Smart Phone For Kerala | നിർധനരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായ പദ്ധതിയുമായി KCCNA
ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ സംഘടനകളുടെ മാതൃസംഘടനയായ കെ.സി.സി.എന്‍.എ. (ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക)യുടെ ആഭിമുഖ്യത്തില്‍ കോവിഡ് കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കേരളത്തിലെ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ സൗജന്യമായി നല്‍കുന്ന പദ്ധതി നടപ്പിലാക്കുന്നു.
പഠനാവശ്യത്തിനായി സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുവാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന 8-ാം ക്ലാസ്സ് മുതല്‍ 12-ാം ക്ലാസ്സ് വരെ പഠിക്കുന്ന മുഴുവന്‍ ക്‌നാനായ കുട്ടികള്‍ക്കും അതുപോലെ തന്നെ കോട്ടയം അതിരൂപതയുടെ എല്ലാ സ്‌കൂളുകളിലെയും 8-ാം ക്ലാസ്സ് മുതല്‍ 12-ാം ക്ലാസ്സ് വരെ പഠിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ അത്യാവശ്യമുള്ള മുഴുവന്‍ കുട്ടികള്‍ക്കും 7000 രൂപാ വിലവരുന്ന സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുവാനുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു.
കെ.സി.സി.എന്‍.എ.യുടെ കീഴിലുള്ള മുഴുവന്‍ അംഗസംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഈ പരിപാടിയിലൂടെ ഏകദേശം 500 സ്മാര്‍ട്ട് ഫോണുകള്‍ ആണ് വിതരണം ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത്. കോവിഡ് മഹാമാരിയിലൂടെ കടന്നുപോകുന്ന നമ്മുടെ കേരളത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെ അവരുടെ വിദ്യാഭ്യാസത്തിനായി സഹായിക്കുന്ന ഈ ജീവകാരുണ്യപദ്ധതിയില്‍ പങ്കുചേരുവാന്‍ കെ.സി.സി.എന്‍.എ. എക്‌സിക്യൂട്ടീവ് കമ്മറ്റി അഭ്യര്‍ത്ഥിച്ചു.
ഒരു ഫോണിന് 100 ഡോളര്‍ എന്ന നിരക്കില്‍ സ്‌പോണ്‍സര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ അതാത് യൂണിറ്റ് ഭാരവാഹികളുമായോ, കെ.സി.സി.എന്‍.എ. ഭാരവാഹികളായ സിറിയക് കൂവക്കാട്ടില്‍ (630 673 3382), ജോണ്‍ കുസുമാലയം (845 671 0922), ലിജോ മച്ചാനിക്കല്‍ (917 359 5649), ജിറ്റി പുതുക്കേരിയില്‍ (346 754 2407), ജയ്‌മോന്‍ കട്ടിണശ്ശേരിയില്‍ (813 502 3447) എന്നിവരുമായോ എത്രയും വേഗം ബന്ധപ്പെട്ട് ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്ന് കെ.സി.സി.എന്‍.എ. എക്‌സിക്യൂട്ടീവ് കമ്മറ്റി അഭ്യര്‍ത്ഥിച്ചു.
ഇതിനോടനുബന്ധിച്ച് സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നതിന്റെ ഉദ്ഘാടനം ചിക്കാഗോ ക്‌നാനായ സെന്ററില്‍ വെച്ച് നടന്ന മീറ്റിംഗില്‍ കെ.സി.എസ്. പ്രസിഡന്റ് തോമസ് പൂതക്കരിയില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചുകൊണ്ട് കെ.സി.സി.എന്‍.എ പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.സി.സി.എന്‍.എ. ആര്‍.വി.പി. ജസ്റ്റിന്‍ തെങ്ങനാട്ട്, കെ.സി.എസ്. വൈസ് പ്രസിഡന്റ് ജോസ് ആനമല, സെക്രട്ടറി ലിന്‍സണ്‍ കൈതമലയില്‍, ട്രഷറര്‍ ഷിബു മുളയാനിക്കുന്നേല്‍, ജോയിന്റ് സെക്രട്ടറി ആല്‍ബിന്‍ ഐക്കരേത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.