നെയ്മർക്കൊപ്പം പന്തു തട്ടാൻ കണ്ണൂരുകാരൻ ഷഹ്സാദ്; കുവൈറ്റിലെ മലയാളികൾക്ക് അഭിമാനമായി 17കാരൻ

കുവൈറ്റിലെ സാൽമിയയിലെ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നിന്ന് പത്താം ക്ലാസ് പൂർത്തിയാക്കിയ ഷഹ്സാദ് ഇപ്പോൾ കണ്ണൂർ പഴയങ്ങാടി വാദിഹുദ സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിയാണ് | Kuwait based Indian boy Shahzad Rafi thrilled to play with Neymar

നെയ്മർക്കൊപ്പം പന്തു തട്ടാൻ കണ്ണൂരുകാരൻ ഷഹ്സാദ്; കുവൈറ്റിലെ മലയാളികൾക്ക് അഭിമാനമായി 17കാരൻ

കുവൈറ്റ് സിറ്റി: ബ്രസീൽ ഫുട്ബോൾ താരം നെയ്മർ ജൂനിയറിനെ കാണാനും ഫുട്ബോൾ കളിക്കാനും അവസരം കൈവന്നതിന്റെ സന്തോഷത്തിലാണ് കണ്ണൂരുകാരൻ ഷഹ്സാദ് റാഫി. 2021ലെ റെഡ് ബുൾ നെയ്മർ ജൂനിയർ ഫൈവ് ടീമിലേക്കാണ് ഷഹ്സാദ് തിരഞ്ഞെടുക്കപ്പെട്ടത്. ഖത്തറിൽ ഡിസംബറിലോ ജനുവരിയിലേ നടക്കുന്ന കളിയിലാണ് നെയ്മർക്കൊപ്പം പന്തു തട്ടാനുള്ള ഭാഗ്യം ഷഹ്സാദിന് ലഭിക്കുക.

കുവൈറ്റിലെ സാൽമിയയിലെ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നിന്ന് പത്താം ക്ലാസ് പൂർത്തിയാക്കിയ ഷഹ്സാദ് ഇപ്പോൾ കണ്ണൂർ പഴയങ്ങാടി വാദിഹുദ സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിയാണ്. ഷഹ്സാദിന്റെ പിതാവ് മുഹമ്മദ് റാഫി കുവൈറ്റിലെ അഷ്കനാനി ഗ്രൂപ്പിനൊപ്പമാണ് ജോലി ചെയ്യുന്നത്. അമ്മ ഷരീഫ വീട്ടമ്മയാണ്. ഷഹ്സാദിന്റെ രണ്ടു സഹോദരിമാരും കുവൈറ്റിലാണ്.

ഷഹ്സാദിനെ കൂടാതെ 2021 ലെ റെഡ്ബുൾ നെയ്മർ ജൂനിയേഴ്സ് ഫൈവ് ടീമിൽ ബംഗളൂരുവിൽ നിന്നുള്ള അവിനാശ് ഷൺമുഖവും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2020ലെ സെലക്ഷനിൽ ഷഹ്സാദ് പങ്കെടുത്തെങ്കിലും തിരഞ്ഞെടുക്കപ്പെട്ടില്ല. തുടർന്ന് ഈ വർഷം വീണ്ടും നടത്തിയ പരിശ്രമത്തിലാണ് ഈ മിടുക്കൻ തിരഞ്ഞെടുക്കപ്പെട്ടത്.

ഓൺലൈൻ മുഖേന ഫുട്ബോളിലെ നൈപുണ്യം വിലയിരുത്തിയാണ് ടീമിനെ തിരഞ്ഞെടുക്കുന്നത്. #Outplaythemall എന്ന ഹാഷ് ടാഗിൽ ഇൻസ്റ്റഗ്രാമിൽ കാൽപ്പന്തിലെ സ്വന്തം വൈദഗ്ദ്യം 60 സെക്കൻഡ് വീഡിയോയിലൂടെ പങ്കുവെയ്ക്കണം. നെയ്മറും സഹപ്രവർത്തകരും ചേർന്ന് ഇതിൽ നിന്നാണ് ടീം അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ അമച്വർ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റുകളിൽ ഒന്നായാണ് റെഡ്ബുൾ ജൂനിയർ ഫൈവ്സ് അറിയപ്പെടുന്നത്.

Kuwait based Indian boy Shahzad Rafi thrilled to play with Neymar

COMMENTS

Wordpress (0)
Disqus (0 )