സിനിമ നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു
രണ്ടാഴ്ച മുന്‍പാണ് നൗഷാദിന്റെ ഭാര്യ മരിച്ചത്
ചലച്ചിത്ര നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു. ടെലിവിഷന്‍ ചാനലുകളില്‍ പാചകവുമായി ബന്ധപ്പെട്ട പരിപാടികളില്‍ അവതാരകനായെത്തിയിരുന്നു.
രോഗബാധയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ ബിഗ് ഷെഫി’ന്റെ ഉടമയാണ്. രണ്ടാഴ്ച മുൻപായിരുന്നു നൗഷാദിന്റെ ഭാര്യയുടെ മരണം. പതിമൂന്ന് വയസുകാരിയായ ഒരു മകളുണ്ട്.
സ്കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമിച്ചായിരുന്നു ചലച്ചിത്ര നിർമാതാവെന്ന നിലയിലുള്ള തുടക്കം. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളും നിർമിച്ചു.
തിരുവല്ലയിൽ റസ്റ്ററന്റും കേറ്ററിങ് സർവീസും നടത്തിയിരുന്ന പിതാവിൽനിന്നാണ് നൗഷാദിന് പാചക താൽപര്യം പകർന്നുകിട്ടിയത്. കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടൽ മാനേജ്മെന്റ് പഠിച്ച നൗഷാദ് കേറ്ററിങ് ബിസിനസിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്തു.
നൗഷാദ് കേറ്ററിങ് വിദേശങ്ങളിലടക്കം പ്രശസ്തമായി. നൗഷാദ് ദ ബിഗ് ഷെഫ് എന്ന റസ്റ്ററന്റ് ശൃംഖലയും പ്രശസ്തമാണ്. ടെലിവിഷൻ പാചക പരിപാടികളിൽ അവതാരകനായിട്ടുണ്ട്.
Film producer chef Naushad died