വനിതാ കമ്മീഷന് മുന്നിലെത്തുന്നവർ സത്യസന്ധമായ പരാതികളുമായി എത്തണം: വനിത കമ്മീഷന്‍

പല പരാതികളും സത്യമല്ല. ഇത്തരം പരാതികളിലെ സത്യാവസ്ഥ പരിശോധിക്കാന്‍ പൊലീസിന് പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. | Womens Commission says Those who come before the Womens Commission should come forward with honest complaints

വനിതാ കമ്മീഷന് മുന്നിലെത്തുന്നവർ സത്യസന്ധമായ പരാതികളുമായി എത്തണം: വനിത കമ്മീഷന്‍

ആലപ്പുഴ: സത്യസന്ധമായ പരാതികളുമായി വേണം വനിത കമ്മീഷന് മുന്നിലെത്താനെന്ന് വനിത കമ്മീഷന്‍. ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന വനിത കമ്മീഷന്‍ അദാലത്തിലായിരുന്നു നിര്‍ദ്ദേശം. പരാതിക്ക് മറുപരാതിയുമായി ധാരാളം പേര്‍ കമ്മീഷന് മുന്നില്‍ എത്തുന്നുണ്ട്. ഇത് ആശ്വാസകരമായ കാര്യമല്ല. പല പരാതികളും സത്യമല്ല. ഇത്തരം പരാതികളിലെ സത്യാവസ്ഥ പരിശോധിക്കാന്‍ പൊലീസിന് പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇത്തരത്തിലുള്ള പരാതികള്‍ കമ്മീഷന് മുന്നിലെത്തുന്നത് യഥാര്‍ത്ഥ പരാതിക്കാര്‍ക്ക് ലഭിക്കേണ്ട നീതി വൈകിപ്പിക്കും. ഇത്തരം പരാതികള്‍ കമ്മീഷന് മുന്നില്‍ എത്തുമ്പോള്‍ മാത്രമാണ് തിരിച്ചറിയപ്പെടുന്നത്. ഈ പ്രവണത അവസാനിപ്പിക്കണമെന്നും കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു.

ജോലി സ്ഥലത്തെ ബുദ്ധിമുട്ടുകള്‍, ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പരാതി, ജനപ്രതിനിധികളുമായുള്ള പ്രശ്‌നം തുടങ്ങിയ പരാതികളാണ് പ്രധാനമായും പരിഗണിച്ചത്.

രണ്ട് ദിവസങ്ങളിലായി ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 150 പരാതികള്‍ പരിഗണിച്ചു. 48 പരാതികള്‍ തീര്‍പ്പാക്കി. 18 പരാതികള്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടിനായി കൈമാറിയിട്ടുണ്ട്. 84 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കോവിഡ് പശ്ചാത്തലത്തില്‍ പ്രത്യേകം സമയം നല്‍കിയാണ് പരാതികള്‍ കേട്ടത്. കോവിഡ് മാനദണ്ഡപ്രകാരമായിരുന്നു അദാലത്ത്.

പാനല്‍ അഭിഭാഷകരായ അഡ്വ. ജിനു എബ്രഹാം, അഡ്വ. മിനി സാം, അഡ്വ. അംബിക കൃഷ്ണന്‍, കമ്മീഷന്‍ സി. ഐ. സുരേഷ്‌കുമാര്‍ എന്നിവരും അദാലത്തില്‍ പങ്കെടുത്തു.

Womens Commission says Those who come before the Womens Commission should come forward with honest complaints

COMMENTS

Wordpress (0)
Disqus (0 )