വന്നിട്ടുണ്ട്. ഇവയുടെ എണ്ണം പെരുകുന്നത് അവിടങ്ങളിലെ താപനില ഉയരുന്നു എന്നതിന് തെളിവാണ്.
ഇത്രയും പറഞ്ഞുവന്നത് താപനിലക്ക് അങ്ങ് കാനഡയിൽ മാത്രമല്ല ഇങ്ങ് കേരളത്തിലുമുണ്ട് പിടി എന്ന് മനസ്സിലാക്കാനാണ്.
ഈ സംഭവങ്ങൾ ഒറ്റപ്പെട്ടതായത്കൊണ്ട് ആഗോളത്താപനത്തിന്റെ ഭാഗമാണെന്ന് ഉറപ്പിച്ചു പറയാൻ പറ്റില്ലെന്നും, അതല്ല ആഗോളത്താപനത്തിന്റെ ഉത്പന്നം ആണെന്നും വാദിക്കുന്നവരുണ്ട്. ആ ചർച്ചകൾ ഒരു വഴിക്ക് നടക്കുമ്പോൾ തന്നെ നാം ഈ ചൂട് കൂടുന്ന അവസ്ഥയെ അംഗീകരിച്ച് ഇനിയുള്ള കാലം ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ് എന്ന് മനസ്സിലാക്കി പ്രവർത്തിക്കണം.
ആയതിനാൽ നാം ചില തയാറെടുപ്പുകൾ നടത്തേണ്ടതായിട്ടുണ്ട്. AC യും കൂളറും വാങ്ങിയത് കൊണ്ട് തയാറെടുപ്പാവില്ല. കെട്ടിട നിർമാണത്തിലും, മഴവെള്ളം സംഭരിക്കുന്നതിലും, വാഹനങ്ങൾ ഉപയോഗിക്കുന്നതിലും, അങ്ങനെ പലകാര്യങ്ങളിലും ശീലങ്ങളിലും നാം മാറേണ്ടതുണ്ട്.
ഈ വിഷയത്തിൽ എന്നെക്കാൾ അറിവുള്ളവർ നമ്മുടെയും നമ്മുടെ നാടിന്റെയും ഭാവി മുന്നിൽ കണ്ട് പഠനങ്ങളും ബോധവത്കരണവും നടത്തണം. ആ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ നിയമങ്ങളും മാർഗനിർദേശങ്ങളും സർക്കാർ പുറപ്പെടുവിക്കുകയും വേണം. പല സർക്കാർ-വകുപ്പുകളും വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളും കൈകോർത്ത് മുന്നേക്ക് പോകണം. ഈ കൈകോർക്കൽ നാടിന്റെ നിലനിൽപ്പിനാണ്, നമ്മുടെ നന്മക്കാണ്, വരും തലമുറകളുടെ സംരക്ഷണത്തിനാണ് എന്ന് മനസ്സിലാക്കി നമുക്കെല്ലാവർക്കും നല്ലൊരു നാളെക്കായി ഉണർന്ന് പ്രവർത്തിക്കാം.
PS – ബുദ്ധിമാൻ എപ്പോഴും മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്ന് പാഠം പഠിച്ച് മുന്നേക്ക് കുതിക്കണം എന്നാണ് പഴമൊഴി.