‘മമ്മുക്ക എന്ന മനുഷ്യന്റെ വില അന്നാണ് ഞാൻ ശരിക്കും അറിഞ്ഞത്’
എന്നാൽ പിന്നെ ഞാനും എഴുതും മമ്മുക്കയെ കുറിച്ച്..!
‘വേണ്ട വേണ്ട’ ന്ന് വിചാരിക്കുന്തോറും എല്ലാരുടേം പോസ്റ്റുകൾ വായിച്ച് ‘വേണം വേണം ‘എന്ന് തീരുമാനിച്ചുപോകുന്നു
മലയാളികളുടെ അഭിമാനമായ
മമ്മൂട്ടിയെ എന്നാണ് ആദ്യായി കണ്ടത്?
മമ്മുട്ടി സിനിമയിലൊക്കെ അഭിനയിച്ചുതുടങ്ങുന്ന കാലത്ത് tvm law കോളേജിന്റെ ഒരു പ്രോഗ്രാമിൽ ഒരിക്കൽ ഗസ്റ്റ് ആയി വന്നപ്പോൾ ഓഡിയൻസിന്റെ ഇടയിൽ ഞാനും അമ്മയും അനിയത്തിയും ഉണ്ടായിരുന്നു.. അന്ന് സ്റ്റാർടo ഒന്നുമായിട്ടില്ല മമ്മൂട്ടിക്ക്!
Adv. Babu എന്ന ഞങ്ങളുടെ ബന്ധുവിന്റെ ക്ഷണം സ്വീകരിച്ചാണ് അന്ന് ആ പ്രോഗ്മിന് ഞങ്ങൾ പോയത്.. രാജേഷ് ഖന്നയെ മാത്രം ഇഷ്ടപ്പെട്ടിരുന്ന എനിക്കന്ന് മമ്മുട്ടി ഒന്നും ഒരു കാര്യമായിരുന്നില്ല..!
വെളുത്ത ജുബ്ബ ഇട്ടു സ്റ്റൈൽ ആയി വന്ന മമ്മുട്ടി അന്ന് നന്നായി പ്രസംഗിച്ചു എന്നെനിക്കോർമ്മയുണ്ട്.
ഹാൾ നിറഞ്ഞുകവിഞ്ഞ ആളുകൾ പ്രസംഗം കഴിഞ്ഞപ്പോൾ കയ്യടിക്കുന്നുണ്ടായിരുന്നു.
പിന്നെ വർഷങ്ങൾ എത്രയോ കഴിഞ്ഞു. ഞാൻ എറണാകുളത്തെത്തുകയും മെഡിക്കൽ ട്രസ്റ്റിൽ ജോലിയാവുകയും ചെയ്തു..ഇപ്പോൾ ആശുപത്രിയിൽ ജോലിക്ക് കയറിയിട്ട് 30 വർഷമാകുന്നു
അതിനുശേഷം എത്ര പ്രാവശ്യം കണ്ടിട്ടുണ്ട് എന്ന് പറയാൻ പറ്റാത്ത അത്ര പ്രാവശ്യം മമ്മുക്കയെ കണ്ടിട്ടുണ്ട്.
ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പോലും ഒഫീഷ്യൽ കാര്യങ്ങൾക്കായി പോയി കണ്ടിട്ടുണ്ട്. അപ്പോളൊക്കെ ഏതു തിരക്കിനിടയിലും എനിക്കും മെഡിക്കൽ ട്രസ്റ്റിനും സമയം തന്നിട്ടുണ്ട്..!
പലരും ആശുപത്രിയിൽ വന്ന് അഡ്മിറ്റ് ആയപ്പോൾ കാണാൻ മമ്മുക്ക വന്നിട്ടുണ്ട്. അപ്പോളൊക്കെ ഞാൻ കൂടെയുണ്ടായിട്ടുണ്ട്. കൂടാതെ കുറച്ച് ഫങ്ക്ഷനുകൾക്ക് ഒരുമിച്ചുണ്ടായിട്ടുണ്ട്..!
