മഹാകവി വള്ളത്തോളിന്‍റെ വീട് CPM കൈയടക്കിയോ ? പരാതിയുമായി ബന്ധുക്കൾ

മഹാകവിയുടെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ക്കതിന് താത്പര്യമില്ലെന്നും വള്ളത്തോളിന്റെ അനന്തിരവന്‍

മഹാകവി വള്ളത്തോളിന്‍റെ വീട് CPM കൈയടക്കിയോ ? പരാതിയുമായി ബന്ധുക്കൾ

തൃശ്ശൂര്‍: മഹാകവി വള്ളത്തോള്‍ നാരായണ മേനോന്‍ പിറന്നു വളര്‍ന്ന തിരൂര്‍ മംഗലം പുല്ലൂണിയിലെ തറവാട് ഏറ്റെടുത്ത് നിര്‍മ്മിച്ച സ്മാരകം സിപിഎം കൈയടക്കിയെന്ന് പരാതി.

സിപിഎം നേതൃത്വത്തിലുള്ള പ്രാദേശിക ട്രസ്റ്റ് സ്ഥലവും വീടും കൈയടക്കിയെങ്കിലും മഹാകവിയുടെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ക്കതിന് താത്പര്യമില്ലെന്നും വള്ളത്തോളിന്റെ അനന്തിരവന്‍ രാമദാസ് വള്ളത്തോള്‍ പറയുന്നു.

‘സ്മാരകം സ്വന്തമാക്കുക എന്നത് മാത്രമായിരുന്നു അവരുടെ അജണ്ട. ഇപ്പോള്‍ അവരുടെ യോഗങ്ങളല്ലാതെ അവിടെ മറ്റൊന്നും നടക്കുന്നില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന് ആറ് മാസം മുന്‍പ് കത്തയച്ചിരുന്നു. പരിശോധിക്കാമെന്ന് പറഞ്ഞതല്ലാതെ മറ്റൊന്നുമുണ്ടായില്ല. ഏറ്റുമുട്ടാനൊന്നും ഞങ്ങള്‍ക്കാവില്ല. ദേശസ്‌നേഹവും ഗാന്ധിജിയുടെ ആദര്‍ശങ്ങളുമാണ് മഹാകവിയുടെ എഴുത്തിലും ജീവിതത്തിലും ഉടനീളം കാണാവുന്നത്. ആ ആശയങ്ങളെ പുതുതലമുറയ്ക്ക് പകര്‍ന്ന് കൊടുക്കുന്നതാവണം അദ്ദേഹത്തിന്റെ സ്മാരകം. അങ്ങനെ കരുതിയാണ് വീടും സ്ഥലവും വിട്ടുനല്കിയത്. ഇപ്പോള്‍ അബദ്ധമായെന്ന് തോന്നുന്നു.’ ദീര്‍ഘകാലം പ്രവാസിയായിരുന്ന രാമദാസ് പറഞ്ഞു.

വള്ളത്തോളിന്റെ തറവാടും കളരിയുമുള്‍പ്പെടെ 20 സെന്റ് സ്ഥലമാണ് സ്മാരകത്തിന് കൈമാറിയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആയുധക്കളരിയും അക്ഷരക്കളരിയും ഇവിടെയുണ്ടായിരുന്നു. 250ലേറെ വര്‍ഷം പഴക്കമുള്ള കളരിയും എട്ടുകെട്ടും പൊളിച്ചുകളഞ്ഞ് കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മ്മിക്കുകയാണ് ട്രസ്റ്റ് ചെയ്തത്.

2010ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് ട്രസ്റ്റിന് സ്ഥലം കൈമാറിയത്. 2013ല്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. പിന്നീട് കാര്യമായ പരിപാടികളൊന്നുമുണ്ടായില്ല. വള്ളത്തോള്‍ കുടുംബത്തിലെ മൂന്നു പേര്‍ ട്രസ്റ്റില്‍ അംഗങ്ങളാണെങ്കിലും യോഗങ്ങള്‍ക്കൊന്നും വിളിക്കാറില്ല.

ഇരുപത്തൊമ്ബത് വയസ് വരെ വള്ളത്തോള്‍ താമസിച്ചിരുന്നത് ഈ വീട്ടിലായിരുന്നു. വിദേശികളടക്കം നിരവധി വിദ്യാര്‍ഥികളും സാഹിത്യകുതുകികളുമാണ് മഹാകവി വള്ളത്തോളിന്റെ ജന്മഗേഹം അന്വേഷിച്ചെത്തുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്ന് കേരള കലാമണ്ഡലം സന്ദര്‍ശിക്കാനെത്തുന്നവരില്‍ പലരും വള്ളത്തോളിന്റെ വീട് കാണാന്‍ ഇവിടെയെത്തുന്നുണ്ട്.

ഏറെ പ്രതീക്ഷയോടെയും കൗതുകത്തോടെയും വരുന്നവര്‍ മടങ്ങുന്നത് നിരാശയോടെയും വേദനയോടെയും. ‘കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്ബുകളില്‍’ എന്ന് പാടിയ മഹാകവി വള്ളത്തോളിന്റെ സ്മാരകത്തിന്റെ ഇന്നത്തെ അവസ്ഥ അഭിമാനബോധമുള്ള മലയാളിയുടെ ചോരതിളപ്പിക്കാന്‍ പോന്നതാണ്.

complaint raised that great poet Vallathol Narayana Menon house has been taken over by the CPM

COMMENTS

Wordpress (0)
Disqus (0 )