ക്രിക്കറ്റ് കളിക്കാർക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് കുവൈറ്റ് ക്രിക്കറ്റ്
കുവൈറ്റ് ക്രിക്കറ്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കുവൈറ്റിലുള്ള എല്ലാ ക്രിക്കറ്റ് കളിക്കാരും സ്കോളർഷിപ്പിന് അർഹരാണ്. | Kuwait Cricket announces scholarships for Cricket players
കുവൈറ്റ് സിറ്റി: ക്രിക്കറ്റ് കളിക്കാർക്ക് സ്കോളർഷിപ്പ് പ്രഖ്യാപനവുമായി കുവൈറ്റിലെ ക്രിക്കറ്റിന്റെ ഗവേണിംഗ് ബോഡിയും ഐ സി സിയിലെ അസോസിയേറ്റ് അംഗവുമായ കുവൈറ്റ് ക്രിക്കറ്റ്. കുവൈറ്റ് ക്രിക്കറ്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കുവൈറ്റിലുള്ള എല്ലാ ക്രിക്കറ്റ് കളിക്കാരും സ്കോളർഷിപ്പിന് അർഹരാണ്.
എം ഇ സി സ്റ്റഡി ഗ്രൂപ്പുമായി സഹകരിച്ചാണ് സ്കോളർഷിപ്പ് നൽകുന്നത്.
കുവൈറ്റ് ക്രിക്കറ്റും എം ഇ സി സ്റ്റഡി ഗ്രൂപ്പും ബുധനാഴ്ച വൈകുന്നേരം ഇക്കാര്യത്തിൽ ഒപ്പുവെച്ചു. സാൽമിയയിലുള്ള ഒളിംപിക്സ് കൗൺസിൽ ഓഫ് ഏഷ്യയുടെ ആസ്ഥാനത്താണ് ചടങ്ങ് നടന്നത്. എം ഇ സി സ്റ്റഡി ഗ്രൂപ്പ് സി ഇ ഒ മിസ്റ്റർ മുസ് മിർസ, കുവൈറ്റ് ക്രിക്കറ്റ് പ്രസിഡന്റ് ഹൈദർ ഫാർമാൻ എന്നിവരാണ് ഒപ്പുവെച്ചത്.
കുവൈറ്റ് ക്രിക്കറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുവൈറ്റിലെ എല്ലാ ക്രിക്കറ്റ് കളിക്കാർക്കും ഈ സ്കോളർഷിപ്പിന്റെ ഗുണഫലം ലഭിക്കുമെന്ന് കുവൈറ്റ് ക്രിക്കറ്റ് ഡയറക്ടർ ജനറൽ സാജിദ് അഷ്റഫ് പറഞ്ഞു.
ഐ സി സി ട്വിന്റി 20 റാങ്കിംഗിൽ ആഗോളതലത്തിലുള്ള 104 രാജ്യങ്ങളിൽ കുവൈറ്റ് ഇരുപത്തിയേഴാം സ്ഥാനത്താണ്. കുവൈറ്റിലെ വനിത ക്രിക്കറ്റ് ടീം ഇരുപത്തിയാറാം സ്ഥാനത്താണ്.
ജൂനിയർ ടീമിന്റെ ഏഷ്യാ കപ്പിന് ജി സി സി രാജ്യങ്ങളിൽ നിന്ന് യോഗ്യത നേടിയ ഒരേ ഒരു രാജ്യമാണ് കുവൈറ്റ്. അതേസമയം, കുവൈറ്റിൽ നടക്കുന്ന എല്ലാ കളികളും ലൈവ് സ്ട്രീം ചെയ്യാൻ കുവൈറ്റ് ക്രിക്കറ്റ് എത്രയും പെട്ടെന്ന് ഒരു ആപ്പ് ഓപ്പൺ ചെയ്യുമെന്ന് സജാദ് പറഞ്ഞു.
Kuwait Cricket announces scholarships for Cricket players