മലയാളി നഴ്സിനെ സൗദിയിലെ ജോലി സ്ഥലത്തെ ബാത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം നാട്ടിലെത്തിക്കും
ജോമി ജോൺ സെലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു വർഷമായി സൗദി അറേബ്യയിൽ ജോലി ചെയ്തു വരികയായിരുന്നു. | The corpse of Malayalee nurse who was found dead in the bathroom at her work place in Saudi Arabia will be brought home
റിയാദ്: സൗദിയിലെ ആശുപത്രിയിൽ ബാത് റൂമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി നഴ്സിന്റെ മൃതദേഹം നാട്ടിലെത്തിക്കും. പോസ്റ്റ്മോർട്ടത്തിനു ശേഷമായിരിക്കും നാട്ടിലെത്തിക്കുക. ഇരുപത്തിയെട്ടുകാരിയായ ജോമി ജോൺ സെലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു വർഷമായി സൗദി അറേബ്യയിൽ ജോലി ചെയ്തു വരികയായിരുന്നു. അവിവാഹിതയാണ്.
കണ്ണൂർ വെള്ളാട് ആലക്കോട് മുക്കിടിക്കാട്ടിൽ ജോൺ – സെലിൻ ദമ്പതികളുടെ മകളാണ് ജോമി. മൃതദേഹം ഇപ്പോൾ ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, ജോമിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. അൽഖോബാറിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നു ജോമി. നാട്ടിൽ അവധിക്ക് എത്തിയതിനു ശേഷം രണ്ടുമാസം മുമ്പാണ് ജോമി സൗദിയിൽ തിരികെ എത്തിയത്.
ബുധനാഴ്ച രാവിലെ ജോമിയെ കാണാതായതിനെ തുടർന്ന് തെരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിന് സമീപമുള്ള ബാത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രോഗികളെ മയക്കാൻ ഉപയോഗിക്കുന്ന മരുന്ന് കൂടിയ അളവിൽ കുത്തിവെച്ചതാണ് മരണകാരണമെന്നാണ് കരുതുന്നത്. പ്രാഥമിക പരിശോധനയിൽ ശരീരത്തിൽ മറ്റ് അടയാളങ്ങളൊന്നുമില്ലെന്നാണ് പൊലീസ് നൽകുന്ന റിപ്പോർട്ട്.
അതേസമയം, ആത്മഹത്യ ചെയ്യാൻ മാത്രമുള്ള പ്രശ്നങ്ങളൊന്നും ജോമിക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
The corpse of Malayalee nurse who was found dead in the bathroom at her work place in Saudi Arabia will be brought home