പക്ഷെ അതുല്യ നടൻ എന്നതിലുപരി ഞാൻ മമ്മുക്കയെ ബഹുമാനിക്കുന്നതിനും സ്നേഹിക്കുന്നതിനും മറ്റൊരു പ്രധാന കാരണം കൂടിയുണ്ട്..
വർഷങ്ങൾക്കുമുമ്പ് മെഡിക്കൽ ട്രസ്റ്റിൽ ഒരു ചെറുപ്പക്കാരനെ വാഹനാപകടത്തെ തുടർന്നു അഡ്മിറ്റ് ചെയ്തു. കായംകുളത്തുകാരൻ ഒരു പയ്യൻ. അവിടെ ആദ്യം ഒരു ആശുപത്രിയിൽ ആയിരുന്നു.കാലു പഴുപ്പുകയറിയത്തിനെ തുടർന്നു മുറിക്കണമെന്ന് അവിടെയുള്ള ഡോക്ടർമാർ പറഞ്ഞിരുന്നു. അത് ഒഴിവാക്കാൻ പറ്റുമോ എന്നറിയാനാണ് ഇവിടെ എ ത്യത്.
അപകടം കഴിഞ്ഞു കുറച്ചു ദിവസങ്ങൾ ആയതുകൊണ്ടും പഴുപ്പു വല്ലാതെ കൂടിയത്‌കൊണ്ടും, ആംബുറ്റേറ്റ് ചെയ്തില്ലേൽ ജീവന് തന്നെ ഭീഷണി ആകും എന്നുള്ളത് കൊണ്ടും കാൽ മുറിക്കാതെ നിവൃത്തിയില്ല എന്ന ഇവിടെയും ഡോക്ടർ പറഞ്ഞു..
അപ്പോൾ തന്നെ വന്നിരുന്നെങ്കിൽ ചിലപ്പോൾ കാല് സേവ് ചെയ്യാൻ പറ്റിയേനെ എന്ന doctor പറഞ്ഞതും ആ ഇരുപതുകാരൻ അനിയന്ത്രിതമായി കരയാൻ തുടങ്ങി..
കൂടെനിക്കുന്ന അച്ഛനും കൂട്ടുകാരനും കരച്ചിൽ.. Doctor കാര്യങ്ങൾ പറഞ്ഞു പുറത്തുപോയി..
അപ്പോളാണ് ഞാൻ ആ മുറിയിൽ ചെന്നത്.. ആത്മബലമൊന്നും ഇത്തരം അവസരത്തിൽ ആര് വിചാരിച്ചാലും ആർക്കും കൊടുക്കാൻ പറ്റില്ല.
എന്നാലും കൂടെ ഒരു മനുഷ്യനുണ്ടാവുക ഇത്തരം സമയത്തു എന്നത് ഒരു ആവശ്യമാണെന്ന് നിരവധി അനുഭവം എന്നെ പഠിപ്പിച്ചിട്ടുണ്ട്..
ഞാൻ വിഷയം മാറ്റാൻ, വീടെവിടെ, എന്താ പഠിച്ചേ, എന്താ ജോലി,ഹോബിയെന്താ, പുസ്തകം വായിക്കുമോ,എന്നൊക്കെ ചോദിച്ചു കരച്ചിൽ സീൻ മാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു
അപ്പോൾ അച്ഛൻ പറഞ്ഞു “മോൻ ഇപ്പൊ പഠിക്കുന്നില്ല ഇപ്പൊ ജോലീല് എന്നെ സഹായിക്കുമായിരുന്നു . പിന്നെ അവനു സിനിമ കാണലാണ് ഇഷ്ടം..”
അപ്പോൾ ഞാൻ ചോദിച്ചു അവനോട് “എന്തു തരo സിനിമയാ ഇഷ്ടം” എന്ന്.
