തിരിച്ചെത്തിയ പ്രവാസികൾക്ക് കരുതലുമായി NORKA; സേവനങ്ങൾ അറിയാം
2020 മേയ് മുതൽ 2021 മേയ് വരെ മാത്രം കേരളത്തിലേക്കു തിരിച്ചെത്തിയത് 13.67 ലക്ഷം പ്രവാസികളാണ്
കോവിഡ് വന്നതിനുശേഷം ഏറ്റവും പ്രയാസമനുഭവിക്കുന്ന ജനവിഭാഗമാണ് പ്രവാസികൾ. പലർക്കും ജോലി നഷ്ടപ്പെട്ടു. യാത്രാവിലക്കും മറ്റു പ്രശ്നങ്ങളും കാരണം അവധിക്കു വന്നവരിൽ ഭൂരിഭാഗം പേർക്കും തിരിച്ചുപോകാനായില്ല. കണക്കനുസരിച്ച് 2020 മേയ് മുതൽ 2021 മേയ് വരെ മാത്രം കേരളത്തിലേക്കു തിരിച്ചെത്തിയത് 13.67 ലക്ഷം പ്രവാസികളാണ്. ഇത്രയും കാലം സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങൾക്കു കരുത്തു പകർന്നവരെ പ്രതിസന്ധി ഘട്ടത്തിൽ പിന്തുണയ്ക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ്.
ഈ ആശയം ഉൾക്കൊണ്ട് ആവുന്നത്ര സഹായം പ്രവാസികൾക്ക് ചെയ്തു കൊടുക്കുകയെന്ന ലക്ഷ്യത്തോടെ നോർക്ക റൂട്സ് ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചിരിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാൻ ഉതകുന്ന ഈ പദ്ധതികൾ ഇതിനകം വലിയൊരു ജനവിഭാഗത്തിന് ആശ്വാസം പകർന്നു കഴിഞ്ഞു.
നോർക്കയുടെ നേതൃത്വത്തിലുള്ള പ്രധാന സഹായ പദ്ധതികൾ ഏതൊക്കെയാണെന്നു നോക്കാം. അപേക്ഷാ യോഗ്യതയും സഹായം ലഭ്യമാകുന്നതിനുള്ള വഴികളും പരിചയപ്പെടാം. താഴെപ്പറയുന്ന എല്ലാ സഹായ പദ്ധതികളുടെയും അപേക്ഷാ ഫോമുകൾ www.norkaroots.net, www.norkaroots.org എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്.
സാന്ത്വനം പദ്ധതി
പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ തിരികെയെത്തിയ കേരളീയർക്കായുളള ദുരിതാശ്വാസ നിധിയാണ് സാന്ത്വന പദ്ധതി. 2020- 21 സാമ്പത്തിക വർഷത്തിൽ 27 കോടി രൂപയും അതിനുശേഷം ഇതുവരെ 7.29 കോടി രൂപയും ഉൾപ്പെടെ ആകെ 34.29 കോടി രൂപയാണ് സാന്ത്വനം പദ്ധതി വഴി വിതരണം ചെയ്തത്. ഇക്കാലയളവിലെ ഗുണഭോക്താക്കളുടെ എണ്ണം 5618 വരും. കോവിഡും ലോക്ഡൗണും ഏറെ പ്രതികൂലമായി ബാധിച്ചത് പ്രവാസികളെയാണെന്നതിനാൽ സഹായധനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. 2016-17 വർഷത്തിൽ 2200 ഗുണഭോക്താക്കൾക്കായി 12.70 കോടി രൂപയാണ് ആകെ ചെലവഴിച്ചതെങ്കിൽ 2019- 2020 വർഷത്തിൽ ഗുണഭോക്താക്കളുടെ എണ്ണം 4102 ആയി ഉയർന്നു. ചെലവഴിച്ചതാകട്ടെ 24.25 കോടിരൂപയും.
