എന്തുകൊണ്ടാണ് എയർപോർട്ടിലേക്കുള്ള രാത്രിയാത്രകൾ പലപ്പോഴും അപകടങ്ങളിൽ പെടുന്നത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എന്തുകൊണ്ടാണ് എയർപോർട്ടിലേക്കുള്ള രാത്രിയാത്രകൾ പലപ്പോഴും അപകടങ്ങളിൽ പെടുന്നത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

#Sony Thomas

സുഹൃത്തുക്കളെയും ബന്ധുക്കളെയും എയർപോർട്ടിൽ യാത്ര അയക്കാനും സ്വീകരിക്കാനും കൂട്ടുകാർ ഒന്നിച്ച് നടത്തുന്ന യാത്രകളാണ് പലപ്പോഴും അപകടങ്ങളിൽ പെടുന്നത്. ഇത്തരം അപകടങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണമായി കാണുന്നത് അമിത വേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, ഡ്രൈവർ ഉറങ്ങിപ്പോകുന്നത്, എല്ലാമാണ്.

നാട്ടിൻപുറങ്ങളിൽ താമസിക്കുന്നവരാണ് അധികവും ഇത്തരത്തിൽ എയർപോർട്ടിൽ കൊണ്ടുവിടാനും സ്വീകരിക്കാനുമായി സംഘമായി യാത്രചെയ്യുന്നത്. ഇന്റർനാഷണൽ വിമാനങ്ങൾ അധികവും ലേറ്റ് നൈറ്റ് അല്ലങ്കിൽ അതിരാവിലെ ഒക്കെ ആയതിനാൽ, ഇത്തരത്തിലുള്ള യാത്രകൾ അധികവും രാത്രിയിൽ തന്നെ ആയിരിക്കും.

കൂട്ടുകാർ ഒന്നിച്ചുള്ള യാത്ര ആയതിനാൽ അമിതമായി ഭക്ഷണം കഴിക്കാനും മദ്യപിക്കാനുമുള്ള സാഹചര്യങ്ങൾ കൂടുതലുമാണ്. രാത്രി സമയത്തുള്ള ഡ്രൈവിംഗ് ആയതിനാൽ, അമിത ഭക്ഷണം, മദ്യപാനം, എന്നിവയൊക്കെ ഡ്രൈവർ ഉറങ്ങിപ്പോകാനുള്ള സാഹചര്യങ്ങൾ കൂട്ടുന്നതാണ്. അതുപോലെതന്നെ, ആഹ്ളാദ പ്രകടനങ്ങളും ഉയർന്ന ശബ്ദത്തിലുള്ള സംസാരവും പാട്ടുവെച്ചുള്ള യാത്രയുമൊക്കെ ഡ്രൈവരുടെ ശ്രദ്ധ ഡ്രൈവിങ്ങിൽനിന്നും മാറിപ്പോകാനുള്ള സാഹചര്യം കൂട്ടുന്നു.

ഓരോ ജീവനും വിലപ്പെട്ടതാണ്. അതുകൊണ്ട്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1) എയർ പോർട്ടിലേക്കുള്ള യാത്രകളിൽ ബന്ധുക്കളോ സുഹൃത്തുക്കളോ കൂട്ടമായി പോകാതിരിക്കുക.
2) ഇത്തരം യാതകൾ ചെയ്യുമ്പോൾ വാഹനം ഓടിക്കുന്ന ആൾ നല്ലവണ്ണം (ഉറങ്ങി) വിശ്രമിച്ചതിന് ശേഷം മാതമേ ഡ്രൈവ് ചെയ്യാവുള്ളൂ.
3) വാഹനം ഓടിക്കുന്ന ആൾ അമിത ഭക്ഷണം മദ്യപാനം എന്നിവ നിർബന്ധമായും ഒഴിവാക്കിയിരിക്കണം.
4) വാഹനം ഓടിക്കുന്ന ആളിന്റെ ശ്രദ്ധ മാറിപ്പോകുന്ന തരത്തിലുള്ള (ഉറക്കെയുള്ള സംസാരം, പാട്ടുവെക്കൽ, മുതലായ) ഒന്നുംതന്നെ ചെയ്യാതിരിക്കുക.
5) സാധിക്കുമെങ്കിൽ എയർ പോർട്ടിലുള്ള ടാക്സിതന്നെ കൂട്ടി യാത്ര ചെയ്യുന്നതാണ് ഇത്തരം യാത്രകൾക്ക് നല്ലത്. കാരണം എയർ പോർട്ട് ടാക്‌സികൾ ഓടിക്കുന്ന ഡ്രൈവർമാർ രാത്രികാല ഓട്ടം ശീലമാക്കിയവർ ആയതിനാൽ അപകട സാധ്യത കുറവാണ്.

(കോഴിക്കോട് രാമനാട്ടുകരയിൽ തിങ്കളാഴ്ച് (21-6-2021) രാവിലെ എയർ പോർട്ടിൽ പോയി മടങ്ങിവരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന 5 പേര് തൽക്ഷണം മരിച്ചു എന്ന വാർത്തയാണ് പോസ്റ്റിന് ആധാരം)

COMMENTS

Wordpress (0)
Disqus (0 )