കരച്ചിലിനിടയിൽ അവൻ തന്നെ കൃത്യമായി ഉറക്കെ പറഞ്ഞു “എനിക്ക് മമ്മുട്ടി പടാണ് ഇഷ്ടം.”.
. “പിന്നെന്താ?”
“പിന്നേം പിന്നേം മമ്മുക്ക അഭിനയിച്ച പടം കാണും. “
അതോടെ അവന്റെ കരച്ചിൽ കഴിഞ്ഞു. മമ്മുട്ടിയുടെ ചിന്തകൾ തന്നെ അവന്റെ സങ്കടം വലിച്ചെടുത്തു എന്ന് തോന്നുന്നു.
മമ്മുട്ടിയുടെ ചില സിനിമയുടെ പേരൊക്കെ ചോദിച്ചുനോക്കി.ഞാൻ ഒന്ന് പറയുമ്പോൾ അവൻ 10 പേര് പറയും.
അവന്റെ ഹൃദയഭാരം കുറഞ്ഞു എന്നുതോന്നി തിരിച്ചുപോരാൻ തുടങ്ങുമ്പോൾ
പെട്ടെന്ന് അവൻ പറഞ്ഞു
“എനിക്ക് അപകടത്തിൽ ചത്താൽ മതിയായിരുന്നു എന്ന് പറയാൻ പറ്റാത്തത് മമ്മുക്കയേ കാണാൻ പറ്റാതെ മരിക്കേണ്ടി വരുമല്ലോ എന്നോർത്താണ്.”
ഒരു മനുഷ്യന്റെ ജീവനുമായി അഗാധമായി ബന്ധപ്പെട്ട ഒരു വാക്യമായി അത് വന്നെന്നെ തൊട്ടു. ഞാൻ മുറിക്കു പുറത്തു ഒരു നിമിഷം തരിച്ചു നിന്നുപോയി.
ഞാൻ ഫോൺ എടുത്തു മമ്മുക്കയുടെ സന്തത സഹചാരി ജോർജിനെ വിളിച്ചു. മമ്മുക്ക എവിടെയുണ്ട് എന്ന് ചോദിച്ചു.
ലൊക്കേഷനിലാണെന്നും വലിയ തിരക്കിലാണെന്നും ജോർജ് പറഞ്ഞു..
ഞാൻ ജോർജിനോട് ഈ ചെറുപ്പക്കാരന്റെ കാര്യം പറഞ്ഞു. കാലുമുറിക്കുന്നതിനു മുമ്പ് മമ്മുക്കക്ക് അവനോടൊന്നു സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ അവനു സന്തോഷമാവും എന്നെനിക്കു തോന്നിയെന്ന് പറഞ്ഞു..!
ജോർജ് നോക്കട്ടെ എന്ന് മാത്രം പറഞ്ഞു.
2 മിനിറ്റിനകം മമ്മുക്ക എന്നെ വിളിക്കുന്നു.. കാര്യം തിരക്കുന്നു.. ഞാൻ കാര്യം പറയുന്നു. ഫോൺ കൊടുക്കാൻ പറയുന്നു.
ഞാൻ മുറിയിൽ കയറി പറഞ്ഞു “എന്റെ ഫോണിൽ നിന്നെ പരിചയമുള്ള ആരോ വിളിക്കുന്നു”
ഞാൻ ഫോൺ കൊടുക്കുന്നു..
പിന്നെ നടന്നത് പറയാൻ എനിക്ക് വാക്കുകളില്ല. കരഞ്ഞുകൊണ്ട്,വേദനിച്ചു നിലവിളിച്ചു കിടന്നുകൊണ്ടിരുന്നവൻ, കണ്ണുതള്ളി കട്ടിലിൽ എണീറ്റിരിക്കുന്നു..” അയ്യോ… ഇക്ക…ഇക്ക… മമ്മൂക്ക… ” എന്നിങ്ങനെ അവൻ വിളിച്ചുകൊണ്ടേയിരിക്കുന്നു..
