mYoga App | എന്താണ് mYoga ആപ്പ് ?
ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എം-യോഗ ആപ്പ് പുറത്തിറക്കി. ലോകാരോഗ്യ സംഘടനയും ആയുഷ് മന്ത്രാലയവും സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചെടുത്തത്. യോഗ പരിശീലിക്കുന്നവർക്കും ഇതിൽ താല്പര്യമുള്ളവർക്കുമായി വിവിധ പരിശീലന പരിപാടികളും സെഷനുകളും നൽകുന്നതിനാണ് എം-യോഗ ആപ്പ് വികസിപ്പിച്ചത്.
യോഗ പരിശീലനം ആരംഭിക്കുന്നവർക്ക് ആപ്പിലെ ലേണിങ് സെഷനും പരിശീലനം പൂർത്തിയാക്കിയവർക്ക് ആപ്പിലെ പ്രാക്റ്റീസ് സെഷനും തിരഞ്ഞെടുക്കാം. ഉപയോക്താവിന്റെ സമയക്രമം അനുസരിച്ച് 10 മിനിറ്റ്, 20 മിനിറ്റ്, 45 മിനിറ്റ് എന്നിങ്ങനെ വിവിധ സമയ ദൈർഘ്യമുള്ള സെഷനുകൾ ആപ്പിൽ ലഭ്യമാണ്. ഒരു ലോകം, ഒരു ആരോഗ്യം എന്ന ആപ്തവാക്യം നടപ്പാക്കുന്നതിന് എം യോഗ ആപ്പ് സഹായകരമാകുമെന്ന് അന്താരാഷ്ട്ര യോഗ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
യോഗ പരിശീലിക്കുന്നവർക്കും ഇതിൽ താൽപ്പര്യമുള്ളവർക്കും ആവശ്യമായ വീഡിയോ, ഓഡിയോ പരിശീലന സെഷനുകളാണ് എം യോഗ ആപ്പിലൂടെ നൽകുന്നത്. 12 മുതൽ 65 വയസ്സ് വരെയുള്ള ആളുകൾക്കായാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. യോഗയിൽ താല്പര്യമുള്ളവർക്ക് തങ്ങളുടെ സൗകര്യമനുസരിച്ച് അവർക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിൽ സ്മാർട്ട് ഫോണിന്റെ ഉപയോഗിച്ച് യോഗ പരിശീലിക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.