കത്തുന്ന കാനഡയിൽ നിന്നും കുറച്ചു പാഠങ്ങൾ – മുരളി തുമ്മാരുകുടി

കത്തുന്ന കാനഡയിൽ നിന്നും കുറച്ചു പാഠങ്ങൾ – മുരളി തുമ്മാരുകുടി

കാനഡയിലേക്ക് ആരെങ്കിലും ഒക്കെ വിദ്യാഭ്യാസത്തിനായി പോകുമ്പോൾ ഞാൻ സാധാരണ പറയാറുള്ളത് അവിടുത്തെ തണുപ്പിനെ പറ്റിയാണ്. ഈ വർഷം പക്ഷെ കാനഡയിൽ നിന്നും വരുന്ന വാർത്തകൾ ചൂടിനെപ്പറ്റിയാണ്. അവർ കേട്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത ചൂട്.

ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയ ബ്രിട്ടീഷ് കൊളംബിയയിലെ Lytton, എന്ന ഗ്രാമം തൊണ്ണൂറു ശതമാനവും കത്തി നശിച്ചു എന്നാണ് അവിടുത്തെ എം പി പറഞ്ഞതായി ബി ബി സി റിപ്പോർട്ട് ചെയ്യുന്നത്. കാനഡയിലെ മറ്റു പ്രദേശങ്ങളിൽ റോഡിലെ ടാർ ഉരുകി പൊളിഞ്ഞതായും പാർക്കിങ്ങിൽ ഇട്ടിരിക്കുന്ന കാറുകളുടെ പോലും ചില്ലുകൾ പൊട്ടിപ്പോയതായും റിപ്പോർട്ട് ഉണ്ട്.

അമ്പരപ്പിക്കുന്ന വാർത്തകൾ ആണ്. ആരും തയ്യാറെടുത്തിരുന്നതും അല്ല. ഇതൊക്കെ കാലാവസ്ഥ വ്യതിയാനം ആണ് എന്ന് ഉറപ്പിച്ചു പറയുന്നവരും അല്ല എന്ന് സംശയിക്കുന്നവരും ഉണ്ട്. ഒരു മഴയോ ഉഷ്ണമോ കാലാവസ്ഥ വ്യതിയാനം ആണെന്ന് നേരിട്ട് ബന്ധിപ്പിക്കാൻ പറ്റില്ല. പക്ഷെ ഒന്ന് പറയാം, ചൂട് കൂടുന്നതും മഴ കൂടുതൽ സാന്ദ്രതയോടെ പെയ്യുന്നതും, ചുഴലിക്കാറ്റുകളുടെ വേഗതകൾ കൂടുന്നതും ഒക്കെ ശാസ്ത്രജ്ഞർ പ്രവചിച്ചിട്ടുള്ള കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ തന്നെയാണ്.

കാലാവസ്ഥ വ്യതിയാനം ചെറുക്കാൻ ആവുന്നതൊക്കെ ചെയ്യുന്നതോടൊപ്പം മാറുന്ന കാലാവസ്ഥക്കും അതുണ്ടാക്കുന്ന “extreme events” നും നമ്മൾ തയ്യാറായേ മതിയാകൂ. കാനഡയിലെ സുഹൃത്തുക്കൾ സുരക്ഷിതരായിരിക്കൂ.

COMMENTS

Wordpress (0)
Disqus (0 )