അവൻ കരയുന്നു അവൻ ചിരിക്കുന്നു. “എന്റെ ജീവിതത്തിൽ മുമ്പൊരിക്കലും വിചാരിച്ചിട്ടില്ല മമ്മുക്കയോട് സംസാരിക്കാൻ പറ്റുമെന്നു.. ഇനി എനിക്ക് ചത്താലും കുഴപ്പമില്ല “എന്നൊക്കെ അവൻ പറയുന്നുണ്ടായിരുന്നു.
കുറച്ചു കഴിഞ്ഞു ഫോൺ തിരികെ അവനെനിക്ക് തന്നു.അപ്പോൾ മമ്മുട്ടി എന്നോട് പറയുകയാണ്..”അവനെ നന്നായി നോക്കിക്കോണേ. അവനെന്തേലും ആവശ്യമുണ്ടെൽ എന്നോട് പറയണം..’
ഞാൻ thanks പറഞ്ഞു ഫോൺ വെച്ചു
ശബ്ദമായെത്തിയ മമ്മുക്ക, ഒരു മനുഷ്യനെ ചിരിച്ചുകൊണ്ട് ഓപ്പറേഷൻ തീയേറ്ററിൽ കാലു മുറിക്കാൻ പോകാൻ ശക്തനാക്കുന്നതെങ്ങനെ എന്ന് അന്ന് കാണിച്ചുതന്നു..
അത്തരമൊരു രംഗം അതിനു മുമ്പോ ശേഷമോ ഞാൻ കണ്ടിട്ടില്ല..
മിനിറ്റുകൾക്ക് വിലയുള്ള സൂപ്പർസ്റ്റാറുകളുടെ ജീവിതത്തിലെ നിമിഷങ്ങൾ ഇതുപോലെ മറ്റുള്ളവർക്കുവേണ്ടി ഉപയോഗിക്കുമ്പോൾ ആ നിമിഷങ്ങൾക്ക് മൂല്യം വീണ്ടും ഇരട്ടിക്കയാണ്..
മമ്മുക്ക എന്ന മനുഷ്യന്റെ വില അന്നാണ് ഞാൻ ശരിക്കും അറിഞ്ഞത്..
ആ പയ്യന്റെ പേര് എനിക്കിന്നോർമയില്ല. മറ്റൊന്നും അവനെക്കുറിച്ചിപ്പോൾ ഓർമയില്ല. പക്ഷെ മമ്മുക്കയോട് സംസാരിച്ചശേഷം ഉയർന്ന ആ ശിരസ്സ് എനിക്ക് നല്ല ഓർമയുണ്ട്.. അവനെവിടെങ്കിലുമിരുന്നു ഇത് വായിച്ചെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
നമ്മുടെ ജീവിതത്തിൽ നാം അറിയാതെ തന്നെ
തിരഞ്ഞെടുക്കപ്പെടുന്ന അപൂർവം ചിലർക്ക് നമ്മുടെ ജീവിതം മാറ്റിമറിക്കാനുള്ള സ്വാധീനമുണ്ടാവും..!
മമ്മൂട്ടിയെപോലെയുള്ള കലാകാരന്മാർക്കുള്ള അനുഗ്രഹങ്ങളാണ് ഇത്തരം കോടി മനസുകളിൽ അവർ അവരോധിക്കപ്പെട്ടിരിക്കുന്നു എന്നത്!
ഇനിയും മമ്മുക്കയെക്കുറിച്ചു പറയാനുണ്ട്.. അതെന്റെയും കൂടി ആറ്റിട്യൂട്ടിനെകുറിച്ചായിരിക്കും. അത് ഇനി ഒരവസരത്തിൽ പറയാം..!
ഇപ്പോൾ സ്നേഹത്തോടെ മമ്മുക്കക്ക് happy birthday ❤many many happy returns of the day ❤❤
thanuja bhattathiri writes about mammootty on his birthday
[…] ‘മമ്മുക്ക എന്ന മനുഷ്യന്റെ വില അന്നാണ… […]