വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് സൗദി അറേബ്യയിലെ സ്കൂളുകളിൽ വിലക്ക്
വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ സ്കൂളിൽ കൊണ്ടു വരാൻ നൽകിയ അനുമതിയാണ് ഇപ്പോൾ മന്ത്രാലയം പിൻവലിച്ചിരിക്കുന്നത്. | Saudi Arabia Education Ministry bans mobile phones in schools
റിയാദ്: സ്കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി സൗദി വിദ്യാഭ്യാസ മന്ത്രാലയം. സൗദി പ്രസ് ഏജൻസി അറിയിച്ചതാണ് ഇക്കാര്യം.
കോവിഡിനെ തുടർന്ന് ഒന്നര വർഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സ്കൂളുകൾ തുറന്നത്. ഈ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് സ്കൂളിൽ പ്രവേശിക്കാൻ തവക്കാൽന ആപ്പിലെ അവരുടെ ആരോഗ്യസ്ഥിതി അറിയുന്ന സൗകര്യത്തിനായി സ്മാർട്ഫോണുകൾ കൈയിൽ വെക്കാൻ മന്ത്രാലയം അനുമതി നൽകിയിരുന്നു.
എന്നാൽ, ഇത്തരത്തിൽ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ സ്കൂളിൽ കൊണ്ടു വരാൻ നൽകിയ അനുമതിയാണ് ഇപ്പോൾ മന്ത്രാലയം പിൻവലിച്ചിരിക്കുന്നത്. മൊബൈൽ ഫോണുകൾ കുട്ടികൾ ദുരുപയോഗം ചെയ്യുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതിനെ തുടർന്നാണ് സ്കൂളുകളിൽ മൊബൈൽ ഫോണുകൾ നിരോധിച്ചുള്ള നടപടികൾ.
ഫോൺ സ്കൂളിൽ കൊണ്ടുവന്നതിനു ശേഷം വിദ്യാർത്ഥികൾ ദുരുപയോഗം ചെയ്യുന്നത് മറ്റുള്ളവരുടെ സ്വകാര്യത ഹനിക്കപ്പെടാനും വിദ്യാർത്ഥികളുടെ ശ്രദ്ധ പഠനകാര്യത്തിൽ നിന്ന് മാറാനും സാധ്യതയുണ്ടെന്ന് മന്ത്രാലയം നിരീക്ഷിക്കുന്നു.
സ്കൂളുകളിൽ മൊബൈൽ ഫോൺ വിലക്കിയതോടെ തവൽക്കാന ആപ്പിലെ ആരോഗ്യസ്ഥിതിയുടെ പ്രിന്റഡ് കോപ്പി കൈയിൽ കരുതാനാണ് വിദ്യാർത്ഥികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
Saudi Arabia Education Ministry bans mobile phones in schools