ആഷിഖും പൃഥ്വിരാജും പിന്മാറിയാലും ‘വാരിയംകുന്നന്‍’ നടക്കും; നിര്‍മാതാക്കള്‍
സിനിമ നടക്കില്ലെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍
വാരിയംകുന്നത്ത് കുഞ്ഞഹ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമയില്‍ നിന്നും സംവിധായകന്‍ ആഷിഖ് അബുവും നായക കഥാപാത്രത്തെ അവതരിപ്പിക്കാനിരുന്ന പൃഥ്വിരാജും പിന്മാറിയാല്‍ സിനിമ നടക്കില്ലെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ആഷിഖും പൃഥ്വിരാജും പിന്മാറുന്നതോടെ പ്രോജക്റ്റ് നടക്കില്ല എന്ന രീതിയിലായിരുന്നു പുറത്തെത്തിയ റിപോര്‍ടുകള്‍. എന്നാല്‍ സിനിമ രണ്ട് ഭാഗങ്ങളായി പുറത്തെത്തുമെന്നും അണിയറപ്രവര്‍ത്തകരെയും അഭിനേതാക്കളെയും പിന്നീട് പ്രഖ്യാപിക്കുമെന്നും കോമ്ബസ് മൂവീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കോമ്പസ് മൂവീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം;
2020 ജൂണ്‍ മാസം 22ന് പ്രഖ്യാപിക്കപ്പെട്ട വാരിയംകുന്നന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളോടുള്ള കോമ്പസ് മൂവീസിന്‍റെ ഔദ്യോഗിക പ്രതികരണമാണ് ഇത്.
കോമ്ബസ് മൂവീസ് വാരിയംകുന്നന്‍ എന്ന സിനിമാപദ്ധതി ഏറ്റെടുത്തിട്ട് അഞ്ച് വര്‍ഷത്തോളമായി. വാരിയംകുന്നത്ത് കുഞ്ഞഹ് മദ് ഹാജി എന്ന വിപ്ലവകാരിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരു സിനിമ നിര്‍മിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഇത് മനസിലാക്കിത്തന്നെയാണ് ഈ പദ്ധതിക്ക് ഞങ്ങള്‍ തുടക്കം കുറിച്ചത്.
ബ്രിടീഷ് അധിനിവേശത്തിനും ജാതീയതയിലൂന്നിയ ജന്മിത്താധിപത്യത്തിനുമെതിരെ പോരാടി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വിപ്ലവത്തിന്‍റെ കഥയാണ് കുഞ്ഞഹ് മദ് ഹാജിയുടെ ചരിത്രം. അത് ചലച്ചിത്രമായി അവതരിപ്പിക്കുമ്ബോള്‍ രാഷ്ട്രീയ ഉത്തരവാദിത്തം പോലെതന്നെ പ്രസക്തമാണ് കലാപരമായ ചുമതലാബോധവും. ആ ഉറച്ച ബോധ്യത്തില്‍ തന്നെയാണ് ഈ പദ്ധതി അര്‍ഹിക്കുന്ന കലാമേന്മയോടെയും സാങ്കേതികത്തികവോടെയും തന്നെ സാക്ഷാത്കരിക്കപ്പെടണം എന്ന നിഷ്‍കര്‍ഷ ഞങ്ങള്‍ വച്ചുപുലര്‍ത്തിയത്. അതിനായി ഇന്ത്യയിലെ തന്നെ മികച്ച ടെക്നീഷ്യന്മാരുമായും ചലച്ചിത്രതാരങ്ങളുമായും ഈ പദ്ധതി വിവിധ ഘട്ടങ്ങളില്‍ ധാരണയായിട്ടുണ്ട്. അങ്ങനെ സാധ്യമായ ഒരു കൂട്ടുകെട്ടില്‍ നിന്നാണ് 2020 ജൂണ്‍ മാസം 22ന് ഈ സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം സംഭവിക്കുന്നത്.
തുടര്‍ന്ന് ചില നിര്‍ഭാഗ്യകരമായ സാചചര്യങ്ങളാല്‍, പ്രഖ്യാപിക്കപ്പെട്ട പ്രോജക്റ്റില്‍ നിന്നും ആശിഖ് അബുവിനും പൃഥ്വിരാജ് സുകുമാരനും മാറിനില്‍ക്കേണ്ടതായി വന്നു. എന്നാല്‍ ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ഊഹാപോഹങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ സിനിമയുടെ ഭാവിയെ സംബന്ധിച്ച ആശങ്കകളെ ദുരീകരിക്കാനാണ് ഈ കുറിപ്പ്.
കോമ്ബസ് മൂവീസ് വാരിയംകുന്നന്‍ എന്ന സിനിമ അതിന്‍റെ ഏറ്റവും മികച്ച കലാമികവോടെ തന്നെ ആഗോള സിനിമാലോകത്തേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനത്തിലാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും മലബാര്‍ വിപ്ലവത്തിന്‍റെയും ബൃഹത്തായ ചരിത്രം നീതിയുക്തമായും അതര്‍ഹിക്കുന്ന സൗന്ദര്യത്തോടെയും അവതരിപ്പിക്കുന്നതിനായി ഈ സിനിമ രണ്ട് ഭാഗങ്ങളായി പുറത്തിറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ആ ദിശയില്‍ വിപുലമായ പിന്നണി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സിനിമയുടെ അണിയറപ്രവര്‍ത്തകരെപ്പറ്റിയും നടീനടന്മാരെക്കുറിച്ചുമുള്ള പരിഷ്‍കരിച്ച വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.
സിക്കന്തര്‍
എം ഡി, കോമ്ബസ് മൂവീസ്
Producers say vaariyamkunann movie will happen even if Aashiq Abu and Prithviraj withdraw