India to Kuwait | ഇന്ത്യ-കുവൈത്ത് വിമാന സർവീസ് നാളെ മുതൽ

കുവൈത്തിലേക്ക് ഇന്ത്യയടക്കമുള്ള ആറു രാജ്യങ്ങളിൽനിന്ന് നേരിട്ട് വിമാനസർവീസ് ആരംഭിക്കാനുള്ള അനുമതി ചൊവ്വാഴ്ചയാണ് പ്രാബല്യത്തിലായത്

India to Kuwait | ഇന്ത്യ-കുവൈത്ത് വിമാന സർവീസ് നാളെ മുതൽ

India to Kuwait | ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാനസർവീസ് വ്യാഴാഴ്ച പുനരാരംഭിക്കും. രണ്ട് വിമാനങ്ങളാവും ഇന്ത്യയിൽനിന്ന് നേരിട്ട് സർവീസ് നടത്തുക. കുവൈത്തിലേക്ക് ഇന്ത്യയടക്കമുള്ള ആറു രാജ്യങ്ങളിൽനിന്ന് നേരിട്ട് വിമാനസർവീസ് ആരംഭിക്കാനുള്ള അനുമതി ചൊവ്വാഴ്ചയാണ് പ്രാബല്യത്തിലായത്. ഇതുസംബന്ധിച്ചുള്ള പുതിയ മാർഗനിർദേശങ്ങളും കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ടു. കുവൈത്തിന് അകത്തുനിന്നും പുറത്തുനിന്നും വാക്സിൻ എടുത്തവരെ വിവിധ വിഭാഗങ്ങളാക്കി തരംതിരിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

വാക്സിനേഷൻ പൂർത്തിയാക്കിയ സ്വദേശികളും സാധുവായ താമസരേഖയുള്ള വിദേശികളും വാക്സിനെടുത്ത പുതിയ വിസയിലുള്ളവരും 72 മണിക്കൂറിനുള്ളിലുള്ള കോവിഡ് ആർ.ടി.പി.സി.ആർ. ഫലം കരുതണം. ശ്ലോനിക് ആപ്പിൽ രജിസ്‌ട്രേഷൻ ഉണ്ടാവണം. ഇവർക്ക് ഏഴുദിവസത്തെ ഹോം ക്വാറന്റീനാണ്. മൂന്നുദിവസത്തിനുശേഷം കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെങ്കിൽ ക്വാറന്റീൻ അവസാനിപ്പിക്കാം.

വാക്സിനേഷൻ സ്വീകരിക്കാത്ത പ്രത്യേക ഇളവ് ലഭിച്ചവർ 72 മണിക്കൂറിനുള്ളിലുള്ള കോവിഡ് ആർ.ടി.പി.സി.ആർ. ഫലം കരുതുകയും ശ്ലോനിക് ആപ്പിൽ രജിസ്റ്റർചെയ്യുകയും വേണം. കൂടാതെ ഇവർക്ക് ഏഴുദിവസത്തെ ഹോട്ടൽ ക്വാറന്റീൻ, അതിനുശേഷം ഏഴുദിവസത്തെ ഹോം ക്വാറന്റീൻ എന്നിവ നിർബന്ധമാണ്.

കുവൈത്തിലെത്തി 24 മണിക്കൂറിനകം ആദ്യ പി.സി.ആർ പരിശോധന, ആറാംദിവസം രണ്ടാമത്തെ പി.സി.ആർ പരിശോധന എന്നിവ നടത്തണം. ഇവയുടെ ചെലവ് കുവൈത്തിൽ എത്തുന്നതിന് മുമ്പായി കുവൈത്ത് മുസാഫിർ ആപ്പ് വഴി അടയ്ക്കണം. അതേസമയം ഗാർഹികവിസയിൽ എത്തുന്നവർ ബിൽസലാമ ആപ്പിൽ രജിസ്റ്റർ ചെയ്യുകയും മറ്റു യാത്രാനിബന്ധനകൾ പൂർത്തിയാക്കുകയും ചെയ്യണം.

ഇന്ത്യയിൽനിന്ന് കുവൈത്തിലെത്തുന്നവർ അംഗീകൃത വാക്സിനുകളായ ഫൈസർ, ആസ്ട്രസെനക (കോവിഷീൽഡ്), മോഡേണ എന്നിവ രണ്ടുഡോസും ജോൺസൻ ആൻഡ് ജോൺസൺ ഒരു ഡോസും പൂർത്തിയാക്കിയിരിക്കണം. കുവൈത്ത് അംഗീകൃതമല്ലാത്ത സിനോഫാം, സ്പുട്‌നിക്, സിനോവാക് എന്നിവ സ്വീകരിച്ചവർ ഇതിനുപുറമേ കുവൈത്ത് അംഗീകൃത വാക്‌സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ ഒരു ഡോസെങ്കിലും സ്വീകരിക്കണം.

കുവൈത്തിൽനിന്ന് വാക്സിൻ സ്വീകരിച്ച് നാട്ടിലേക്ക് പോയവർ കുവൈത്ത് ഇമ്യൂൺ ആപ്പിലും മൊബൈൽ ഐ.ഡി. ആപ്പിലും സ്റ്റാറ്റസ് പച്ച നിറമായി കാണിക്കണം. വിദേശത്തുനിന്ന് വാക്സിൻ സ്വീകരിച്ചവർ പേപ്പർ രൂപത്തിലുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. ഇവയിൽ പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയ പേര്, സ്വീകരിച്ച വാക്‌സിന്റെ പേര്, തീയതികൾ, വാക്സിൻ സ്വീകരിച്ച സ്ഥലം, മുതലായ വിവരങ്ങൾ ഉണ്ടായിരിക്കണം.

ഇവ സ്കാൻ ചെയ്താൽ ഇതേ വിവരങ്ങൾ ലഭ്യമാവുന്ന ക്യൂ.ആർ. കോഡും സർട്ടിഫിക്കറ്റിൽ ഉണ്ടായിരിക്കണം. ക്യൂ.ആർ. കോഡ് റീഡ് ചെയ്യപ്പെടാത്ത സാഹചര്യം നേരിടുന്നവർ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുകയും ഇവയ്ക്ക് അംഗീകാരം നേടിയെടുക്കുകയും വേണം.

Direct flights from India to Kuwait will resume on Thursday

COMMENTS

Wordpress (0)
Disqus ( )