Expo 2020 | ഇന്ത്യന്‍ പ്രവാസി സമൂഹത്തെ പ്രതിനിധീകരിക്കാന്‍ UAE KMCC

എക്‌സ്‌പോ 2020യുടെ അരങ്ങുകള്‍ ഉണരാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ, എക്‌സ്‌പോയില്‍ വന്‍ പ്രവാസി സാന്നിധ്യമൊരുക്കി യുഎഇ നാഷണല്‍ കെഎംസിസി

Expo 2020 | ഇന്ത്യന്‍ പ്രവാസി സമൂഹത്തെ പ്രതിനിധീകരിക്കാന്‍ UAE KMCC

ദുബൈ: ദുബൈയുടെ ലോക അഭിമാന മേളയായ എക്‌സ്‌പോ 2020യുടെ അരങ്ങുകള്‍ ഉണരാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ, എക്‌സ്‌പോയില്‍ വന്‍ പ്രവാസി സാന്നിധ്യമൊരുക്കി യുഎഇ നാഷണല്‍ കെഎംസിസിയും. ഇതുസംബന്ധിച്ച് എക്‌സ്‌പോ അധികൃതരുമായും ഇന്ത്യന്‍ കോണ്‍സുലറ്റുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇതനസുരിച്ച്, നവംബര്‍ 5ന് രാത്രി 8 മുതല്‍ 10 മണി വരെ ഇന്ത്യന്‍ പവലിയനിലെ ആംഫി തിയ്യറ്ററില്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ കേരളത്തിന്റെ തനത് ആയോധന കലകളായ വാള്‍പയറ്റ്, ഉറുമി, ചുരിക തുടങ്ങിയവയുടെ കലാപ്രകടനവും അവതരിപ്പിക്കും. ഡിസംബര്‍ 3ന് വൈകുന്നേരം 6 മുതല്‍ രാത്രി 9 മണി വരെ ‘കേരളീയം’ എന്ന പേരില്‍ കേരളത്തിന്റെ ജനപ്രിയ നാട്യ കലാരൂപങ്ങളായ മോഹിനിയാട്ടം, കഥകളി, കോല്‍ക്കളി, മാര്‍ഗംകളി, തിരുവാതിര, അറബന, ഒപ്പന തുടങ്ങിയവ ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. യുഎഇ കെഎംസിസി മുഖ്യ രക്ഷാധികാരി ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന്‍, ജന.സെക്രട്ടറി അന്‍വര്‍ നഹ, ട്രഷറര്‍ നിസാര്‍ തളങ്കര, വര്‍ക്കിംഗ് പ്രസിഡന്റ് അബ്ദുള്ള ഫാറൂഖി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ സന്നാഹങ്ങളാണ് അണിയറയില്‍ ഒരുക്കുന്നത്.

മാര്‍ച്ച് 11ന്, രാത്രി 7 മുതല്‍ 10 വരെ എക്‌സ്‌പോയിലെ ഏറ്റവും വലിയ വേദിയായ ദുബൈ മില്ലേനിയം ആംഫി തിയ്യറ്ററില്‍ ഇന്‍ഡോ-അറബ് സംസ്‌കാരങ്ങളുടെ സമന്വയ പ്രതീകമായി ‘സലാം ദുബൈ’ എന്ന പേരില്‍ കലാ പരിപാടികള്‍ അവതരിപ്പിക്കുന്നതാണ്. ദുബൈ സര്‍ക്കാറിന്റെ കോവിഡ് കാല ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ കൃതജ്ഞതാ പ്രകാശനമായി ഇത് മാറും. ഇന്ത്യയിലെയും യുഎഇയിലെയും പ്രമുഖ കലാകാരന്മാര്‍ പങ്കെടുക്കുന്ന ചടങ്ങുകളായിരിക്കും ഇവ.

യുഎഇയില്‍ ഏറ്റവുമധികം അംഗങ്ങളുള്ള സാമൂഹിക പ്രസ്ഥാനമെന്ന നിലയില്‍ കെഎംസിസിക്ക് ലഭിച്ച ഈ അവസരം യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കൂടിയുള്ള അംഗീകാരമാണ്.
ഇന്ത്യന്‍ പവലിയനുകള്‍ ഒരുക്കുന്ന വിസ്മയ ലോകങ്ങള്‍ക്ക് പുറമെയാണ് കേരളത്തിന്റെ കലയും സംസ്‌കൃതിയും പ്രദര്‍ശിപ്പിക്കുന്ന പ്രകടനങ്ങള്‍ കെഎംസിസി ഒരുക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയായ എക്‌സ്‌പോ 2020 ദുബൈക്ക് പുത്തനുണര്‍വേകുമെന്നും കെഎംസിസിക്കും ഈ നവലോക സൃഷ്ടി മേളയില്‍ ഇന്ത്യക്കാരായ 200ല്‍ പരം കലാ-കായിക പ്രതിഭകളെ അണിനിരത്തി വന്‍ മുന്നേറ്റത്തിന്റെ ഭാഗമാവാന്‍ അവസരം നല്‍കിയതില്‍ നന്ദിയുണ്ടെന്നും യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എക്‌സ്‌പോ 2020 ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക-വിജ്ഞാന കൈമാറ്റത്തിനാണ് അവസരമൊരുക്കുക. കോവിഡ്19ന്റെ മാന്ദ്യ കാലഘട്ടത്തിന് ശേഷമുള്ള സാമ്പത്തിക, വികസന, സാംസ്‌കാരിക അരങ്ങുകളില്‍ ഏറ്റവും വലിയ ഉദ്യമത്തിന് ആതിഥേയത്വം ഒരുക്കുന്ന ദുബൈ ഭരണകൂടത്തോടൊപ്പം കൈ കോര്‍ക്കാനായതില്‍ കെഎംസിസി അഭിമാനിക്കുന്നതായും നേതാക്കള്‍ പ്രസ്താവിച്ചു.

ഓരോ വേദികളിലും കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് പരിപാടികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

യുഎഇ കെഎംസിസി മുഖ്യ രക്ഷാധികാരി ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, ട്രഷറര്‍ നിസാര്‍ തളങ്കര, ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

UAE KMCC to represent Indian expat community in Expo 2020

COMMENTS

Wordpress (0)
Disqus ( )