സാന്ത്വനം സഹായം എന്തിനൊക്കെ
മരണപ്പെടുന്ന പ്രവാസിയുടെ അവകാശികൾക്കുള്ള സാമ്പത്തിക സഹായം (പരമാവധി ഒരു ലക്ഷം രൂപവരെ) ലഭിക്കും. ചികിത്സാ ആവശ്യങ്ങൾക്ക് പരമാവധി 50,000 രൂപ വരെ നൽകുന്നതാണ് മറ്റൊന്ന്. കാൻസർ, ഹൃദയ ശസ്ത്രക്രിയ, വൃക്ക രോഗം, അപകടം മൂലമുളള സ്ഥിരം അംഗവൈകല്യം, പക്ഷാഘാതം തുടങ്ങിയ ഗുരുതരരോഗം ബാധിച്ച പ്രവാസികൾക്ക് ഈ സഹായധനം ലഭിക്കും. മറ്റു രോഗങ്ങളുടെ ചികിത്സയ്ക്ക് 20,000 രൂപ വരെയും ലഭ്യമാകും. പ്രവാസികളായ കേരളീയർക്കും, അവരുടെ ആശ്രിതർക്കും അംഗവൈകല്യ പരിഹാരത്തിനായി കൃത്രിമക്കാൽ, ഊന്നുവടി, വീൽ ചെയർ മുതലായവ വാങ്ങുന്നതിനുള്ള സഹായധനമായി പരമാവധി 10000 രൂപ വരെ ലഭിക്കുന്നതാണ്. സാമ്പത്തികമായി പിന്നോക്കമായിട്ടുളള തിരികെയെത്തിയ പ്രവാസികളുടെ പെൺമക്കളുടെ വിവാഹത്തിന് 15,000 രൂപവരെ സഹായം ലഭിക്കുന്നതാണ്.
പ്രധാന നിബന്ധനകൾ
അപേക്ഷകന്റെ കുടുംബവാർഷിക വരുമാനം 1.5 ലക്ഷം രൂപയിൽ കൂടരുത്. കുറഞ്ഞത് 2 വർഷമെങ്കിലും വിദേശത്തു ജോലി ചെയ്തിരിക്കണം. അപേക്ഷ സമർപ്പിക്കുമ്പോഴും സഹായധനം സ്വീകരിക്കുമ്പോഴും അപേക്ഷകൻ വിദേശത്തായിരിക്കരുത്. വിദേശത്തുനിന്ന് തിരിച്ചെത്തി 10 വർഷത്തിനുള്ളിൽ അപേക്ഷിക്കണം
എൻഡിപ്രേം
പ്രവാസികളുടെ സംരംഭകത്വ സ്വപ്നങ്ങൾക്കു ചിറകു നൽകുന്ന പദ്ധതിയാണ് എൻഡിപ്രേം (നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്സ്). കോവിഡ് പൂട്ടിട്ട കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ 938 സംരംഭങ്ങളാണ് സംസ്ഥാനത്തൊട്ടാകെ പദ്ധതിയുടെ ഭാഗമായി വന്നത്. 18.72 കോടി രൂപ സബ്സിഡി ഇനത്തിൽ അനുവദിച്ചു.
സഹായധനം എന്തിനൊക്കെ
30 ലക്ഷം രൂപവരെ മൂലധനച്ചെലവു പ്രതീക്ഷിക്കുന്ന സംരംഭങ്ങൾക്ക് 15% മൂലധന സബിസിഡി(പരമാവധി 3 ലക്ഷം രൂപ വരെ) ലഭ്യമാകുമെന്നതാണ് പദ്ധതിയുടെ ഏറ്റവും പ്രധാന ആകർഷണം. വായ്പാ തിരിച്ചടവു കൃത്യമായവർക്ക് പലിശയുടെ 3% സബ്സിഡിയും (4 വർഷത്തേക്ക്) ലഭ്യമാകും. കൂടാതെ സംരംഭ പദ്ധതിയുടെ രൂപരേഖ തയാറാക്കൽ, പരിശീലനം എന്നിവയ്ക്കും സഹായം കിട്ടും. വിവിധ ദേശസാൽക്കൃത ബാങ്കുകൾ ഉൾപ്പെടെ പതിനാറോളം ധനകാര്യ സ്ഥാപനങ്ങൾ വായ്പ ലഭ്യമാക്കുന്നതിനായി രംഗത്തുണ്ട്. കൃഷി, സേവന, നിർമാണ, വ്യാപാര, ഐടി എന്നീ മേഖലകളിലെല്ലാം സംരംഭങ്ങൾ തുടങ്ങാം.
നിബന്ധനകൾ
കുറഞ്ഞത് രണ്ടുവർഷമെങ്കിലും വിദേശത്തു താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്തതിനുശേഷം സ്ഥിരമായി നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികളും അവർ ചേർന്നു രൂപീകരിച്ച കമ്പനി, ട്രസ്റ്റ് എന്നിവയ്ക്കുമാണ് എൻഡിപ്രേം പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കാൻ അർഹത.
പ്രവാസി ഭദ്രത
പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവർക്ക് പ്രവാസി ഭദ്രത പേൾ പദ്ധതിയിലൂടെ 2 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ ലഭിക്കും. താൽപര്യമുള്ളവർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ സിഡിഎസുകളിൽ റജിസ്റ്റർ ചെയ്യണം.
ആർക്കൊക്കെ ലഭിക്കും
6 മാസമെങ്കിലും കുടുംബശ്രീ അംഗമായി പ്രവർത്തിച്ച,കോവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട പ്രവാസികൾ. 2 വർഷമെങ്കിലും പ്രവാസ ജീവിതം നയിച്ചവരായിരിക്കണം. കോവിഡ് കാരണം മരണപ്പെട്ട കുടുംബാംഗങ്ങൾക്കും അപേക്ഷിക്കാം. തൊഴിൽ രഹിതനായ പ്രവാസി രോഗിയാണങ്കിൽ കുടംബാംഗങ്ങൾക്കു അപേക്ഷിക്കാം. അപേക്ഷ നൽകാനും വിശദാശംങ്ങൾക്കും: kudumbasree.org
സാമ്പത്തിക സഹായം
പരമാവധി ഒരാൾക്ക് 2 ലക്ഷം രൂപ അല്ലെങ്കിൽ പ്രൊജക്ടിന്റെ 75% – ഏതാണോ കുറവ് അതു ലഭിക്കും. ആദ്യ ഘട്ടത്തിൽ 50% വും തുടങ്ങിയ ശേഷം 50% ലഭിക്കും. സിഡിഎസ് വഴിയാണു അപേക്ഷയും ധനസഹായവും ലഭിക്കുക. വിവരങ്ങൾക്ക് അതത് പഞ്ചായത്തിലെ കുടുംബശ്രീ ഓഫിസുമായി ബന്ധപ്പെടാം.
പ്രവാസി തണൽ
കോവിഡ് ബാധിച്ചു വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസികളുടെ അവിവാഹിതരായ പെൺമക്കൾക്ക് 25,000 രൂപ ഒറ്റത്തവണയായി നൽകുന്നു. നോർക്ക റൂട്സും ആർപി ഫൗണ്ടേഷനുമായിച്ചേർന്നാണു ‘പ്രവാസി തണൽ’ എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി പദ്ധതി നടപ്പാക്കുന്നത്. ഇതുവരെ സംസ്ഥാനത്ത് 140 പേർക്ക് ഇത്തരത്തിൽ സഹായധനം നൽകിക്കഴിഞ്ഞു.
എങ്ങനെ അപേക്ഷിക്കാം
ഓൺലൈൻ (www.norkaroots.org) വഴിയാണ് അപേക്ഷ സ്വീകരിക്കുക. മരിച്ച രക്ഷകർത്താവിന്റെ പാസ്പോർട്ടിന്റെ പകർപ്പ്, കോവിഡ് മരണമാണെന്നു സ്ഥിരീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, അപേക്ഷക അവിവാഹിതയാണെന്നു തെളിയിക്കുന്നതിനുള്ള വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് എന്നിവയാണ് സമർപ്പിക്കേണ്ട പ്രധാന രേഖകൾ. സേവിങ്സ് അക്കൗണ്ട് വഴിയാണു സഹായധനം ലഭിക്കുക എന്നതിനാൽ അപേക്ഷകയുടെയോ രക്ഷകർത്താവിന്റെയോ പാസ്ബുക്കിന്റെ കോപ്പിയും സമർപ്പിക്കണം.
നോർക്ക സേവനങ്ങളെ കുറിച്ചറിയാൻ വിദേശത്തു നിന്നും മിസ് കോൾ സേവനത്തിന് 0091 8802012345 എന്ന നമ്പരിൽ ബന്ധപ്പെടാം.
NORKA services provide care for returning expatriates